സ്ത്രീയും പുരുഷനും ഒരേപോലെയാണ്, സ്ത്രീ വിട്ടമ്മയാണെങ്കിൽ പുരുഷൻ വീട്ടച്ഛനാകണം: മമ്മൂട്ടി

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (13:29 IST)
സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായം ഉള്ളയാളല്ല താനെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. സ്ത്രീകളെല്ലാം വീട്ടുകാര്യങ്ങളും നോക്കി വീട്ടമ്മയായിട്ട് ഇരിക്കണം എന്ന് പറയുന്നത് ശരിയല്ല. സ്ത്രീകള്‍ സമൂഹത്തില്‍ പുരുഷനോളം തന്നെ പ്രാധാന്യമുള്ളവരാണെന്ന് താരം പറയുന്നു. ഫ്ളവേഴ്‌സ് ചാനലില്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി നടന്ന 'മമ്മൂക്ക ദ ഗ്രേറ്റ് ഫാദര്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. 
 
സത്യത്തില്‍ വീട്ടമ്മ എന്ന വാക്ക് പോലും ഞാന്‍ അംഗീകരിയ്ക്കുന്നില്ല. സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് എന്ന പോലെ സ്ത്രീകള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. സ്ത്രീ വീട്ടമ്മയാണെങ്കില്‍, പുരുഷന്‍ വീട്ടച്ഛനാകണം. വീട്ടമ്മ എന്ന വാക്ക് ഒരു പുരുഷമേധാവിത്വത്തിന്റേതാണ്. ഒരു കുടുംബത്തില്‍ ഭാര്യയ്ക്കുള്ള എല്ലാ ചുമതലയും ഭര്‍ത്താവിനുമുണ്ട്. കുട്ടികളെ സ്‌കൂള്‍ വിടുന്നതും വീട്ടുകാര്യങ്ങള്‍ നോക്കുന്നതുമെല്ലാം ഭാര്യമാരില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. പിന്നെ ഒരു സ്‌നേഹത്തിന്റെ പുറത്ത് രണ്ട് പേരും പരസ്പരം എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും. മമ്മൂക്ക പറ‌യുന്നു.
 
അമ്മയും ഭാര്യയുമല്ലാതെ ജീവിതത്തില്‍ മറ്റൊരു സ്ത്രീ തന്നെ സ്വാധീനിച്ചിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. അത്തരത്തില് ഒരാൾ എടുത്ത് പറയാന്‍ ഇല്ല എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ജോലിയില്‍ എന്നെ സഹായിക്കുന്ന സ്ത്രീ സഹപ്രവര്‍ത്തകരും പുരുഷ സഹപ്രവര്‍ത്തകരുമുണ്ട്. അത് സ്വാധീനമല്ല, സഹായമാണ്. അല്ലാതെ പ്രത്യേകിച്ചൊരാളെ ഓര്‍ക്കുന്നില്ല- മമ്മൂട്ടി പറഞ്ഞു.
Next Article