ഒന്നരപ്പതിറ്റാണ്ടുമുമ്പ് മലയാളക്കരയെ കുലുക്കിവിറപ്പിച്ച വിജയമായിരുന്നു ‘നരസിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രം നേടിയത്. ആ സിനിമ ഉയര്‍ത്തിയ ആവേശം മലയാളികളില്‍ ഇപ്പോഴുമുണ്ട്. ആ ചിത്രത്തിലെ മോഹന്‍ലാല്‍ ഡയലോഗായ ‘പോ മോനേ ദിനേശാ’ യുടെ അത്രയും തരംഗമായ മറ്റൊരു ഡയലോഗില്ല.
പോ മോനേ ദിനേശാ ഇപ്പോള്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയിരിക്കുകയാണ്. ചെറിയൊരു മാറ്റമുണ്ടെന്ന് മാത്രം. പോ മോനേ ദിനേശാ എന്നതിന് പകരം ‘പോ മോനേ മോദീ’ എന്നാണ് ഇപ്പോള്‍ പ്രശസ്തമായിരിക്കുന്ന ഡയലോഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സൊമാലിയ’ പരാമര്‍ശത്തിനെതിരെ മലയാളികളുടെ പ്രതിഷേധത്തിന്‍റെ ഹാഷ്‌ടാഗായി പോ മോനേ മോദീ. ഇത് ബി ബി സിയില്‍ വരെ വാര്‍ത്താപ്രാധാന്യം നേടി.
‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗിന് ശേഷം സവാരിഗിരിയും ഇട്ടിക്കണ്ടപ്പനും പോലെ തുടര്‍ച്ചയായി നായകന്‍മാരുപയോഗിക്കുന്ന ഡയലോഗുകള്‍ പലത് രഞ്ജിത് എഴുതിയെങ്കിലും അവയൊന്നും ‘ദിനേശന്‍’ പോലെയായില്ല. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ സംസാരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ന് സാധാരണയായി ഉപയോഗിച്ചുവരുന്ന ഡയലോഗായി പോ മോനേ ദിനേശാ മാറിയിട്ടുണ്ട്.
കോഴിക്കോട് ഓഫീസേഴ്സ് ക്ലബില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന ഒരു ഡോക്ടര്‍ എല്ലാവരെയും ‘ദിനേശാ...’ എന്നായിരുന്നു വിളിച്ചിരുന്നത്. ദിനേശാ ചേര്‍ത്തുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളില്‍ നിന്നാണ് രഞ്ജിത്തിനും ഷാജി കൈലാസിനും ‘പോ മോനേ ദിനേശാ’ എന്ന ഡയലോഗ് ലഭിക്കുന്നത്.
എന്തായാലും ദിനേശാ ഡയലോഗ് ഇപ്പോള്‍ കേരളത്തിനെതിരായ ഒരു പരാമര്‍ശം വന്നപ്പോള്‍ പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധമായി മലയാളികള്‍ മാതൃകയാക്കിയപ്പോള്‍ രഞ്ജിത്തും ഷാജിയും മോഹന്‍ലാലുമൊക്കെ പഴയ നരസിംഹം കാലത്തേക്ക് മനസുകൊണ്ട് യാത്രചെയ്യുകയായിരിക്കും.