ഐപി‌എല്‍: വിശ്വാസ്യത കടല്‍ കടന്നോ?

ചൊവ്വ, 24 മാര്‍ച്ച് 2009 (17:38 IST)
PTI
“സ്വയരക്ഷ” തേടി ഗതികിട്ടാപ്രേതമായി ഇന്ത്യയില്‍ അലഞ്ഞ ഐപി‌എല്‍ കടല്‍ കടന്നു. ഇനി ഐപി‌എല്‍ അക്കര കടത്തിയവനെ തേടിയുള്ള വിവാദങ്ങള്‍. എന്തിനും ഏതിനും ചെവികൊടുക്കാനും കൊട്ടിഘോഷിക്കാനും മാധ്യമങ്ങള്‍ ഉള്ളിടത്തോളം കാലം വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല. എന്നാല്‍, ഇതിനപ്പുറം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയില്‍ തുടക്കമിട്ട ഒരു ടൂര്‍ണ്ണമെന്‍റ് സുരക്ഷയുടെ പേരില്‍ വിദേശത്തേക്ക് മാറ്റേണ്ടിവരുമ്പോള്‍ കോട്ടംതട്ടുന്നത് ഇന്ത്യയുടെ വിശ്വാസ്യതയ്ക്കല്ലെ? ആരാണ് ഇതിന് ഉത്തരവാദി?

ഇനി മറ്റു ടൂര്‍ണ്ണമെന്‍റുകള്‍ക്ക് എന്ത് വിശ്വസിച്ച് വിദേശതാരങ്ങള്‍ ഇന്ത്യയില്‍ വരും? ഹൈദരാബാദില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റില്‍ നിന്ന് രണ്ട് താരങ്ങളെ ഇംഗ്ലണ്ട് പിന്‍‌വലിച്ചുകഴിഞ്ഞു. അടുത്തകൊല്ലം തലസ്ഥാനത്ത് നടക്കുന്ന കോമണ്‍-വെല്‍ത്ത് ഗെയിംസിന്‍റെ സുരക്ഷയിലും വിവിധ രാജ്യങ്ങള്‍ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

വിദേശതാരങ്ങള്‍ ഉള്‍പ്പെടെ നാലായിരത്തോളം അത്‌ലറ്റുകളാണ് കോമണ്‍‌വെല്‍ത്തില്‍ പങ്കെടുക്കുക. കേവലം 80 വിദേശതാരങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് തുറന്ന് സമ്മതിച്ച നമ്മള്‍ എങ്ങനെ ഇത്ര വലിയ ഒരു ജനക്കൂട്ടത്തിന് സംരക്ഷണം നല്‍കും?. അങ്ങനെ വരും നാളുകളില്‍ ഇന്ത്യ മറുപടി നല്‍കേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്.

രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലായ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് മറ്റ് പരിഹാരങ്ങള്‍ കണ്ടെത്താമായിരുന്നു എന്നതാണ് വാസ്തവം. സുരക്ഷയുടെ കാര്യത്തില്‍ ഒരു മേല്‍നോട്ടം മാത്രമായിരുന്നു കേന്ദ്രസര്‍ക്കാരിലൂടെ ഐപി‌എല്‍ നേതൃത്വം പ്രതീക്ഷിച്ചത്. താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മറ്റ് വഴികള്‍ അവര്‍ കണ്ടെത്തിയിരുന്നു.

PRO
കളിക്കാര്‍ക്കു സഞ്ചരിക്കാന്‍ 16 ബുള്ളറ്റ്‌ പ്രൂഫ്‌ ബസ്സുകള്‍, ആയുധ ശേഖരങ്ങള്‍ക്കായി എഴുപതോളം വാഹനങ്ങള്‍, ഇതിന് പുറമേ സുരക്ഷാ മേല്‍നോട്ടത്തിന്‌ ഒരു രാജ്യാന്തര സുരക്ഷാ ഏജന്‍സി തുടങ്ങി നിരവധി സംവിധാനങ്ങള്‍ക്ക് സംഘാടകര്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലൊന്നും വിശദമായ ഒരു ചര്‍ച്ചകള്‍ക്കും ആ‍ഭ്യന്തരമന്ത്രാ‍ലയം തുനിഞ്ഞില്ല.

ഐപി‌എല്‍ പോലൊരു ടൂര്‍ണ്ണമെന്‍റിനെ ഏറ്റുവാങ്ങാന്‍ വിദേശരാജ്യങ്ങള്‍ ഇരുകയ്യും നീട്ടികാത്തിരിക്കുമ്പോഴാണ് നിരുത്തരവാദപരമായ സമീപനമുണ്ടായത്. കഴിഞ്ഞ കൊല്ലത്തെ ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റില്‍ നിന്നും ആദായനികുതി വഴി മാത്രം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത് 91 കോടി രൂപയാണ്. ഇതിന് പുറമെയാണ് മറ്റ് വരുമാനവും.

സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ ആദ്യം തന്നെ അത് വ്യക്തമാക്കാമായിരുന്നു. ഇതിലും മാന്യമായി പ്രശ്നം തീരുമായിരുന്നു. അഭയം തേടി എത്തിയ ലളിത് മോഡിയെയും കൂട്ടരെയും മൂന്നാഴ്ച്ചയോളമാ‍ണ് ആഭ്യന്തരമന്ത്രാലയം നടത്തിച്ചത്. ആശയവിനിമയങ്ങള്‍ ഇത്രയും വികസിച്ച നാട്ടില്‍ കേന്ദ്രത്തിന്‍റെ ചോദ്യത്തിന് സംസ്ഥാനങ്ങളുടെ മറുപടിയെത്താന്‍ ഒരാഴ്ച്ചയിലധികം വൈകി എന്നതും വിരോധാഭാസമായി നിലനില്‍ക്കുന്നു.

മുംബൈ ആക്രമണത്തോടെ, വിഘടനവാദം സജീവമായ പാകിസ്ഥാനോട് ഇന്ത്യയെ ഉപമിക്കാന്‍ ലോകത്തിന്‍റെ ചില കോണുകളില്‍ നിന്ന് ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ടുള്ള ശാന്തതയിലൂടെ ഈ വാദം തെറ്റാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധിപ്പിക്കാന്‍ നമുക്കായി.

PRO
നവംബറിലെ ആക്രമണത്തിന് ശേഷം എന്തുകൊണ്ടാ‍ണ് ഇന്ത്യയില്‍ സ്ഫോടങ്ങള്‍ ഉണ്ടാകാഞ്ഞത്. ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീല്‍ രാജിവെച്ചതു കൊണ്ടോ? അതോ ചിദംബരം ആഭ്യന്തരമന്ത്രിയുടെ കുപ്പാ‍യമണിഞ്ഞതോ കൊണ്ടോ? ഇതൊന്നുമല്ല കാരണം. മറിച്ച് മുംബൈ ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്രയ്ക്ക് രൂക്ഷമായിരുന്നത് കൊണ്ട് മാത്രമാണ് അവര്‍ പിന്നോട്ട് മാറിയത്. ഇനി അടിച്ചാല്‍ തിരിച്ചടി കിട്ടിയേക്കുമെന്ന് അവര്‍ ഭയന്നു എന്നതാണ് സത്യം.

ഇപ്പോള്‍ ഐപി‌എല്‍ വിദേശത്തെക്ക് മാറ്റിയതിലൂടെ നാം അവരെ ഭയക്കുന്നു എന്നല്ലേ വ്യക്തമാക്കപ്പെടുന്നത്. അല്ലെങ്കില്‍ നമ്മുടെ രാ‍ജ്യത്തെ സുരക്ഷാസംവിധാനങ്ങള്‍ പരാജയമാണെന്ന കുമ്പസാരമാണോ ഇതിലൂടെ നടത്തിയത്?

എതായാലും ഒന്നുറപ്പാണ്, ഉത്തരവാദിത്വ വീഴ്ച്ചയെക്കുറിച്ച് പഴിചാരി നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയക്കളിയില്‍ ഈ ആശങ്ക ദൂരീകരിക്കാനാകില്ല. ഐപി‌എല്‍ വിഷയത്തില്‍ രാഷ്ട്രീയം ഉണ്ടോ എന്നതല്ല ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. മറിച്ച് ഇന്ത്യയില്‍ പിറവികൊണ്ട ഒരു ടൂര്‍ണ്ണമെന്‍റിനെ എന്തുകൊണ്ട് നമുക്ക് സംരക്ഷിക്കാനാകുന്നില്ല എന്നതാണ്. രാജ്യത്തിന്‍റെ വരുമാനമാര്‍ഗത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന വിനോദസഞ്ചാരമേഖലയെ പോലും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.