തരിപ്പണമായ അഹങ്കാരം!

WDFILE
ക്രിക്കറ്റിലെ ഗോലിയാത്താണ് ഓസ്‌ട്രേലിയ. പ്രൊഫഷണല്‍ ക്രിക്കറ്റിന്‍റെ പ്രഭയില്‍ വിരാജിക്കുന്ന അവര്‍ക്ക് ചെറുതല്ലാത്ത രീതിയില്‍ അഹങ്കാരവുമുണ്ടായിരുന്നു. എന്നാല്‍, ചൊവ്വാഴ്‌ച ഇന്ത്യന്‍ ദാവീദുമാര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്‍റെ അഹങ്കാരമാകുന്ന ഗോലിയാത്തിനെ അരിഞ്ഞു വീഴ്‌ത്തി കംഗാരുക്കളുടെ മണ്ണില്‍ ത്രിരാഷ്‌ട്ര പരമ്പര കിരീടമുയര്‍ത്തി

യുവതുര്‍ക്കികള്‍ മലേഷ്യയില്‍ കിരീടമുയര്‍ത്തിയതിന്‍റെ മധുരം തീരുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സീനിയര്‍ ടീം ഓസ്‌ട്രേലിയയില്‍ കിരീടമുയര്‍ത്തി.

സൈമണ്ടസ്, ഹെയ്ഡന്‍ തുടങ്ങിയവര്‍ മാന്യന്‍‌മാരുടെ കളിക്ക് യോജിക്കാത്ത വിധത്തിലുള്ള സ്വഭാവ പ്രകടനങ്ങളാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ നടത്തിയത്. .

ഹെയ്ഡന്‍ ഹര്‍ഭജന്‍ സിംഗ് കളയാണെന്ന് ആരോപിച്ചു. ഇതിനു പുറമെ ഇഷാന്ത് ശര്‍മ്മയെ ബോക്‍സിങ്ങ് റിങ്ങില്‍ നേരിടുവാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ വല്ലാതെ ‘കൊഞ്ചിക്കുന്ന‘തു മൂലമാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇത്രയും വഷളാവാന്‍ കാരണമെന്നതില്‍ യാതൊരു സംശയവുമില്ല. ഭാജിയ്‌ക്കും ഇഷാന്ത് ശര്‍മ്മയ്‌ക്കും എതിരെ കത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ഹെയ്ഡന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വെറും താക്കീത് മാത്രമാണ് നല്‍കിയത്.

സിഡ്‌നി ടെസ്റ്റില്‍ സൈമണ്ടസ് ഉണ്ടാക്കിയ വഴക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീം പര്യടനം റദ്ദാക്കുവാന്‍ ആലോചിച്ചിരുന്നു. ഹോളിവുഡ് താരങ്ങള്‍ക്ക് തുല്യമായ പദവിയാണ് ഇന്ന് ക്രിക്കറ്റ് താരങ്ങള്‍ക്കുള്ളത്.

എല്ലായ്‌പ്പോഴും ക്രിക്കറ്റ് താരങ്ങള്‍ക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നു. സ്വാഭാവികമായും അവര്‍ ഇത് നിലനിറുത്തുവാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ചില്ലറെ ലൊട്ടുലൊടുക്ക് തന്ത്രങ്ങളാണ് സൈമണ്ടസും ഹെയ്ഡനും നടത്തിക്കൊണ്ടിരിക്കുന്നത്. അക്രം ,ലാറ, വാല്‍‌ഷ് തുടങ്ങിയവര്‍ തങ്ങളുടെ സ്വഭാവമഹിമകൊണ്ടും കളി കൊണ്ടും ക്രിക്കറ്റില്‍ സുഗന്ധം പടര്‍ത്തിയവരാണ്.

പ്രതിഭയുടെ കാര്യത്തില്‍ ഓസീസ് താരങ്ങള്‍ മുന്‍‌പന്തിയില്‍ തന്നെയാണ്. ഇതില്‍ ആര്‍ക്കും സംശയവുമില്ല. എന്നാല്‍ ഇത്തരം പ്രകോപനങ്ങള്‍ നടത്തുമ്പോള്‍ ഇടിയുന്നത് സ്വന്തം മൂല്യമാണെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.

ബ്രെറ്റ് ലീ, ഗില്‍‌ക്രിസ്റ്റ് തുടങ്ങിയ ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്നവരാണ്. എന്നാല്‍, സൈമണ്ടസ്, ഹെയ്ഡന്‍ തുടങ്ങിയ താരങ്ങളുടെ പെരുമാറ്റം ക്രിക്കറ്റിന് ഒരിക്കലും മായ്‌ക്കുവാന്‍ കഴിയാത്ത കളങ്കമാണുണ്ടാക്കുന്നു.

ഫൈനലില്‍ പ്രകോപിപ്പിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് ധോനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫൈനലില്‍ യാതൊരു പ്രകോപനവും നടത്താതെ ഓസീസ് പത്തി താഴ്‌ത്തിയപ്പോള്‍ വിജയിച്ചത് മാന്യമായ ക്രിക്കറ്റാണ്.

വെബ്ദുനിയ വായിക്കുക