ഓസീസ് വിജയത്തില്‍ ഇന്ത്യന്‍ രക്തക്കറ

PROPRO
വിവാദങ്ങളുടെ കുപ്രസിദ്ധിയില്‍ ഓര്‍മ്മിച്ചേക്കാവുന്ന ഒരു ക്രിക്കറ്റ് പരമ്പരയില്‍ മതിമറക്കുന്ന ഒരേയൊരു ടീം ഒരു പക്ഷേ ഓസ്ട്രേലിയ ആയിരിക്കും. ഇന്ത്യയെ 122 റണ്‍സിനു പരാജയപ്പെടുത്തിയ രണ്ടാം ടെസ്റ്റ് മത്സരത്തിലൂടെ ലോക റെക്കോഡിലേക്ക് ഉയരാനായെങ്കിലും അപരാജിതരായ അവരുടെ വെള്ളകുപ്പായത്തില്‍ അമ്പയര്‍മാരുടെ സഹായമെന്ന കറ പുരണ്ടെന്ന് വ്യക്തം. ഫലമോ ടെസ്റ്റ് ക്രിക്കറ്റിന്‍റെ വിശ്വാസ്യതയുടെ കളങ്കത്തിനു ഒരു ഉദാഹരണം കൂടിയായി.

നാലു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ഇന്ത്യയ്‌ക്ക് രണ്ടാം മത്സരത്തില്‍ ജയിച്ച് സമനില പിടിക്കണം. തുടര്‍ച്ചയായി 15 ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച ഓസ്ട്രേലിയയ്‌ക്കാകട്ടെ ഒരു മത്സരം ജയിച്ച് ലോകറെക്കോഡിന് ഒപ്പമെത്തണം. ഇരു ടീമിന്‍റെയും ഈ സ്വാര്‍ത്ഥതിയില്‍ വിജയിച്ചത് അമ്പയര്‍മാരും. കംഗാരുക്കളെ അകമഴിഞ്ഞ് പിന്തുണച്ച അമ്പയര്‍മാര്‍ ഓസ്ട്രേലിയയ്‌ക്ക് രണ്ടാം ടെസ്റ്റ് മത്സരം ഒപ്പിച്ചു കൊടുക്കുകയായിരുന്നു.

അഞ്ചു ദിനത്തിനകത്തുണ്ടായ സംഭവങ്ങളില്‍ ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡും കമന്‍റേറ്റര്‍മാരും ആരാധകരും ഇടപെട്ടതോടെ സംഗതി വന്‍ വിവാദമായി മാറി. പരമ്പരാഗത വൈരികളായ ഇന്ത്യാ പാകിസ്ഥാന്‍ മത്സരത്തിനു പോലും ലഭിക്കാത്ത ചൂടാണ് ഒസീസ്-ഇന്ത്യാ മത്സരത്തിന് കൈവന്നത്. വംശീയാധിക്ഷേപം മുതല്‍ അമ്പയറിംഗിലെ തീരുമാനങ്ങള്‍ വരെ കളിയെ സ്വാധീനിച്ചു. ഇന്ത്യയിലെങ്ങും ഓസ്ട്രേലിയയ്‌ക്കെതിരെ വന്‍ പ്രതിക്ഷേധമാണ് അരങ്ങേറുന്നത്.

കളിക്കു മുമ്പേ ഇരു ടീമിന്‍റെയും നായകന്‍‌മാര്‍ അല്പം വാചകമടിയോടെ തുടങ്ങുന്ന ആക്ഷേപം കളിക്കളത്തിലെയതോടെ കൂടുതല്‍ മോശമാകുന്ന അവസ്ഥയിലായി. ഇന്ത്യന്‍ കളിക്കാര്‍ എത്ര തവണ പുറത്താക്കിയാലും ഓസ്ട്രേലിയക്കാര്‍ പുറത്താകില്ല എന്ന സ്ഥിതിയും ഓസ്ട്രേലിയന്‍ ബൌളര്‍മാര്‍ പന്തെറിയുമ്പോള്‍ സംശയത്തിന്‍റെ ആനുകൂല്യം പോലും ഇന്ത്യാക്കാര്‍ക്ക് ലഭിക്കാതെയുമുള്ള അനുഭവമാണ് വികാരപരമായ ഇടപെടലിലേക്കു കലാശിച്ചത്.

ഒന്നാം ദിവസം ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിനെ ധോനി ക്യാച്ച് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. ഗാംഗുലിയുടെ പന്തില്‍ പോണ്ടിംഗിനെ ധോനി പിടി കൂടുമ്പോള്‍ വ്യക്തിഗത സ്കോര്‍ 17 റണ്‍സ്. എന്നാല്‍ അമ്പയര്‍മാര്‍ ജീവന്‍ നീട്ടിക്കൊടുത്തു. പോണ്ടിംഗ് 55 റണ്‍സും നേടി. അതേ ദിവസം തന്നെ തകര്‍ച്ചയിലായിരുന്ന ഓസീസിനു തുണയായ സൈമണ്‍സ് മൂന്നു തവണ ഔട്ടായ ശേഷമാണ് പുറത്തു പോയത്.

30 റണ്‍സില്‍ നില്‍ക്കുമ്പോല്‍ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ധോനിക്ക് ക്യാച്ച്, എല്ലാവരും കണ്ടെങ്കിലും ബക്‍നര്‍ മാത്രം കണ്ടില്ല. 48 ല്‍ നില്‍ക്കുമ്പോള്‍ സൈമണ്‍സ് കുംബ്ലേയുടെ പന്തില്‍ സ്റ്റം‌പിംഗിനിരയായി. ഇത്തവണയും സംശയത്തിന്‍റെ ആനുകൂല്യം ലഭിച്ചു. എന്നാല്‍ രണ്ടാം ദിവസം മൂന്നാംതവണ സ്റ്റമ്പിം‌ഗിനു ഫലമുണ്ടായി. എന്നാല്‍ 165 റണ്‍സ് നേടി ഇന്നിംഗ്‌സ് രക്ഷപെടുത്തിയിട്ടായിരുന്നു സൈമണ്‍സ് പോയത്. താന്‍ പുറത്തായതായിരുന്നെന്ന് സൈമണ്‍സ് പിന്നീട് ന്യായീകരിക്കുക കൂടി ചെയ്തതോടെ കാര്യം കൂടുതല്‍ വഷളായി.
PROPRO


അന്നു തന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ബ്രെറ്റ് ലീയുടെ നോബോള്‍ വസീം ജാഫറിനെ പുറത്താക്കി. അമ്പയര്‍മാര്‍ ഇത് കണ്ടുമില്ല. ഇതേ ദിവസങ്ങള്‍ പിന്നെ വിവാദമില്ലാതെ കടന്നു പോയെങ്കിലും ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് ദിനമായ നാലാം ദിവസമായിരുന്നു വീണ്ടും വിവാദങ്ങള്‍ ചൂടു പിടിച്ചത്. ഇന്ത്യയില്‍ വച്ചു തന്നെ വംശീയാക്ഷേപത്തിനു വിധേയനായ സൈമണ്‍സ് സ്പിന്നര്‍ ഹര്‍ഭജന്‍റെ ചീത്തയ്‌ക്ക് വിധേയനായി. സംഭവം ഓസ്ട്രേലിയ മാച്ച് റഫറിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ തലേ ദിവസം സ്പിന്നര്‍ ബ്രാഡ് ഹോഗിന്‍റെ ചീത്തവിളി മറക്കുകയും ചെയ്തു.

അഞ്ചാം ദിനമെത്തിയതോടെ ഇന്ത്യയുടെ സഹനത്തിന്‍റെ പരിധി വിട്ടു. സമനിലയില്‍ കലാശിക്കുമെന്നു കരുതിയ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍‌മാരുടെ ഇല്ലാത്ത മൂന്നു പുറത്താകലുകളാണ് സംശയത്തിന്‍റെ ആനുകൂല്യം ഉണ്ടായിട്ടും അമ്പയര്‍മാര്‍ കംഗാരുക്കള്‍ക്ക് നല്‍കിയത്. ഇതില്‍ ദ്രാവിഡും ഗാംഗുലിയും പുറത്തായത് കൂടുതല്‍ വിവാദമായി.

സൈമണ്‍സിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഗില്‍ ക്രിസ്റ്റ് പിടിച്ച് ഓപ്പണര്‍ രാഹുല്‍ ദ്രാവിഡ് പുറത്തായെന്ന് അമ്പയര്‍മാര്‍ വിധെച്ചെങ്കിലും സംഗതി ബാറ്റില്‍ പന്തു കൊണ്ടില്ലെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു. അതിനു പിന്നാലെ അര്‍ദ്ധ ശതകവുമായി ഇന്ത്യന്‍ ഇന്നിംഗ്‌സിനെ നയിക്കുകയായിരുന്ന സൌരവ് ഗാംഗുലിയുടെ പുറത്താകലായിരുന്നു സംശയാസ്പദമായത്. ഗാംഗുലിയെ പുറത്താക്കാന്‍ ക്ലാര്‍ക്ക് എടുത്ത ക്യാച്ച് നിലത്തു നിന്നും പിടിച്ചതാണെന്നാണ് വാദം.

ഇക്കാര്യത്തില്‍ ഓസ്ട്രേലിയന്‍ നായകന്‍റെ അഭിപ്രായം ചോദിച്ച ശേഷമായിരുന്നു അമ്പയര്‍ ബെന്‍സണ്‍ ഔട്ട് വിധിച്ചത്. വിവാദം ഇവിടെയും തീര്‍ന്നില്ല. കളി അവസാനിക്കാന്‍ രണ്ട് ഓവറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയുടെ അവസാന വിക്കറ്റായ ആര്‍പി സിംഗിനെതിരെ ക്ലാര്‍ക്കിന്‍റെ പന്തില്‍ എല്‍ ബി വിധിച്ചതും കുഴപ്പമായി. കളിയുടെ നിര്‍ണ്ണായക നിമിഷങ്ങളിലെല്ലാം അമ്പയര്‍മാര്‍ വരുത്തിയ അനേകം പിഴവുകള്‍ ഇന്ത്യയുടെ സാധ്യതകളെ തടഞ്ഞെന്ന് വ്യക്തം.

PROPRO
ഈ സംഭവങ്ങള്‍ക്കു ശേഷം തൊട്ടതും പിടിച്ചതുമെല്ലാം കുഴപ്പമാകുകയായിരുന്നു. ആദ്യത്തെ വിവാദങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏറ്റെടുത്തില്ലെങ്കിലും കളിയുടെ അവസാന ദിവസങ്ങളിലെ പിഴവുകളില്‍ പോലും ഓസ്ട്രേലിയന്‍ കളിക്കാര്‍ മാന്യത കാട്ടിയില്ലെന്നതാണ് വികാരത്തിന്‍റെ പ്രശ്‌നമാക്കി മാറ്റിയത്. ബി സി സി ഐയും ഇന്ത്യയുടെ മുതിര്‍ന്ന കളിക്കാരും ഇന്ത്യന്‍ കമന്‍റേറ്റര്‍മാരും സംഗതി ഏറ്റു പിടിച്ചു. ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലേയും തന്‍റെ ടീമിനു നീതി ലഭിച്ചില്ലെന്ന് വിലപിച്ചു.

ഇതിനു പുറമേ സുനില്‍ ഗവാസ്ക്കര്‍ ഉള്‍പ്പടെയുള്ള മുന്‍ താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നതോടെ ബി സി സി ഐയും ഉണര്‍ന്നു. അമ്പയറിംഗിനെതിരെ പരാതി പറഞ്ഞ ബി സി സി ഐ പരമ്പരയില്‍ നിന്നും പിന്‍‌മാറുമെന്ന് വരെ ഭീഷണീ മുഴക്കി. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് അമ്പയര്‍ ബക്നറെ അടുത്ത മത്സരത്തില്‍ നിന്നും ഐ സി സി ഹര്‍ഭജനെതിരെ എടുത്ത നടപടിക്ക് അപ്പീലു പോകാനും ബി സി സി ഐ തീരുമാനിച്ചിരിക്കുകയാണ്.

പണ്ട് ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ഒരു വികാരമായി നെഞ്ചിലേറ്റിയിരുന്ന ആ‍രാധകര്‍ ഇന്ത്യാ ഓസ്ട്രേലിയ മത്സരത്തെയാണ് ഇപ്പോള്‍ അതേ ലെവലില്‍ കാണുന്നത്. 2007 അവസാനം ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ കളിക്കാരില്‍ നിന്നും കാണികളില്‍ നിന്നും ഓസ്ട്രേലിയയ്‌ക്കും ഇത്രയുമില്ലെങ്കിലും ഇതിനു സമാനമായ ചില അനുഭവങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനു ഓസ്ട്രേലിയയില്‍ വരുമ്പോള്‍ കാണിക്കാമെന്നു മുഴക്കിയ ഭീഷണി ഓസ്ട്രേലിയ പാലിക്കുകയാണോ എന്ന് ഒരു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ആരാധകന്‍റെ സംശയവും ഇക്കാര്യത്തില്‍ ന്യായമാണ്. കൂട്ടത്തില്‍ ഓസ്ട്രേലിയയുമായി എപ്പോഴും ഉടക്കുന്ന ശ്രീശാന്തു കൂടി ഉണ്ടായിരുന്നാല്‍ സംഗതി കൂടുതല്‍ ജോറായേനെ എന്ന് ഇന്ത്യന്‍ ആരാധകനും ആശിക്കുന്നുണ്ടാകും.