ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിനെ സമീപകാലത്ത് ടെന്‍ഷനടിപ്പിക്കുന്ന പ്രധാന വിഷയം എന്തായിരിക്കും?സംശയം വേണ്ട സെഞ്ച്വറികള്‍ തന്നെ. ഓരോ പരമ്പരകളിലും 90 കളില്‍ പുറത്താകുന്നത് ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ശീലമാക്കുകയാണ്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഇപ്പോള്‍ ഓസ്ട്രേലിയ 12 മാസത്തിനകത്ത് ഏഴാം തവണയാണ് കയ്യെത്തും ദൂരത്ത് സച്ചിന് സെഞ്ച്വറി നഷ്ടമാകുന്നത്. കരിയറില്‍ പതിനേഴാം തവണയും. 42 സെഞ്ച്വറികള്‍ പേരിലുള്ള സച്ചിന്‍ അവസാന സെഞ്ച്വറി കണ്ടെത്തിയത് ഓസ്ട്രേലിയയ്‌ക്കെതിരെ ആദ്യ ഫൈനലില്‍ ആയിരുന്നു.
രണ്ടാമത്തെ ഫൈനലില്‍ 91 ല്‍ നില്‍ക്കേ ക്ലാര്‍ക്കിന്‍റെ പന്തില്‍ റിക്കി പോണ്ടിംഗിന്‍റെ കയ്യില്‍ എത്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഇന്നിംഗ്‌സിനു തിരശീല വീണത്. കഴിഞ്ഞ വര്‍ഷം മൂന്ന് തവണ സെഞ്ച്വറി കൈ വിട്ട സച്ചിന്‍ 90 കളില്‍ പുറത്താകുന്ന കാര്യത്തിലും റെക്കോഡ് നിലനിര്‍ത്തി. സച്ചിനു തൊട്ടു പിന്നില്‍ നില്‍ക്കുന്ന ഇന്ത്യാക്കാരന്‍ അസറാണ്.
ഏഴ് തവണ അസര്‍ 90 കളില്‍ പുറത്തായിട്ടുണ്ട്. അതിന്‍റെ പിന്നില്‍ ഗാംഗുലി ആറ് തവണ നില്‍ക്കുന്നു. ശ്രീകാന്ത് അഞ്ചു തവണയും ജഡേജയും ദ്രാവിദും നാലു തവണ വീതവും നൂറുകള്‍ക്ക് ഇപ്പുറം കളി പുറത്തായവരാണ്.
ടെസ്റ്റിലും സെഞ്ച്വറികള്‍ നഷ്ടമാക്കുന്നതില്‍ സച്ചിന്‍ മുന്നിലാണ് എഴു തവണ. എന്നാല്‍ ടെസ്റ്റില്‍ ഇക്കാര്യത്തില്‍ സച്ചിനു മുന്നില്‍ പത്തു തവണയുമായി ഇന്ത്യന്‍ ഇന്നിംഗ്‌സിലെ വന്‍ മതില്‍ ദ്രാവിഡുണ്ട്. ദ്രാവിഡിന്‍റെ പങ്കാളിയാകട്ടെ സ്റ്റീവ് വോയും. സച്ചിനു പിന്നില്‍ സുനില്‍ ഗവാസ്ക്കര്‍ അഞ്ചു തവണ പുറത്തായതിന്‍റെ പേരില്‍ നില്‍ക്കുന്നു.
പുറത്താകുന്നത് പോലെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ രംഗങ്ങളിലുമായി 107 ശതകങ്ങള്‍ സച്ചിന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്തായാലും സെഞ്ച്വറിക്കു മുന്നില്‍ പുറത്താകുന്നത് പരിഹരിക്കാന്‍ സച്ചിന്‍റെ പുത്രന്‍ അദ്ദേഹത്തിനു നല്‍കുന്ന ഉപദേശം 94 ല്‍ സിക്‍സറടിക്കാനാണ്. ഇത് സച്ചിന് പിന്തുടരാവുന്നതേയുള്ളൂ.