മമ്മൂട്ടി പ്രൊഫസര്‍, മോഹന്‍ലാല്‍ പ്രിന്‍സിപ്പല്‍ - ബോക്സോഫീസ് കിടുങ്ങിവിറയ്ക്കും!

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (20:38 IST)
മോഹന്‍ലാല്‍ കോളജ് പ്രിന്‍സിപ്പലാകുന്നു. മമ്മൂട്ടി പ്രൊഫസറും. അടിപൊളി അല്ലേ? മമ്മൂട്ടി - മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇതിലേറെ എന്തുവേണം? പ്രൊഫസറായി മമ്മൂക്കയും പ്രിന്‍സിപ്പലായി ലാലേട്ടനും അടിച്ചുപൊളിക്കുമ്പോള്‍ മെഗാഹിറ്റ് മാത്രമല്ലേ പ്രതീക്ഷിക്കാനാവൂ.
 
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രിന്‍സിപ്പലാകുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. ലാല്‍ജോസ് - മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നത് ബെന്നി പി നായരമ്പലം. അജയ് വാസുദേവ് - മമ്മൂട്ടി പ്രൊജക്ടിന് തിരക്കഥ സാക്ഷാല്‍ ഉദയ്കൃഷ്ണ.
 
ആശീര്‍വാദ് സിനിമയുടെ ബാനാറില്‍ ആന്റണി പെരുമ്പാവൂരാണ് മോഹന്‍‌ലാല്‍ - ലാല്‍ ജോസ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഒരു മുഴുനീള കോമഡി എന്റര്‍ടയിനര്‍ ആയിരിക്കും എന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. ഇതിനുമുന്‍പ് മോഹന്‍ലാല്‍ കോളജ് അധ്യാപകന്‍റെ റോള്‍ അവതരിപ്പിച്ചിട്ടുള്ളത് പ്രിയദര്‍ശന്റെ 'ചെപ്പ്', ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത 'വടക്കുംനാഥന്‍' എന്നീ ചിത്രങ്ങളിലാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ റോള്‍ ആണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന് നല്‍കിയിരിക്കുന്നത് എന്ന് ലാല്‍ ജോസ് മാധ്യമങ്ങളെ അറിയിച്ചു. 
 
അജയ് വാസുദേവ് - മമ്മൂട്ടിച്ചിത്രമാകട്ടെ ഒരു കോളജ് പ്രൊഫസറുടെ ചില സാഹസികതകളാണ് ചിത്രീകരിക്കുന്നത്. ഭയങ്കര ദേഷ്യക്കാരനും പെട്ടെന്നു പ്രതികരിക്കുന്നവനുമായ പ്രൊഫസറാണ് ഈ സിനിമയില്‍ മമ്മൂട്ടി.
Next Article