ക്രിക്കറ്റ് താരങ്ങള്‍ ഉല്‍പ്പന്നങ്ങളാകുമ്പോള്‍...

WDFILE
‘ഒരു ഉല്‍‌പ്പന്നത്തെയെന്ന പോലെ താരങ്ങളെ ലേലം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനാണ് അപമാനം‘; വി.ആര്‍. കൃഷ്‌ണയ്യര്‍.

കെറിപാക്കര്‍. മാന്യന്‍‌മാരുടെ കളിയുടെ വിപണന മൂല്യം കണ്ടെത്തിയത് ഈ ഓസ്‌ട്രേലിയന്‍ മാധ്യമ രാജാവാണ്. സമാധാനത്തിന്‍റെ വെള്ളയില്‍ നിന്ന് ഉത്തേജനം നല്‍കുന്ന കടും വര്‍ണ്ണങ്ങളിലേയ്‌ക്ക് അദ്ദേഹം ക്രിക്കറ്റിനെ പറിച്ചു നട്ടു.

കെറി പാക്കര്‍ സംഘടിപ്പിച്ച ലോക ക്രിക്കറ്റ് പരമ്പരയുടെ ഫലമായി ക്രിക്കറ്റ് താരങ്ങള്‍ക്ക് കനത്ത ശമ്പളം ലഭിക്കുവാന്‍ തുടങ്ങി. രാത്രിയില്‍ ഫ്ലൈഡ് ലൈറ്റിന് കീഴില്‍ വില്ലോയുടെ നാദം കേള്‍ക്കുവാന്‍ തുടങ്ങി. 50 ഓവര്‍ മത്സരത്തില്‍ നിന്ന് ക്രിക്കറ്റ് ഇന്ന് ട്വന്‍റി-20 മത്സരത്തില്‍ എത്തിയിരികുന്നു.

ഇതിനു പുറമെ ലോക ക്ലബ് ഫുട്ബോളില്‍ നിത്യ സാന്നിദ്ധ്യമായ ധന ലക്ഷ്‌മി ഇപ്പോള്‍ ക്രിക്കറ്റിന്‍റെ ലോകത്തിലേക്കും എത്തിയിരിക്കുന്നു. ക്രിക്കറ്റിന്‍റെ പണക്കൊഴുപ്പ് അങ്ങനെ പരിധികള്‍ വിട്ട് ഉയര്‍ന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സംഘടിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച തല ബിസിസിഐ അദ്ധ്യക്ഷന്‍ ലളിത് മോഡിയുടേതാണ്.

1996 ല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് ആഭ്യന്തര ക്രിക്കറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ ഇത് വേണ്ടെന്നു വച്ചു.

WDFILE
2007 ഏപ്രിലില്‍ സീ ഗ്രൂപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത് ബിസിസിഐയെ വാശി പിടിപ്പിച്ചു. അങ്ങനെ ഐ‌പി‌എല്‍ ജനിച്ചു.

പണത്തിന്‍റെ പെരുമഴയുടെ അകമ്പടിയോടെയാണ് ഐ‌പി‌എല്‍ എത്തിയിരിക്കുന്നത്. വിജയികള്‍ക്ക് 2 ദശലക്ഷം ഡോളറാണ് ബിസിസിഐ വച്ചു നീട്ടുന്നത്.

2007 ല്‍ ഐസിസി ലോകകപ്പില്‍ വിജയിച്ച ഓസീസിന് ലഭിച്ചത് 1 ദശലക്ഷം ഡോളര്‍ മാത്രം!. ട്വന്‍റി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് ലഭിച്ചത് അര ദശലക്ഷം ഡോളര്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ്‌ക്കെതിരെ ഓസീസ് താരങ്ങള്‍ കലാപക്കൊടി ഉയര്‍ത്തുവാനുള്ള കാ‍രണം വേറോന്നുമല്ലായിരുന്നു

111.6 ദശലക്ഷം മുടക്കിയാണ് മദ്യ രാജാവ് വിജയ്‌ മല്യ ബാംഗ്ലൂര്‍ ടീമിനെ സ്വന്തമാക്കിയത്. ടിപ്പുവിന്‍റെ വാള്‍ മോഹ വില കൊടുത്ത് സ്വന്തമാക്കുവാന്‍ പ്രകടിപ്പിച്ച മിടുക്ക് അദ്ദേഹം ഇവിടെയും കാണിച്ചു.

ഇന്ത്യന്‍ ഏകദിന നായകന്‍ ധോനിയെ കോടികള്‍ വാരിയെറിഞ്ഞ് ചെന്നൈ ടീം സ്വന്തമാക്കിയപ്പോള്‍ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു; ധോനിയുടെ ഏകാഗ്രത ഇത് തകര്‍ക്കുമോയെന്ന്?.

WDFILE
ധോനിയെ പോലുള്ള മിടുക്കന്‍‌മാര്‍ നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണ്. 2007 ലെ ഒരു ഔദ്യോഗിക കണക്കു പ്രകാരം 836 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ദിവസവും ലഭിക്കുന്നത് 20 രൂപയ്‌ക്ക് താഴെയാണ്.

മൊത്തം ആഭ്യന്തര ഉല്‍‌പ്പാദനത്തിന് ഇവരും സംഭാവന നല്‍കുന്നു. ഇതിലെ ഒരു പങ്ക് ധോനിയ്‌ക്കും സംഘത്തിന്‍റെ പരിശീലനത്തിനായി മാറ്റിവെയ്‌ക്കുന്നു

ഉറക്കമുളച്ച് ടിവി കടകളുടെ മുന്നില്‍ കീറിയ വസ്‌ത്രങ്ങള്‍ ധരിച്ചിരുന്ന് ഇവര്‍ നീലപ്പടയുടെ ഓരോ വിജയത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഭാജിയെ മൂന്നു ടെസ്റ്റുകളില്‍ വിലക്കരുതെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഇതു പോലെ തന്നെ യുദ്ധകെടുതികളില്‍ മറന്ന് ലങ്കയിലെ സിംഹളരും തമിഴ് വംശജരും അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നു, ചാവേര്‍ ആക്രമണങ്ങളും, കലാപവും വിതച്ച ദു:ഖങ്ങള്‍ പാകിസ്ഥാനികള്‍ അക്തര്‍ ബാറ്റ്സ്‌മാന്‍‌മാര്‍ക്ക് നേരെ പാശുപാസ്‌ത്രങ്ങള്‍ തൊടുക്കുമ്പോള്‍ മറക്കുന്നു... അവര്‍ക്ക് അപ്പോള്‍ ഒരു വിചാരമുണ്ടായിരുന്നു; ‘ഞങ്ങളുടെ സ്വന്തം ടീം‘. ഇനി നിശ്ചിത പരിധി വരെ ടീമംഗങ്ങളുടെ സ്വാതന്ത്ര്യം ഏതാനും മുതലാളിമാര്‍ക്കാണ്.

താജ്‌മഹല്‍, ഗംഗാ നദി, ചെങ്കോട്ട തുടങ്ങിയ ദേശീയ സ്വത്തുക്കള്‍ ലേലത്തില്‍ വെക്കുന്നതിന്‍റെ വൈരുദ്ധ്യം ഒന്നു ആലോചിച്ചു നോക്കൂ. ഇവയുടെ പേരില്‍ ഓഹരികള്‍ വില്‍‌ക്കുവാന്‍ അധികാരം നല്‍കിയാല്‍ എങ്ങനെയിരിക്കും?