കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിക്കറ്റ് ചരിത്രത്തില്‍ മാടമ്പികളായി വിലസിയ ഓസ്ട്രേലിയയ്ക്ക് ഒട്ടും ആശ്വസിക്കാന്‍ വകയില്ലാത്ത ദിനങ്ങളാണ് കടന്നുപോയ വര്‍ഷത്തിലുള്ളത്. തുടര്‍ച്ചയായ വിജയങ്ങളുടെയും പരമ്പര വിജയങ്ങളുടെയുമെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്ന ഓസീസിന് മരണം ആസന്നമാണെന്ന് ഓസീസ് പത്രങ്ങള്‍ തന്നെപറയുന്നു.
ഗില്‍ക്രിസ്റ്റ്, മഗ്രാത്ത്, ഷെയ്ന്‍ വോണ്‍ എന്നിങ്ങനെ പ്രതിഭാ സമ്പന്നരായ ഒരു പിടി ക്രിക്കറ്റര്‍മാരെ നഷ്‌ടപ്പെട്ട ഓസീസിന് അവര്‍ക്ക് പകരം വയ്ക്കാന്‍ ആളെ കിട്ടാതായി എന്ന വസ്തുത ഉണ്ട്. എങ്കിലും തുടര്‍ച്ചയായ തോല്‍വികള്‍ ഓസീസ് ടീമിലെ അഭ്യന്തര പ്രശ്നങ്ങളെ മുഖം മൂടി മാറ്റി പുറത്ത് കൊണ്ടുവരുന്നു.
ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത ടെസ്റ്റ് കൂടി പരാജയപ്പെട്ടാല്‍ ഇത്രയും വര്‍ഷം കാത്ത് സൂക്ഷിച്ച ടെസ്റ്റ് ഒന്നാം നമ്പര്‍ പദവി ദക്ഷിണാഫ്രിക്കയ്ക്ക് വച്ച് കീഴടങ്ങേണ്ടി വരും. ഹെയ്ഡന്‍, സൈമണ്ട്സ് എന്നിവരുടെ ഫോമില്ലായ്മ ഓസീസിനെ കൂടുതല്‍ ദുര്‍ബലരാക്കി എന്ന് മാത്രമല്ല, ഐ പി എല്ലില്‍ മികച്ച ഫോമിലായിരുന്ന ഷോണ്‍ മാര്‍ഷിനെ പോലുള്ള യുവതാരങ്ങള്‍ക്ക് ടീമിലിടം നല്‍കാത്തത് വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
എന്തായാലും 2009 ഓസീസ് ക്രിക്കറ്റിന് മാറ്റങ്ങളുടെ കാലമാണെന്ന് പ്രതീക്ഷിക്കാം. ഫോമിലല്ലാത്ത മുതിര്‍ന്ന താരങ്ങള്‍ക്ക് പുറത്തേക്കുള്ള വഴി ഓസീസ് അധികാരികള്‍ കാണിക്കുമെന്നതിന് സംശയമില്ല. ഉഗ്രന്‍ ഫോമില്‍ തുടരുന്ന ദക്ഷിണാഫ്രിക്ക, ഇന്ത്യന്‍ ടീമുകളെ നേരിടുക എന്നതാണ് ഓസീസ് ടീമിന്‍റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.