ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങൊരുങ്ങി. കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ ഇത്തവണ ഇല്ലാതാക്കാന്‍ സംഘാടകര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. ഒന്നിനും കുറവില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. പക്ഷേ ഈ അവകാശപ്പെടലുകള്‍ക്കിടയില്‍ ഒരു ചോദ്യം പല്ലിളിച്ച് കാട്ടിയേക്കും. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കോച്ചായിരുന്ന റോബര്‍ട്ട് ആന്‍ഡ്രൂ വൂമറിന്റെ മരണം കൊലപാതകമോ? ആണെങ്കില്‍ ആരാണ് കൊലയാളി? ആത്മഹത്യയാണെങ്കില്‍ എന്തിന്?
വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പ് ടൂര്‍ണമെന്റിനിടയില്‍ 2007 മാര്‍ച്ച് 17നാണ് അമ്പത്തിയെട്ടാം വയസ്സില്‍ വൂമറിന്റെ അന്ത്യം സംഭവിച്ചത്. ജമൈക്കയിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വൂമര്‍ കിങ്സ്റണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് അന്തരിച്ചത്.
അയര്‍ലന്‍ഡുമായി പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പാക് ടീം പുറത്തായതിനെത്തുടര്‍ന്ന് ഏറെ മാനസിക സംഘര്‍ഷത്തിലായിരുന്നു ബോബ് വൂമര്‍. മത്സരം നടന്ന രാത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശേഷം റൂമിലേയ്ക്കു പോയതായിരുന്നു ബോബ് വൂമര്‍. ഞായറാഴ്ച ഏറെ പുലര്‍ന്നിട്ടും കാണാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളും ക്രിക്കറ്റ് അധികാരികളും അദ്ദേഹത്തിന്റെ റൂമിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ നിലത്തു കിടന്ന വൂമറെ കണ്ടത്.
മൂക്കില്‍ നിന്ന് ചോര വാര്‍ന്ന നിലയില്‍ നിലത്തു കിടന്ന വൂമര്‍ക്കു ചുറ്റും ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. രക്തസ്രാവം മൂലമായിരിക്കാം മരണമെന്നായിരുന്നു ആദ്യം ഔദ്യോഗികഭാഷ്യമുണ്ടായിരുന്നത്. പക്ഷേ പിന്നീട്, വൂമര്‍ ആത്മഹത്യ ചെയ്തതാണെന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ തോല്‍വിയെ തോല്‍വിയായി അംഗീകരിക്കുന്ന പ്രൊഫഷണലായിരുന്നു ബോബ് വൂമര്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
നൂതനപരിശീലന മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നതില്‍ എന്നും ശ്രദ്ധ കാട്ടിയിരുന്നാളാണ് വൂമര്‍. 1948 മെയ് 14 ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ച വൂമര്‍ എന്നും ക്രിക്കറ്റിനെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. 1975-ലാണ് വൂമര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ഇടംപിടിക്കുന്നത്. 1982ല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് ഗ്രഹാം ഗൂച്ച് നയിച്ച റിബല്‍ പര്യടന സംഘത്തില്‍ അംഗമായിരുന്ന വൂമര്‍ അക്രമണോത്സുഹത ഇഷ്ടപ്പെടുന്നയാളായിരുന്നു. ഒരു കളിയില്‍ തോറ്റാല്‍ രക്തസമ്മര്‍ദ്ദമോ ഹൃദയസ്തംഭനമോ വന്ന് മരിക്കാന്‍ മാത്രം ലോലഹൃദയനോ അനാരോഗ്യവാനോ ആയിരുന്നില്ല ബോബെന്നു സുഹൃത്തുക്കള്‍ പറയുന്നു.
സാധാരണ മരണമോ ആത്മഹത്യയോ അല്ലെങ്കില്‍ പിന്നെ എങ്ങനെ? സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ക്രിക്കറ്റിനോട് വിട പറഞ്ഞ ശേഷം പലരുടെയും ഉറക്കം കെടുത്തുന്ന വെളിപ്പെടുത്തലുകള്‍ നടത്താന്‍ വൂമര്‍ പദ്ധതിയിട്ടിരുന്നു. ഒരു പുസ്തകമെഴുതാനും വൂമര്‍ തീരുമാനിച്ചിരുന്നു. ഇത് പന്തയമാഫിയക്കെതിരെയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1990കളില്‍ ദക്ഷിണാഫ്രിക്കയുടെ കോച്ചായി പ്രവര്‍ത്തിക്കുന്ന കാലത്തു തന്നെ പന്തയമാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാതുവെപ്പുകാരെക്കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ 2005ല്‍ ഇന്ത്യയുടെ അന്വേഷണ സംഘത്തെ അദ്ദേഹം അറിയിച്ചിരുന്നു.
പാകിസ്ഥാനെയും പന്തയമാഫിയ പിടിമുറുക്കിയതായി വൂമറിന് അറിവ് ലഭിച്ചിരുന്നുവെന്ന് കരുതേണ്ടി വരും. ചില പാക് താരങ്ങളുമായി സ്വരചേര്‍ച്ചയിലല്ലാത്തതിനെ തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞയുടന്‍ കോച്ച് സ്ഥാനം രാജി വയ്ക്കാന്‍ വൂമര്‍ തീരുമാനിച്ചിരുന്നുവത്രേ. ഇത്തരം പശ്ചാത്തലമാണ് കൊലപാതകമാണ് എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ബോബ് വൂമര്‍ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊലപാതകമല്ലെന്നായിരുന്നു വൂമറിന്റെ മൃതദേഹം പരിശോധിച്ച കനേഡിയന്‍ വൈദ്യ വിദഗ്ദ്ധന്‍ മിഖായേല്‍ പൊളാനന്‍ പറഞ്ഞത്. മരണകാരണം അജ്ഞാതമെന്നായിരുന്നു പൊളാന്‍ അറിയിച്ചത്. വിദഗ്ദ്ധ പരിശോധനയില്‍ വൂമറുടെ ശരീരത്തില്‍ ഏതോ അന്യ വസ്തു കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വസ്തു എന്താണെന്ന് തിരിച്ചറിയാനായില്ല. വൂമറുടെ ശരീരത്തില്‍ വിഷപദാര്‍ത്ഥം ചെന്നിട്ടുണ്ട്. ഇതിന് ശരീരത്തിന്‍റെ ചലനങ്ങളെ ദുര്‍ബ്ബലമാക്കാനും കഴിഞ്ഞിരിക്കണം. വൂമറുടെ കഴുത്തിലെ എല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നില്ല. അതിനാല്‍ കൊലപാതകമല്ലെന്ന് ഉറപ്പിക്കാം എന്നാണ് പൊളാനന്‍ റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷേ കൊലപാതകമാണോ അല്ലയോ എന്ന് ആദ്യപോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നില്ല.
കൊലപാതകത്തിനും ആത്മഹത്യക്കും സാധാരണമരണത്തിനും ഇടയില്‍ നാളുകള്‍ കുറെ കഴിഞ്ഞതല്ലാതെ ഉത്തരം ഇന്നും ദുരൂഹം. വീണ്ടും ലോകകപ്പ് മാമാങ്കത്തിന് അരങ്ങുണരുമ്പോള്‍ മരണത്തിന്റെ ക്രീസില്‍ നിന്ന് വൂമര്‍ ചോദിച്ചേക്കും: ‘’എന്നെ കൊന്നതെന്തിന്?‘’