വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (16:51 IST)
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. തീരുമാനം നിരവധി പ്രവാസികള്‍ക്കു സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
 
പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഭാഗികമായി വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ആഭ്യന്തരമായി ലഭ്യമായ കോവിഡിന്റെ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാം. വിദേശത്ത് നിന്നും വരുന്നവരുടെ വാക്‌സിനേഷനായി പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമായിരിക്കും ലഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article