ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍, വൈശാഖിന്റെ സംവിധാനത്തില്‍, പുലിമുരുകനും മേലെ നില്ക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രം. അത് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ മാത്രം സ്വപ്നമല്ല, മോഹന്‍ലാലിന്റെ തന്നെ സ്വപ്നമാണ്. മോഹന്‍ലാലിന്റെ ഡേറ്റ് കാത്ത് മുപ്പതോളം പ്രൊജക്ടുകള്‍ നില്‍ക്കുന്നുണ്ട്. ഈ തിരക്കിനിടയിലും ഒരു വൈശാഖ് ചിത്രത്തിന് മോഹന്‍ലാല്‍ ഉടന്‍ തന്നെ സമയം കണ്ടെത്തുമെന്ന് സൂചന.
ഇതിനോടകം തന്നെ വൈശാഖ് ഒരു കഥ മോഹന്‍ലാലിനോട് പറയുകയും മോഹന്‍ലാലിന് അത് വളരെ ഇഷ്ടമാകുകയും ചെയ്തത്രേ. പുലിമുരുകന്റെ റിലീസിന് മുമ്പാണ് പുതിയ കഥ വൈശാഖ് മോഹന്‍ലാലിനോട് പറഞ്ഞത്. ആവേശത്തിലായ മോഹന്‍ലാല്‍ ഉടന്‍ തന്നെ ഈ പ്രൊജക്ട് സാധ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചതായും അറിയുന്നു.
പുലിമുരുകന് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായതോടെ മോഹന്‍ലാല്‍ - വൈശാഖ് - ഉദയ്കൃഷ്ണ ടീമിന്റെ പുതിയ പ്രൊജക്ടിന് മേലുള്ള പ്രതീക്ഷ റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തുടങ്ങാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം. ഷാജി തന്നെയായിരിക്കും ക്യാമറാമാനെന്നും അറിയുന്നു.