ധോനി യുഗത്തിന് ഒരു വയസ്

PROPRO
ഗ്രേഗ് ചാപ്പല്‍ യുഗം ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച കടുത്ത പരാജയങ്ങള്‍ മറന്ന് മഹേന്ദ്ര സിങ്ങ് ധോനിയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യ പുതിയ ഇതിഹാസം രചിച്ചിട്ട് സെപ്തംബര്‍ 24ന് ഒരു വര്‍ഷം തികയുന്നു. ദക്ഷിണാഫ്രിക്കയിലെ വാണടറേഴ്സ് സ്റ്റേഡിയത്തില്‍ കൃത്യം 365 ദിവസങ്ങള്‍ക്ക് മുന്‍പാണ് ധോനിയും കൂട്ടരും ട്വന്‍റി20 ലോകകപ്പ് കിരീടമുയര്‍ത്തി ആനന്ദ നൃത്തം ചവിട്ടിയത്.

ഫൈനലിലെ അവസാന ഓവറില്‍ നാല് പന്തുകളില്‍ നിന്ന് ആറ് റണ്‍സ് വിജയലക്‌ഷ്യവുമായി നിന്ന് പാകിസ്ഥാന്‍റെ വെടിക്കെട്ട് ബാറ്റ്സമാന്‍ മിസ്ബാ ഉള്‍ ഹഖിന് മുന്നിലേക്ക് യുവതാരം ജോഗിന്ദര്‍ ശര്‍മ്മ പന്തുമായി ഓടിയടുക്കുമ്പോള്‍ ഫൈനലുകളില്‍ തോല്‍‌ക്കുന്ന പതിവ് ഇന്ത്യ വീണ്ടും ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു എന്നായിരുന്നു ഭൂരിപക്ഷം ഇന്ത്യന്‍ ആരാധകരും കരുതിയത്.

എന്നാല്‍ മിസബയുടെ മനസ് വായിച്ചിട്ടെന്ന പോലെ ജോഗിന്ദര്‍ എറിഞ്ഞ പന്തില്‍ റിവേഴ്സ് സ്വീപ്പിനാണ് പാക് ബാറ്റ്സ്മാന്‍ ശ്രമിച്ചത്. ബാറ്റില്‍ കൊണ്ട് പന്ത് ആകശത്തേയ്ക്ക് ഉയര്‍ന്നതിന്‍റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ട് പ്രേക്ഷകര്‍ മറ്റൊരു സിക്സര്‍ പ്രതീക്ഷിച്ചു നില്‍കുമ്പോള്‍ പന്ത് സുരക്ഷിതമായി കൈയ്യിലൊതുക്കി വിജയാഹ്ലാദത്തോടെ മുന്നോട്ട് കുതിച്ച ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുയുഗ പിറവി കൂടി വിളിച്ചറിയിക്കുകയായിരുന്നു.

PROPRO
ഗ്രേഗ് ചാപ്പലിന്‍റെ പേരു കേട്ട ഓസ്ട്രേലിയന്‍ തന്ത്രങ്ങള്‍ ലോക കപ്പില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മഹേന്ദ്ര സിങ്ങ് ധോനിയെന്ന ഝാര്‍ഖണ്ഡുകാരന്‍ തന്‍റെ ഗ്രാമീണ ബുദ്ധിയും നേതൃപാടവും മാത്രം കൈമുതലാക്കി കാര്യമായ അന്തര്‍ദേശീയ മത്സര പരിചയം പോലുമില്ലാത്ത ഒരു കൂട്ടം യുവാക്കളിലൂടെ ഇന്ത്യയെ ട്വന്‍റി 20യിലെ പ്രഥമ ലോകചാമ്പ്യന്‍മാരാക്കുകയായിരുന്നു.

സ്ഥിരം പരിശീലകന്‍ പോലുമില്ലാതെ ട്വന്‍റി 20 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നഷ്ടപ്പെടാന്‍ ഏറെയൊന്നുമില്ലായിരുന്നു. സച്ചിനും ദ്രാവിഡും ഗാംഗുലിയും വിട്ടു നിന്ന ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി സുരക്ഷിതമാണെന്ന് വ്യക്തമാക്കുക എന്ന ദൌത്യം മാത്രമാണ് യുവ ഇന്ത്യയെ ക്രിക്കറ്റ് അധികൃതര്‍ ഏല്‍‌പ്പിച്ചത്.

എന്നാല്‍ അപ്രതീക്ഷിതമായി ഇന്ത്യന്‍ നായകനായി ഉയര്‍ത്തപ്പെട്ട മഹേന്ദ്ര സിങ്ങ് ധോനിക്കും സംഘത്തിനും ലക്‌ഷ്യങ്ങള്‍ വലുതായിരുന്നു. പരമാവധി ആസ്വദിച്ച് കളിക്കുക എന്ന വിജയമന്ത്രവുമായി ഇറങ്ങിയ ധോനിയും കുട്ടികളും ടൂര്‍ണമെന്‍റില്‍ ആകെ ഒരു പരാജയം മാത്രമാണ് വഴങ്ങിയത്. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക തുടങ്ങിയ കരുത്തന്‍‌മാര്‍ യുവ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ പാകിസ്ഥാന്‍ ഫൈനലില്‍ ഉള്‍പ്പടെ രണ്ട് വട്ടമാണ് ഇന്ത്യയോട് തോറ്റത്.

PROPRO
ഇര്‍ഫാന്‍ പത്താന്‍ ഗൌതം ഗംഭീര്‍ തുടങ്ങിയ താരങ്ങള്‍ തിരിച്ചു വരവ് നടത്തിയ ടൂര്‍ണമെന്‍റ് രോഹിത് ശര്‍മ്മ റോബിന്‍ ഉത്തപ്പ തുടങ്ങിയ താരപ്പിറവികളുടെയും വേദിയായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റുവേര്‍ട്ട് ബോര്‍ഡിനെ ഒരോവറില്‍ ആറ് തവണ സിക്സറടിച്ച യുവരാജ് സിങ്ങും, ടൂര്‍ണമെന്‍റില്‍ ഒരിക്കല്‍ പോലും പുറത്താകാതെ നിന്ന് രോഹിത് ശര്‍മ്മയും ഫൈനലില്‍ അവസാന ഓവറില്‍ പതറാതെ പന്തെറിഞ്ഞ ജോഗിന്ദര്‍ ശര്‍മ്മയും നിറവുള്ള ഓര്‍മ്മകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്.

ഓസ്ട്രേലിയക്ക് എതിരായ സെമി മത്സരത്തില്‍ നിര്‍ണായക നിമിഷങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയും ഫൈനലില്‍ മിസബയെ വീഴ്ത്തിയ ക്യാച്ച് എടുത്തും മലയാളി താരം ശ്രീശാന്ത് ചരിത്രനേട്ടത്തിന്‍റെ മറയ്ക്കാനാകാത്ത ഏടായി മാറുകയും ചെയ്തു.
PROPRO


ട്വന്‍റി20 വിജയത്തിലൂടെ പുതുജീവന്‍ നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് പിന്നീട് ഓസ്ട്രേലിയയിലും ശ്രീലങ്കയിലും നേടിയ പരമ്പര വിജയങ്ങളിലൂടെ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയും ചെയ്തു. ഇതിനിടയില്‍ മഹേന്ദ്ര സിങ്ങ് ധോനി ഇന്ത്യന്‍ ഏകദിന നായകനാകുകയും ട്വന്‍റി20 കീരീടം നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥിരം സാനിധ്യമായി മാറുകയും ചെയ്തു. അധികം വൈകാതെ തന്നെ ടെസ്റ്റ് ടീമിലും ഈ രൂപമാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.