കെ യു ജനീഷ് കുമാർ എംഎൽഎ കോന്നി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയെ പറ്റി പഠിക്കാനും, മനസ്സിലാക്കാനും ജില്ലാ കളക്ടർ പി ബി നൂഹ്, എംഎൽഎ ഓഫീസിലെത്തി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് വീടുകള്‍ക്കുള്ളിലിരിക്കുന്ന ആളുകൾക്ക് ടെലഫോണിൽ ആവശ്യപ്പെട്ടാൽ നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങിയവ വോളന്റിയർമാർ മുഖേന വീടുകളിൽ എത്തിച്ചു നല്കുന്നതിന് എംഎൽഎ നടപ്പിലാക്കിയ പദ്ധതിയാണ് കൈത്താങ്ങ്. നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങൾ പുറത്തേക്ക് വരാതിരിക്കാൻ ഈ പദ്ധതി വളരെയധികം സഹായകമായി എന്ന വിലയിരുത്തലിനെ തുടർന്നാണ് പദ്ധതിയെ സംബന്ധിച്ച് മനസ്സിലാക്കാൻ കളക്ടർ എത്തിയത്.
കളക്ടർ എംഎൽഎ ഓഫീസിൽ എത്തിയപ്പോൾ, എംഎൽഎയും വോളൻറിയർമാരും ഭക്ഷണ സാധനങ്ങളുമായി ആവണിപ്പാറ പട്ടികവർഗ്ഗ കോളനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കോളനിയിൽ ഭക്ഷണ സാധനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പ്രദേശത്തെ പഞ്ചായത്തംഗം പി സിന്ധു, എംഎൽഎയുടെ ഹെൽപ്പ് ഡസ്കിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്നാണ് എംഎൽഎ ഭക്ഷണ കിറ്റുമായി വോളന്റിയർമാർക്കൊപ്പം പോകാൻ തയ്യാറായത്. വിവരം അറിഞ്ഞപ്പോൾ എംഎൽഎയ്ക്കൊപ്പം ആവണിപ്പാറയ്ക്ക് വരികയാണെന്ന് കളക്ടറും അറിയിച്ചു. തുടർന്ന് എംഎൽഎയും കളക്ടറും വോളന്റിയർമാരും ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കോന്നിയിൽ നിന്ന് ഭക്ഷ്യ സാധനങ്ങളുമായി ആവണിപ്പാറയ്ക്ക് തിരിച്ചു.
അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡായ ആവണിപ്പാറ വനത്തിനുളളിലെ ട്രൈബൽ സെറ്റിൽമെന്റാണ്. 37 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്. അച്ചൻകോവിൽ ആറ് കടന്ന് വനത്തിലൂടെ നടന്നു മാത്രമേ കോളനിയിൽ എത്താൻ കഴിയുകയുള്ളു.
എംഎൽഎയും കളക്ടറും ഉദ്യോഗസ്ഥരും വോളന്റിയർമാരും ഭക്ഷണ ചുമടുമായാണ് കോളനിയിലേക്ക് നടന്നത്. കോളനിയിലെ 37 വീടുകളിലും സംഘം ഭക്ഷണം എത്തിച്ചു. ചില വീടുകളിൽ കുട്ടികൾക്ക് പനി ബാധ ഉള്ളതായി പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ ടീമിനെ വരുത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നും വിതരണം ചെയ്തു.
ഭക്ഷണം ആവശ്യപ്പെട്ട് എംഎൽഎയുടെ ഹെൽപ്പ് ഡസ്കിലേക്ക് വിളിക്കുമ്പോൾ എംഎൽഎയും കളക്ടറും നേരിട്ടെത്തുമെന്ന് കരുതിയില്ലെന്ന് ഗ്രാമപ്പഞ്ചായത്തംഗം പി സിന്ധു പറഞ്ഞു. എന്താവശ്യത്തിനും വിളിക്കണമെന്നും, ഉടൻ തന്നെ സഹായം എത്തിക്കുമെന്നും കോളനിവാസികൾക്കും, ഗ്രാമ പഞ്ചായത്തംഗത്തിനും എംഎൽഎ ഉറപ്പു നല്കി. കോളനിയിലെ ചില വികസന പ്രശ്നങ്ങൾ കോളനി നിവാസികൾ സൂചിപ്പിച്ചു എങ്കിലും അത്തരം പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിച്ച ശേഷം കളക്ടറേയും കൂട്ടി എത്താമെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎയോടും കളക്ടറോടുമൊപ്പം എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, കോന്നി തഹസിൽദാർ ഇൻ ചാർജ്ജ് റോസ്‌ന ഹൈദ്രോസ്, ഗ്രാമ പഞ്ചായത്തംഗം പി സിന്ധു, വനം വകുപ്പ് ഉദ്യോഗസ്ഥർ, കൈത്താങ്ങ് പദ്ധതി വോളന്റിയർമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.