‘വംശീയത’ പുറത്തെ കള്ളക്കളി

ബുധന്‍, 17 ഒക്‌ടോബര്‍ 2007 (15:57 IST)
FILEFILE

ഫുട്ബോളിലും റഗ്ബിയിലും വാശിയേറിയ മത്സരങ്ങളില്‍ എതിരാളികള്‍ക്ക് മേല്‍ മാനസീക മുന്‍ തൂക്കം നേടാന്‍ കളിക്കാര്‍ പരസ്പരം ചീത്ത വിളിക്കുകയും കണ്ണുരുട്ടുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. ക്രിക്കറ്റിലും ഇങ്ങനെയൊക്കെ ചെയ്യാമെന്നു ഇംഗ്ലണ്ടിന്‍റെയും ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടേയും ബൌളര്‍മാര്‍ മുമ്പ് കാണിച്ചു തന്നിട്ടുമുണ്ട്. ഫുട്ബോളില്‍ ഇതു ചിലപ്പോള്‍ വംശീയ ആക്ഷേപത്തിലേക്കും നീങ്ങും.

ഇതു കളത്തിലെ കാര്യം. എന്നാല്‍ കളത്തിലെ ഈ വാശി ഇപ്പോള്‍ ഏറ്റെടുത്തുക്കുന്നത് കാണികളാണ്. ഫുട്ബോളോ ക്രിക്കറ്റോ റഗ്‌ബിയോ എന്ന വ്യത്യാസമില്ലാതെ എതിര്‍ ടീമിലെ കറുത്ത വംശജനെ വംശീയ ആക്ഷേപത്തിനു വിധേയമാക്കുന്നതാണ് പുതിയ പ്രവണത.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയ ഫ്യൂച്ചര്‍കപ്പ് ഏകദിന ക്രിക്കറ്റ് പരമ്പര എത്ര തന്നെ ആവേശം നിറഞ്ഞതാണെങ്കിലും അല്ലെങ്കിലും സൈമണ്‍സിനെ കളിയാക്കിയതിന്‍റെ പേരില്‍ വംശീയ വാദികള്‍ എന്ന ചീത്തപ്പേര് ഇന്ത്യന്‍ കാണികള്‍ക്കും വന്നു ചേര്‍ന്നു. വിദേശ സംസ്ക്കാരങ്ങള്‍ പകര്‍ത്തുന്നതെല്ലാം അനുകരിക്കാനും ആവര്‍ത്തിക്കാനും അവരായി തീരാനും കച്ചകെട്ടുന്ന ഇന്ത്യന്‍ കാണികള്‍ ഇക്കാര്യം അനുകരിച്ചില്ലെങ്കിലേ അത്‌ഭുതമുള്ളൂ.

സംഗതിയെ വംശീയമായോ അല്ലാതെയോ വീക്ഷിച്ചാലും ലോകത്തിലെ ഏറ്റവും മികച്ച കാണികളുടെ പട്ടികയില്‍ പെടുന്ന ഇന്ത്യന്‍ കാണികളും കായിക സംസ്ക്കാരത്തിന്‍റെ നാണം കെട്ട ഏര്‍പ്പാടിലേക്കു തിരിയുന്നത് ആശാവഹമായ കാര്യമല്ല. ഈ സത്യത്തില്‍ നിന്നു കൊണ്ട് തന്നെ പറഞ്ഞാലും ഓസ്‌ട്രേലിയയ്‌ക്കെതിരെ നടത്തിയത് വംശീയാക്ഷേപമാണോ?
FILEFILE


കളിയേക്കാള്‍ സമ്പന്നമായ കളത്തിലെ വെളിയിലെ പ്രകടനങ്ങളായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും കളിച്ച ഫ്യൂച്ചര്‍ കപ്പിന്‍റെ പ്രധാന സമ്പത്തില്‍ ഒന്ന്. പരമ്പരയ്‌ക്കു മുമ്പ് മുതല്‍ തുടങ്ങിയ ആവേശകരമായ വാചകമടിയുടെ ഭാഗമല്ലേ ഈ വംശീയാക്ഷേപം? പരമ്പര ജയിച്ചില്ലെങ്കിലും കളിക്കു മുമ്പെ എതിരാളികളെ മാനസീകമായി തളര്‍ത്തുന്ന ഓസീസിനു അതേ നാണയത്തിലല്ലേ ട്വന്‍റി ജേതാക്കളായെത്തിയ ഇന്ത്യ വാചകമടിയില്‍ തിരിച്ചടി നല്‍കിയത്?

ആദ്യ മത്സരത്തില്‍ സൈമണ്‍സിനു നേരിടേണ്ടി വന്നത് നിര്‍ഭാഗ്യവശാല്‍ ക്യാമറയില്‍ പതിഞ്ഞില്ല. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ഇരുപതിലധികം വരുന്ന കാണികളാണ് ഇതാവര്‍ത്തിച്ചത്. ഓസീസ് മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തി കാട്ടുകയും ചെയ്‌‌തു. എതിര്‍ രാജ്യങ്ങളുടെ മേല്‍ സ്വന്തം കാണികളെ അടക്കി നിര്‍ത്താന്‍ കഴിയാത്ത ഓസ്ട്രേലിയയ്‌ക്ക് വംശീയത എന്ന ‘ചീത്തക്കാര്യം’ വിളിച്ചു കൂവാന്‍ നാണമില്ലെ എന്നു ഒരു ക്രിക്കറ്റ് പ്രേമിക്കു തോന്നിയാല്‍ അത്‌ഭുതപ്പെടാനില്ല.

FILEFILE
ഇന്ത്യയില്‍ അനേകം തവണ പര്യടനം നടത്തിയ ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണര്‍ മാര്‍ക്ക് വോയുടെ പ്രസ്താവനയും ചേര്‍ത്തു വായിക്കണം. ഇതു വംശീയമായി സൈമണ്‍സാണ് ചിത്രീകരിക്കുന്നതെന്നും കുരങ്ങിനെ പോലെ കാണികളില്‍ ഒരാള്‍ വിസിലടിച്ചാല്‍ കുരങ്ങാകുമോ? എന്നുമായിരുന്നു മര്‍ക്ക് വോ ചോദിച്ചത്. അതിനുമപ്പുറം വിവാദ അമ്പയര്‍ ഡാര്‍ല്‍ ഹെയര്‍ ഇന്ത്യുടെ പാകിസ്ഥാന്‍റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തനിക്കെതിരെ വംശീയമായി തിരിഞ്ഞു എന്ന പരാമര്‍ശവും ശ്രദ്ധേയമാണ്.

ക്രിക്കറ്റ് ലോകത്ത് വംശീയത എന്ന പദത്തിനു പുതിയ മാനം നല്‍കിയത് ഓസ്ട്രേലിയന്‍, ഇംഗ്ലീഷ് കാണികളാണെന്നതില്‍ തര്‍ക്കമില്ല. 2005-06 പരമ്പരയില്‍ ഓസീസ് കാണികളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ നേരിട്ടതും 2006 ജനുവരിയില്‍ ശ്രീലങ്കന്‍ കളിക്കാര്‍ നേരിട്ടതുമായ വംശീയ പ്രശ്‌നങ്ങള്‍ ഓസ്ട്രേലിയ സൌകര്യ പൂര്‍വ്വം മറന്നു.

ചാമ്പ്യന്‍‌സ് ട്രോഫി ഫൈനലില്‍ സമ്മാനദാന ചടങ്ങിനിടയില്‍ ബി സി സി ഐ അദ്ധ്യക്ഷന്‍ ശരദ്പവാറിനെ തള്ളിയിട്ടതും ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ അപമര്യാദയായി പെരുമാറിയതുമെല്ലാം അവര്‍ക്ക് പ്രശ്‌നമേയല്ല. തങ്ങള്‍ തുടങ്ങി വച്ച കാര്യങ്ങള്‍ തന്നെ എതിര്‍ രാജ്യങ്ങളില്‍ നിന്നും നേരിടേണ്ടി വന്നപ്പോഴാണ് ഓസ്‌ട്രേലിയന്‍ ടീമിനു പ്രശ്‌നമായത്.

ഫുട്ബോള്‍ താരങ്ങള്‍ക്കു നേരിട്ടതുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യാക്കാരില്‍ നിന്നും സൈമണ്‍സിനു നേരിടേണ്ടി വന്നത് കാര്യമായ ഒരു കാര്യമല്ലെന്നു മനസ്സിലാകും. ‘മങ്കി ചാന്‍റ്’ എന്ന പേരില്‍ പ്രസിദ്ധമായ വംശീയവിദ്വേഷം പരക്കെ കേട്ടിരുന്നത് ഫുട്ബോള്‍ ലീഗുകളുമായി ബന്ധപ്പെട്ടായിരുന്നു. ലോക പ്രശസ്തരായ ആഫ്രിക്കന്‍ വംശജരായ കളിക്കാര്‍ക്കെല്ലാം ഇതനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

സ്പാനിഷ് ലീഗില്‍ രണ്ടു സീസണു മുമ്പ് റയല്‍ സറഗോസയ്‌ക്കെതിരെ കളിക്കുമ്പോള്‍ കാമറൂണ്‍ താരം സാമുവല്‍ എറ്റുവിന് ഒരു കൂട്ടം സറഗോസ ആരാധകരില്‍ നിന്നും ഈ അനുഭവമുണ്ടായി.

എന്നാല്‍ സീസണില്‍ 17 ഗോളടിച്ചു നില്‍ക്കുകയായിരുന്ന എറ്റു അതേ മത്സരത്തില്‍ രണ്ടു ഗോളടിച്ചാണ് പക വീട്ടിയത്. മാത്രമല്ല എതിരാളികളെ സൈഡ് ലൈനടുത്ത് വന്ന് കുരങ്ങു ചാട്ടം നടത്തി കളിയാക്കാനും മറന്നില്ല. റിട്ടേണ്‍ മാച്ചിലും ഇതാവര്‍ത്തിച്ചപ്പോള്‍ കളം വിടാനൊരുങ്ങിയ എറ്റുവിനെ തടഞ്ഞു നിര്‍ത്തിയത് പരിശീലകന്‍ റയ്ക്കാഡും സറഗോസയുടെ തന്നെ താരങ്ങളുമായിരുന്നു.

സമാന അനുഭവം ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലും ആവര്‍ത്തിച്ചു, ഇത്തവണ സൂപ്പര്‍ താരം തിയറി ഹെന്‍‌റിക്കായിരുന്നു നേരിടേണ്ടി വന്നത്. ആഴ്‌സണല്‍ ടീമിന്‍റെ ജീവനാഡിയായി തീര്‍ന്ന ഹെന്‍‌റിയും ടീമിനെ ജയിപ്പിച്ചെന്നു മാത്രമല്ല സീസണില്‍ കിരീടത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ലോക ഫുട്ബോളര്‍ പദവി ലഭിച്ച റൊണാള്‍ഡീഞ്ഞോയും സ്പാനിഷ് കാണികളില്‍ നിന്നും ആദ്യ കാലത്ത് ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്.
FILEFILE


പെനാല്‍റ്റിയിലെ മികച്ചവന്‍ എന്നു വിളിക്കുന്ന ഗോള്‍ കീപ്പര്‍ ദിദയ്‌ക്ക് വംശീയതയുടെ പേരില്‍ സ്വന്തം രാജ്യത്തു നിന്നു തന്നെ കയ്‌പ്പുനീര്‍ കുടിക്കേണ്ടി വന്നിരുന്നു. ഇതിനു പുറമേ ഇറ്റാലിയന്‍ സ്പാനിഷ് ലീഗില്‍ എത്രയോ താരങ്ങള്‍ക്ക് ഇതേ വിധി നേരിട്ടു കൊണ്ടിരിക്കുന്നു. സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡ് പ്രതിഭാ ധനനായ റൊണാള്‍ഡീഞ്ഞോയെ കൈയ്യൊഴിഞ്ഞു ബെക്കാമിനെ സ്വീകരിച്ചതും ഗ്ലാമരിന്‍റെ പരിവേഷം മുന്‍ നിര്‍ത്തിയായിരുന്നു.

കളത്തിനകത്തും വംശീയതയുടെ പേരില്‍ കളിക്കാര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 1990 ലോകകപ്പില്‍ തന്നെ വംശീയമായി ആക്ഷേപിച്ച ജര്‍മ്മന്‍ താരം റൂഡ് വോളറുടെ മുഖത്തു തുപ്പിയാണ് ഹോളണ്ട് കളിക്കാരനായിരുന്ന ഇപ്പോള്‍ ബാഴ്‌സിലോണയുടെ പരിശീലകന്‍ ഫ്രാങ്ക് റയ്‌ക്കാഡ് പ്രതികരിച്ചത്. ഹോളണ്ടിന്‍റെ തന്നെ ക്ലൈവര്‍ട്ട് ബല്‍ജിയം താരം സ്റ്റീനെ കൈമുട്ടിനിടിച്ചതും ഇതേ സംഭവത്തിനായിരുന്നു.

FILEFILE
ലോകഫുട്ബോളര്‍ പദവി സമ്പാദിച്ച പൊതുവേ ശാന്തനായ ലൈബീരിയയുടെ ജോര്‍ജ്ജ് വിയയും വംശീയതയുടെ പേരില്‍ കളിക്കളത്തിലെ കയ്യേറ്റക്കാരനായി. ഏറ്റവുമൊടുവില്‍ ജര്‍മ്മന്‍ ലോകകപ്പ് ഫൈനലില്‍ സ്വന്തം സഹോദരിയെ അപമാനിച്ച മറ്റരാസിയെ മഹാനായ ഫുട്ബോളര്‍ സിദാന്‍ ഹെഡ്ഡറിനു വിധേയനാക്കിയതും വംശീയതയുടെ ഭാഗമായി കരുതാം.

വംശീയവിദ്വേഷം സ്പോര്‍ട്‌സില്‍ ഒരിക്കലും അനുവദനീയമായ കാര്യമല്ല എന്നതില്‍ തര്‍ക്കമില്ല. മിടുക്കന്‍‌മാരായ കളിക്കാര്‍ സ്വന്തം ടീമിനെ പരാജയപ്പെടുത്തുന്നതു തടയാന്‍ ആ കളിക്കാരനെ മാനസീകമായി തകര്‍ക്കുന്ന കാണികളുടെ ഈ നശിച്ച ഏര്‍പ്പാട് കായിക രംഗത്തെ ഏറ്റവും ദുഷിച്ച നടപടികളില്‍ ഒന്നാണ്.

ഇതിനെതിരെ കാണിയെ വിലക്കുക വേദിക്കു മത്സരം അനുവദിക്കാതിരിക്കുക. വിദ്വേഷം നടത്തുന്ന ടീമിനു പിഴയിടുക എന്നത് ഒഴിച്ചാല്‍ മറ്റൊരു പരിഹാരവും ഒരു അസോസിയേഷനും ഒരു നടപടിയും സ്വീകരിക്കാനാകില്ല. സംഭവം ഇങ്ങനൊക്കെയാണെങ്കിലും ഇതിനെതിരെ ഫലപ്രദമായ ഒരു നടപടി ഉണ്ടാകുന്നതു വരെ കാണികള്‍ ഇതു തുടര്‍ന്നു പോകുക തന്നെ ചെയ്യും.

വാല്‍ കഷ്‌ണം: വരാന്‍ പോകുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടെങ്കില്‍ നോക്കിക്കൊള്ളാന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനോട് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞിരിക്കുകയാണ്. തങ്ങള്‍ ഒഴികെയുള്ളവരെല്ലാം കറുത്തവംശത്തില്‍ പെട്ടവര്‍ എന്നു കരുതുന്ന വെള്ളക്കാരന്‍റെ മനശാസ്ത്രത്തില്‍ ശ്രീശാന്തിനെതിരെയുള്ള ആക്രമണം( ടീമില്‍ ഉണ്ടായാല്‍) എത്തരത്തിലുള്ളതായിരിക്കുമെന്ന് ഓസീസ് നായകന്‍ വ്യക്തമാക്കിയിട്ടില്ല.
FILEFILE