കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും പതിനായിരം ആകും; കടുത്ത നിയന്ത്രണങ്ങളിലേക്ക്

ബുധന്‍, 5 ജനുവരി 2022 (20:02 IST)
കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. രണ്ടാം തരംഗത്തിന്റെ പോലെ രോഗവ്യാപനം അതിതീവ്രമാകില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 
 
ജനുവരി ഒന്ന് ശനിയാഴ്ച കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 2,435 ആയിരുന്നു. പിന്നീട് എല്ലാ ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു. ജനുവരി അഞ്ച് ബുധനാഴ്ചയിലേക്ക് എത്തിയപ്പോള്‍ രോഗികളുടെ എണ്ണം 4,801 ലേക്ക് എത്തി. ടിപിആറും ഉയരുകയാണ്. ഈ നിലയില്‍ കോവിഡ് കര്‍വ് ഉയര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുമെന്നാണ് സൂചന. 
 
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പും സര്‍ക്കാരും ആലോചിക്കുന്നത്. വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേരളവും പരിഗണിക്കുന്നു. തമിഴ്നാട്ടില്‍ ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ തമിഴ്നാട്ടിനേക്കാള്‍ കൂടുതലാണ് കേരളത്തിലെ കോവിഡ് വ്യാപനം. ഈ സാഹചര്യത്തിലാണ് കേരളവും ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഞായര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കടകളുടെ പ്രവര്‍ത്തന സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍