‘ഹിന്ദി ഒപ്പം’ കേരളത്തില്‍ മോഹന്‍ലാല്‍ വാങ്ങി; നല്‍കിയത് കോടികള്‍ !

Webdunia
ശനി, 29 ഒക്‌ടോബര്‍ 2016 (14:32 IST)
ജയരാമന്‍ എന്ന അന്ധനായ മനുഷ്യന്‍റെ പ്രതികാരകഥയായിരുന്നു മോഹന്‍ലാലിന്‍റെ മെഗാഹിറ്റ് ചിത്രം ‘ഒപ്പം’. ഹൃത്വിക് റോഷന്‍ നായകനാകുന്ന പുതിയ ഹിന്ദി ചിത്രം ‘കാബില്‍’ പറയുന്നതും സമാനമായ ഒരു കഥയാണ്. അതും ഒരു പ്രതികാര കഥ. ചിത്രത്തില്‍ നായകനായ ഹൃത്വിക്കും നായിക യാമി ഗൌതമും അന്ധരാണെന്ന് മാത്രം. സഞ്ജയ് ഗുപ്തയാണ് സംവിധാനം.
 
2017 ജനുവരി 26നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കാബിലിന്‍റെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാലിന്‍റെ വിതരണക്കമ്പനിയായ മാക്സ് ലാബ് സ്വന്തമാക്കി. കോടികള്‍ നല്‍കിയാണ് മോഹന്‍ലാല്‍ വിതരണാവകാശം വാങ്ങിയിരിക്കുന്നത്.
 
ഒപ്പം സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ സമാനമായ റിവഞ്ച് ത്രില്ലറായ കാബിലും വിജയിപ്പിക്കുമെന്നാണ് മോഹന്‍ലാലിന്‍റെ പ്രതീക്ഷ. 
 
ഇതിന് മുമ്പ് രജനികാന്തിന്‍റെ കബാലിയാണ് മോഹന്‍ലാല്‍ കേരളത്തില്‍ വിതരണത്തിനെടുത്തത്. അന്ന് ഏഴരക്കോടി നല്‍കി വിതരണത്തിനെടുത്ത കബാലി കേരളത്തില്‍ നിന്ന് നേടിയത് 16 കോടിയാണ്. കബാലി കേരളത്തില്‍ 306 സെന്‍ററുകളിലാണ് മാക്സ് ലാബ് റിലീസ് ചെയ്തത്.
Next Article