കളി കാര്യമാകുമ്പോള്‍

PROPRO
ഇന്ത്യാക്കാരുടെ ദേശീയ വികാരമാണ് ക്രിക്കറ്റ്. കോടാനുകോടി ഇന്ത്യാക്കാര്‍ ദേശീയതയെന്ന വികാരത്തള്ളല്‍ അനുഭവിക്കുന്നത് എപ്പോഴാണ്? സംശയമില്ല. ക്രിക്കറ്റ് കാണുമ്പോള്‍. താരങ്ങളെ അന്ധമായി ആരാധിക്കുന്നവരാണ് നാം. അങ്ങനെ വന്നാല്‍ ക്രിക്കറ്റ് ഇന്ത്യയുടെ മതവും സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവവുമാകുന്നു. ഏകദിന ക്രിക്കറ്റ് തന്നെ ഭ്രാന്തമാകുന്ന അവസ്ഥയില്‍ ട്വന്‍റി 20 ലീഗ് കൂടിയെത്തുന്നതോടെ ഇന്ത്യയില്‍ ക്രിക്കറ്റ് കുറേക്കൂടി സജീവമാകും.

വെസ്റ്റിന്‍‌ഡീസ് ലോകകപ്പിലെ ദയനീയ പരാജയത്തോടെ ജനപ്രിയതയില്‍ പിന്നോക്കം പോയ ക്രിക്കറ്റിനെ തിരികെ എത്തിച്ചത് മഹേന്ദ്ര സിംഗ് ധോനിയുടെ യുവനിരയും ട്വന്‍റി20 ക്രിക്കറ്റും ചേര്‍ന്നായിരുന്നു. യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ക്ക് സമാനമായി ഇന്ത്യയില്‍ ക്രിക്കറ്റ് ലീഗുകള്‍ കൂടി വരികയാണ്. സീ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ഐ സി എല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ബി സി സി ഐയുടെ പ്രഥമ ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഏപ്രില്‍ മാസം ആരംഭിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ അംഗീകാരത്തില്‍ ബിസിസിഐയുടെ സ്വന്തം ക്രിക്കറ്റ് ലീഗായ പ്രീമിയര്‍ലീഗ് തുടങ്ങുന്നതോടെ കളി കാര്യമാകും. വിവിധ ക്രിക്കറ്റ് ലീഗുകള്‍ക്കായി ഐപിഎല്ലും ഐസിഎല്ലും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വാങ്ങിക്കൂട്ടുകയാണ്. കായിക ലോകത്ത് കോടികളുടെ ലേലം.

അംബാനിയും വിജയ് മല്യയും ഷാരൂഖ് ഖാനും പ്രീതി സിന്‍റയും ചേര്‍ന്ന് ഇന്ത്യയിലെ വിവിധ മേഖലകളെ സ്വന്തമാക്കി കഴിഞ്ഞു. ലോക ക്രിക്കറ്റിലെ പ്രധാന താരങ്ങളെയെല്ലാം അവര്‍ ലേലത്തില്‍ പിടിച്ചു. ഐ പി എല്ലും ഐസില്ലും കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ടെലിവിഷന് ക്രിക്കറ്റ് ഒഴിഞ്ഞ ഒരു നേരമുണ്ടാകില്ല.

ലോക ഫുട്ബോള്‍ സംഘടനയായ ഫിഫ കഴിഞ്ഞാല്‍ ഏറ്റവും ധനികമായ കായിക സംഘടനയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കുന്നത്. ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു കായിക വിനോദം മാത്രമല്ല. മാധ്യമങ്ങള്‍, കണ്‍സ്യൂമറിസം, ബിസിനസ്സ്, വാതു വയ്‌പ്പ് തുടങ്ങിയ ഒരു വന്‍ ശൃംഖലയുടെ ഭാഗമാണിത്. ക്രിക്കറ്റ് വളര്‍ച്ചയ്‌ക്ക് പിന്നില്‍ അതിന്‍റെ ‘മാധ്യമ ഫ്രണ്ട്‌‌ലി’ സ്വഭാവം ഒരു പ്രധാന ഘടകമാണ്. ജനങ്ങളെ പിടിച്ചിരുത്തി ഇത്രയധികം പരസ്യങ്ങള്‍ കാണിക്കാനുള്ള അവസരം മറ്റൊരു പരിപാടിയിലും ദൃശ്യമാധ്യമങ്ങള്‍ക്ക് ലഭിക്കുന്നില്ല. അതിനിടയിലാണ് ക്രിക്കറ്റിലേക്കുള്ള ബിസ്സിനസ് സാമ്രാട്ടുകളുടെയും സിനിമാ താരങ്ങളുടേയും കടന്ന് വരവ്.

ക്രിക്കറ്റിന്‍റെ വളര്‍ച്ച ഇന്ത്യന്‍ കായിക സംസ്ക്കാരത്തെ ദാരുണമായിട്ട് തട്ടിമറിച്ചു. മറ്റ് കായിക വിനോദങ്ങള്‍ക്കുണ്ടായ അപചയത്തെ ഇതില്‍ നിന്നും വേറിട്ടു കാണാനാകില്ല. എണ്‍പത് വര്‍ഷം നീണ്ട ഇന്ത്യന്‍ ഹോക്കിയുടെ ഒളിമ്പിക് ചരിത്രത്തിന് വേദനാജനകമായ തിരിച്ചടി കിട്ടിയത് മാര്‍ച്ച് പകുതിക്കായിരുന്നു.

ഫുട്ബോള്‍ പഴയ അവസ്ഥയില്‍ നിന്നും ഒരടി പോലും മുന്നോട്ട് പോയില്ല.എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും പണക്കൊഴുപ്പും മാധ്യമ പിന്തുണയുമില്ലാതെ ഒരു കായിക രംഗത്തിനും ജനപ്രിയമാകാന്‍ കഴിയില്ല എന്നത് ഇതില്‍ നിന്നും വ്യക്തം.

അല്ലെങ്കില്‍ തന്നെ ഏകദിന മത്സരങ്ങള്‍ പോലെയുള്ള ക്രിക്കറ്റ് രൂപം രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിനു പ്രയോജനകരം ആയേക്കാവുന്ന മണിക്കൂറുകള്‍ തന്നെ തിന്നുകയാണ്. മൊത്തത്തില്‍ ക്രിക്കറ്റ് ഒരു വികാരമാകാം.എന്നാല്‍ ആത്യന്തികമായി അതൊരു കായികരൂപമാണെന്നത് മറന്നുകൂടാ.

വെബ്ദുനിയ വായിക്കുക