സച്ചിന്‍ ഇരുപതിലേക്ക്

PROPRO
ഓസീസ് ഇതിഹാസ ബൌളര്‍ ഡെന്നീസ് ലിലിയോടും ബാറ്റിംഗ് പരിശീലകന്‍ രമാകാന്ത് അഛരേക്കറോടും ഇന്ത്യന്‍ ക്രിക്കറ്റ് എന്നും കടപ്പെട്ടിരിക്കും. സച്ചിന്‍ എന്ന താരത്തിന്‍റെ പേരില്‍. നവംബര്‍ 15 ന് ക്രിക്കറ്റില്‍ ഇരുപതിലേക്ക് കടക്കുന്ന സച്ചിന്‍ അര്‍പ്പണ ബോധത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും ഇന്ത്യന്‍ പ്രതീകമാണ്.

പ്രതിഭ മൂടി വയ്ക്കാനാകില്ല. എന്നാല്‍ അത് കണ്ടെത്താന്‍ ഒരാള്‍ വേണമെന്ന് മാത്രം. ഇതിനായി ദൈവം നിയോഗിച്ചത് ലിലിയേയും അഛരേക്കറിനെയും ആയിരുന്നു. ലോക ക്രിക്കറ്റില്‍ ഏറ്റവും റണ്‍ സമ്പാദ്യമെന്ന നേട്ടത്തിലേക്ക് സച്ചിനെ നയിച്ചത് ഇവരായിരുന്നു.

ക്രിക്കറ്റില്‍ അഭിനിവേശം തന്നെയുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബാറ്റിംഗിലേക്ക് തിരിച്ചു വിട്ടത് ഡെന്നീസ് ലിലിയാണെങ്കില്‍ ജീനിയസിന്‍റെ പ്രതിഭ തേച്ച് മിനുക്കിയത് അഛരേക്കറായിരുന്നു.

ഫാസ്റ്റ് ബൌളറാകാന്‍ മോഹിച്ച് എം ആര്‍ എഫ് പേസ് ഫൌണ്ടേഷനില്‍ എത്തിയ നരന്ത് പയ്യനെ ഡെന്നീസ് ലിലിക്ക് തീരെ പിടിച്ചില്ല. ബാറ്റിംഗില്‍ ശ്രദ്ധിക്കാനായിരുന്നു ഉപദേശിച്ചത്. അത് കുറിക്ക് കൊണ്ടു. പിന്നീടുണ്ടായത് ചരിത്രം.

ടെസ്റ്റിലും ഏകദിനത്തിലും മികച്ച സമ്പാദ്യമുള്ള സച്ചിന്‍ റണ്‍ കുബേരനാണ്. ടെസ്റ്റില്‍ 154 മത്സരങ്ങളില്‍ നിന്നായി 40 ശതകവും 51 അര്‍ദ്ധ ശതകവുമായി 12,273 റണ്‍സ്. 417 ഏകദിനത്തില്‍ നിന്നായി 16,361 റണ്‍സും ശേഖരത്തില്‍ ഉണ്ട്. ഇതില്‍ 42 ശതകവും 89 അര്‍ദ്ധ ശതകങ്ങളും പെടുന്നു.

PROPRO
ടെസ്റ്റില്‍ 248 നോട്ടൌട്ടും ഏകദിനത്തില്‍ 186 നോട്ടൌട്ടും മികച്ച സ്കോറായുള്ള സച്ചിന്‍ 42 ടെസ്റ്റ് വിക്കറ്റും 154 ഏകദിന വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 100, ഏകദിനത്തില്‍ 122 എന്നിങ്ങനെയാണ് ക്യാച്ചുകളുടെ എണ്ണം.

അണ്ടര്‍ 19 ടീമില്‍ കളിക്കാതെ നേരിട്ട് അന്താരാഷ്ട്ര ടീമിലേക്ക് എത്തിയ താരമാണ് സച്ചിന്‍. 1989 നവംബര്‍ 15 ന് കറാച്ചിയില്‍ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങുമ്പോള്‍ 16 വയസ്സായിരുന്നു പ്രായം.

ശ്രീകാന്തിന്‍റെ നായകത്വത്തിനു കീഴില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇറങ്ങിയ സച്ചിന്‍ 15 റണ്‍സ് എടുത്തപ്പോള്‍ വാഖര്‍ യുനീസിന്‍റെ പന്തില്‍ പുറത്തായി. ദിവസങ്ങള്‍ക്ക് അപ്പുറം ഫൈസലാ ബാദില്‍ ആദ്യ അര്‍ദ്ധ ശതകം തികച്ചാണ് മറുപടി പറഞ്ഞത്.

അടുത്ത ടൂറില്‍ 1990 ല്‍ ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യ സെഞ്ച്വറി നേടി. 1992 ല്‍ 19 വയസ്സുള്ളപ്പോള്‍ കൌണ്ടി ടീമായ യോര്‍ക്ക് ഷെയറില്‍ സച്ചിന്‍ കളിക്കാനെത്തി. സച്ചിനായിരുന്നു അവരുടെ കരാര്‍ ചെയ്യപ്പെട്ട ആദ്യ വിദേശ താരം. 16 കളികളില്‍ നിന്നും തെന്‍ഡുല്‍ക്കര്‍ അടിച്ചു കൂട്ടിയത് 1070 റണ്‍സാണ്.
PROPTI


ഒളിഞ്ഞും തെളിഞ്ഞും നിന്ന സച്ചിന്‍റെ കരിയര്‍ റെക്കോഡുകള്‍ രസകരമാണ്. അര്‍ദ്ധ ശതകങ്ങളുടെ കാര്യത്തില്‍ ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ ബോര്‍ഡറെ മറികടന്ന സച്ചിന്‍ ഓസ്ട്രെലിയയ്ക്കെതിരെ 10 സെഞ്ച്വറികള്‍ നേടി. സച്ചിനു 70 വര്‍ഷം മുമ്പ് ഇംഗ്ലീഷ് താരം ജാക്ക് ഹോബ്സിനു മാത്രമാണ് ഈ റെക്കോഡ് ഉള്ളത്.

1988 ഡിസംബര്‍ 11 ന് ഗുജറാത്തിനെതിരെ ആദ്യമായി ഫസ്റ്റ്ക്ലാസ്സ് മത്സരത്തില്‍ കളിച്ച സച്ചിന്‍ 100 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. അന്ന് പ്രായം 15 വയസ്സും 232 ദിവസവുമായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ 1998 ല്‍ ബ്രബോണില്‍ ഓസ്ട്രേലിയ്ക്കെതിരെ ശതകം ഡബിള്‍ സെഞ്ച്വറിയാക്കി മാറ്റാന്‍ സച്ചിനെ സഹായിച്ചത് ഈ നിശ്ചയ ദാര്‍ഡ്യമാണ്.

PROPRO
1991-92 നിടയിലാണ് സച്ചിന്‍ മഹാനായ ബാറ്റ്സ്മാനിലേക്ക് ഉയര്‍ന്നത്. മഹാന്‍‌മാരായ കളിക്കാരുടെ പോലും മുട്ടു വിറച്ചിട്ടുള്ള സിഡ്നിയില്‍ ആദ്യ മത്സരത്തില്‍ തന്നെ തെന്‍ഡുല്‍ക്കര്‍ അടിച്ചത് പുറത്താകാതെ 148 റണ്‍സ് ആയിരുന്നു. 1994-99 നിടയില്‍ സച്ചിന്‍ വിശ്വരൂപം കാട്ടി. വോണ്‍, മക്ഗ്രാത്ത്, യൂനിസ് തുടങ്ങി പ്രമുഖ ബൌളര്‍മാരെല്ലാം സച്ചിന്‍റെ ബാറ്റിലെ ചൂടറിഞ്ഞു.

താര സമ്പുഷ്ടവും പ്രതിഭാ സമ്പന്നവുമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ പിറക്കുകയും ഒടുങ്ങുകയും ചെയ്യുന്നത് ക്ഷണ നേരത്തിലാണ്. എന്നാല്‍ ക്രിക്കറ്റ് മതവും താരങ്ങള്‍ ദൈവവുമായ ഇന്ത്യയില്‍ ഒരാള്‍ കരിയറില്‍ 20 വര്‍ഷം തികയ്ക്കുന്നു എന്നത് തികച്ചും അത്ഭുതകരമായ കാര്യമാണ്.

മണിക്കൂറുകളോളം നെറ്റ്‌സില്‍ ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന സച്ചിന്‍ ഷോട്ടില്‍ പെര്‍ഫെക്ഷന്‍ കണ്ടെത്തുന്നതു വരെ പരിശീലനം നടത്തിയിരുന്നതായിട്ടാണ് കഥകള്‍. പ്രതിഭയോട് നീതികാട്ടാന്‍ ഒരു ലോകകപ്പ് റെക്കോഡില്‍ ഇല്ല എന്നതാണ് ഏക പോരായ്മ. അതിനായി അടുത്ത ലോകകപ്പ് വരെ സച്ചിന്‍ ടീമില്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.