ബക്കനര്‍ ഇന്ത്യക്ക് ഇനി വെറുക്കപ്പെട്ടവന്‍

തിങ്കള്‍, 7 ജനുവരി 2008 (18:56 IST)
WDFILE
തെറ്റ് സംഭവിക്കുന്നത് മാനുഷികവും ക്ഷമിക്കുക്കയെന്നത് ദൈവികമാണെന്ന ഒരു ചൊല്ല് ഉണ്ട്. എന്നാല്‍, കായിക ഇനങ്ങളിലെ പിഴവ് ആരും ക്ഷമിക്കുകയില്ല. അവിടെ സംഭവിക്കുന്ന പിഴവുകള്‍ കോടികണക്കിന് ആരാധകരുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമാണ്തകര്‍ക്കുന്നത് . ഇതിനു പുറമെ വിജയത്തിനായി ശരീരവും മനസ്സും അര്‍പ്പിച്ച് പോരാടുന്ന ഒരു കൂട്ടം കളിക്കാരുടെ സ്വപ്‌നങ്ങളും.

സ്റ്റീവ് ബക്കനര്‍. ചിരിച്ചു കൊണ്ട് മാത്രമേ ഈ വെസ്റ്റ്-ഇന്‍ഡിസ് അമ്പയറെ കാണുവാന്‍ കഴിയുകയുള്ളൂ. അക്തറിന്‍റെ കൊലവിളി പോലത്തെ അപ്പീലുകള്‍ക്കും ഷോര്‍ട്ടില്‍ ഫീല്‍‌ഡ് ചെയ്യാറുള്ള രാഹുല്‍ ദ്രാവിഡിന്‍റെ മാന്യമായ അപ്പീലുകള്‍ക്കും ചിരിച്ചുകൊണ്ട് മറുപടികള്‍ നല്‍കാറുള്ള ഈ അമ്പയറെ ക്രിക്കറ്റ് ലോകം ഒരു പാട് സ്‌നേഹിച്ചിരുന്നു. തെറ്റുകള്‍ അദ്ദേഹത്തിനും പറ്റിയിരിക്കാം. എന്നാല്‍ മറ്റുള്ള അമ്പയര്‍മാരെ അപേക്ഷിച്ച് ക്രിക്കറ്റ് ലോകം ഈ അമ്പയറില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ചിരുന്നു.

തുടക്കക്കാരനൊന്നുമല്ല ബക്കനര്‍. മൊത്തം 119 ടെസ്റ്റുകളില്‍ അദ്ദേഹം അമ്പയറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ അമ്പയറായിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. 2007ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങളില്‍ ഈ ഗണിത ശാസ്‌ത്ര അദ്ധ്യാപകന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചപ്പോള്‍ അത് ഉണ്ടാക്കിയ കോലാഹലം തടുത്ത് നിറുത്തുവാന്‍ ആര്‍ക്കും കഴിയുന്നില്ല.

എല്‍ബിഡബ്യുവിന് കളിക്കാര്‍ അപ്പീല്‍ നടത്തിയാല്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കാറുള്ള അമ്പയറാണ്ബക്കനര്‍ . എന്നാല്‍ സിഡ്‌നി ടെസ്റ്റിലെ നാലാം ദിവസം കുംബ്ലെയുടെ എല്‍‌ബിഡബ്യു അപ്പീല്‍ അദ്ദേഹം നിരസിച്ചപ്പോള്‍ തകര്‍ന്നത് കുംബ്ലെയുടെ ഹാട്രിക് പ്രതീക്ഷയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ബക്കനര്‍ക്ക് എന്താണ് ഇത്ര ചതുര്‍ത്ഥിയെന്ന് ക്രിക്കറ്റ് ആരാധകര്‍ സംശയിച്ചാല്‍ അദ്ഭുതപ്പെടാനില്ല. 2003-2004 ലെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിച്ച മത്സരങ്ങളിലും ബക്കനര്‍ ഇന്ത്യക്കെതിരെ തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നു.


അതേസമയം 2005-2006ല്‍ ബക്കനര്‍ എടുത്ത 96% തീരുമാനങ്ങളും ശരിയായിരുന്നു. പക്ഷെ 2008 ല്‍ ഇന്ത്യയോടുള്ള വിവേചനം ബക്കനര്‍ ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആലോചിച്ചിട്ടുണ്ടാകും; ഫുട്ബോളിലെ റഫറി പണി ഉപേക്ഷിച്ച് ഇയാള്‍ ക്രിക്കറ്റ് അമ്പയറിങ്ങിലേക്ക് തിരിഞ്ഞത് ഇന്ത്യയെ കൊല്ലാനാണോ?’

എന്നാല്‍ ഐ‌സി‌സി മേലാളന്‍‌മാര്‍ക്ക് ബക്കനര്‍ പ്രിയപ്പെട്ടവനാണ്. അതുകൊണ്ടാണല്ലോ പെര്‍ത്തില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അദ്ദേഹം അമ്പയറായി തുടരുമെന്ന തീരുമാനമെടുത്തത്.

ഒരു കാര്യം ഉറപ്പാണ്. മൂന്നാം അമ്പയറിന്‍റെ സാന്നിദ്ധ്യം ക്രിക്കറ്റില്‍ തെറ്റുകള്‍ കുറക്കുന്നതിന് സഹായകരമായിട്ടുണ്ട്. എന്നാല്‍, മൂന്നാം അമ്പയര്‍ക്ക് തീരുമാനം എടുക്കുവാന്‍ വിടേണ്ടത് ഗ്രൌണ്ടില്‍ കളി നിയന്ത്രിക്കുന്ന അമ്പയര്‍മാരാണ്.

എന്നാല്‍, താന്‍ എടുക്കുന്ന തീരുമാനം പിഴവുകള്‍ക്ക് അതീതമാണെന്ന് അമ്പയര്‍മാര്‍ വിചാരിച്ചാല്‍ എന്തു ചെയ്യും. ഇതിനു പുറമെ തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടുള്ള എല്‍‌ബിഡബ്യു പോലുള്ള വിഷയങ്ങളില്‍ ഇടപെടുവാന്‍ മൂന്നാം അമ്പയര്‍ക്ക് അധികാരമില്ല.

വെബ്ദുനിയ വായിക്കുക