പുലിമുരുകനിലെ ഡാഡി ഗിരിജ എന്ന വില്ലന്‍ കഥാപാത്രത്തെ അടുത്തകാലത്തൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല എന്നുതോന്നുന്നു. എന്നാല്‍ ആ സിനിമയില്‍ ആദ്യം വില്ലന്‍ ഡാഡി ഗിരിജ ആയിരുന്നില്ല എന്നതറിയുമോ? ആദ്യം കഥയിലെ വില്ലന്‍ മറ്റൊരാളായിരുന്നു!
"ശരിക്കും ആദ്യത്തെ ആലോചനയില്‍ ഡാഡി ഗിരിജ ഉണ്ടായിരുന്നില്ല. രാമയ്യ എന്ന കാട്ടുകള്ളനുമായുള്ള മുരുകന്‍റെ ഏറ്റുമുട്ടലുകള്‍ എന്ന രീതിയില്‍ തിരക്കഥ വികസിപ്പിക്കുകയായിരുന്നു. അതായത്, കിഷോര്‍ സത്യ അവതരിപ്പിച്ച റെയ്ഞ്ചറുടെ കഥാപാത്രം മുരുകനെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ അയാള്‍ കാട്ടിനകത്തേക്ക് പലായനം ചെയ്യുന്നു. അവിടെവച്ച് അയാള്‍ക്ക് രാമയ്യയെ നേരിടേണ്ടിവരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നു ചിന്തകള്‍” - തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ വ്യക്തമാക്കുന്നു.
ഏത് സാഹചര്യത്തിലാണ് ഡാഡി ഗിരിജ പ്രധാന വില്ലനായി മാറുന്നത് എന്ന് അറിയാന്‍ വായനക്കാര്‍ക്ക് താല്‍പ്പര്യമുണ്ടോ? എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ടി അരുണ്‍കുമാര്‍ എഴുതിയ ‘പുലിമുരുകന്‍ - ബോക്സോഫീസിലൊരു ഗര്‍ജ്ജനം’ എന്ന പുസ്തകത്തില്‍ നിങ്ങള്‍ക്ക് വായിക്കാം. അതുമാത്രമല്ല, പുലിമുരുകനെക്കുറിച്ചുള്ള എന്ത് സംശയത്തിനും ഉത്തരമാണ് ആ പുസ്തകം. കറന്‍റ് ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തില്‍ കടുവയെ വരയന്‍ പുലി എന്നാണ് വിശേഷിപ്പിക്കുന്നത്. അത് യഥാര്‍ത്ഥ പുലിയെ ചിത്രീകരണത്തിന് ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ടാണോ? നമിത അവതരിപ്പിച്ച ജൂലി എന്ന കഥാപാത്രത്തിന് ഈ കഥയിലുള്ള പ്രാധാന്യമെന്ത്? - ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉദയ്കൃഷ്ണ മറുപടി നല്‍കുന്നുണ്ട്.
വ്യത്യസ്തമായ സ്വഭാവവിശേഷങ്ങളുള്ള ഒട്ടേറെ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് പുലിമുരുകന്‍. 150 കോടി ക്ലബില്‍ ഇടംനേടിയ ഒരു സിനിമയുടെ മേക്കിംഗും ഒരു സാധാരണ സിനിമയുടെ നിര്‍മ്മാണവും തമ്മിലുള്ള വ്യത്യാസമെന്താണെന്നും വലിയ വിജയം നേടേണ്ടുന്ന ഒരു സിനിമയിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് സൃഷ്ടിക്കുക എന്നും എന്താണതിന്‍റെ മാനദണ്ഡങ്ങളെന്നും ഈ പുസ്തകം വായിക്കുമ്പോള്‍ തെളിഞ്ഞുവരുന്നു. കിരീടത്തിലെ സേതു പെരുമാറേണ്ടതുപോലെയല്ല പുലിമുരുകന്‍ പെരുമാറേണ്ടത്. മൃഗയയിലെ വാറുണ്ണി പുലിയെ നേരിട്ടതുപോലെയല്ല പുലിമുരുകന്‍ പുലിയുമായി യുദ്ധം ചെയ്യേണ്ടത്. വലിയ ബിസിനസിന് വലിയ ക്യാന്‍വാസിലുള്ള നിര്‍മ്മാണ ശൈലി മാത്രമല്ല, കഥാപാത്ര രൂപീകരണവും ആവശ്യമായി വരുന്നു.
"പുലിമുരുകന്‍റെ വിജയം അതിന്‍റെ കൊമേഴ്സ്യല്‍ ട്രീറ്റ്മെന്‍റ് ആണ്. എല്ലാ വിഭാഗം പ്രേക്ഷകരും കണ്ടു എന്നതുകൊണ്ടാണ് അതൊരു വലിയ വിജയമായത്. അങ്ങനെയൊരു കൊമേഴ്സ്യല്‍ സിനിമയായിട്ടാണ് അത് ആലോചിച്ചതും നടപ്പിലാക്കിയതും. ഒരു ഘട്ടത്തിലും നമുക്കൊരു കണ്‍ഫ്യൂഷന്‍ അക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇതിന് സീരിയസ് ട്രീറ്റ്മെന്‍റ് കൊടുത്താല്‍ ഇത് വേറൊരു സിനിമയാകും. റിയലിസ്റ്റിക് ആക്കാന്‍ പറ്റും. പക്ഷേ അഡ്രസ് ചെയ്യുന്ന ഓഡിയന്‍ ഒക്കെ മാറും. അതൊരു സാധാരണ, വെറും സാധാരണ, എല്ലാവര്‍ക്കും മനസിലാക്കാന്‍ പറ്റുന്ന സിനിമയായിട്ട് ട്രീറ്റ് ചെയ്തതുകൊണ്ടാണ് അതിങ്ങനെയൊരു വിജയം ഉണ്ടാക്കിയത്. അത് നമ്മള്‍ മനഃപ്പൂര്‍വ്വം ചെയ്തതാണ്” - ഈ പുസ്തകത്തില്‍ അരുണ്‍കുമാറിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
ഒരു വലിയ വിജയം ആവശ്യമാണ് എന്ന് നേരത്തേ നിശ്ചയിച്ചുകൊണ്ട് ഒരു പ്രൊജക്ട് ഡിസൈന്‍ ചെയ്യുന്നത് മലയാളത്തില്‍ അപൂര്‍വ്വമാണ്. അത്തരമൊരു ആലോചന ഇതുവരെ ഉണ്ടായിരുന്നില്ല എന്നുപറയാം. ഓരോ സിനിമയ്ക്കും അതിന്‍റേതായ വിധിയെന്ന് വിശ്വസിക്കുകയായിരുന്നു നമ്മുടെ രീതി. എന്നാല്‍ ഷങ്കറും രാജമൌലിയുമൊക്കെ വലിയ വിജയവും വലിയ മാര്‍ക്കറ്റും ലക്‍ഷ്യമാക്കി സിനിമ ചെയ്യുന്നു. അത് ആദ്യമായി മലയാളത്തില്‍ പരീക്ഷിച്ചത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ വൈശാഖാണ്.
“ഞങ്ങള്‍ക്ക് മുമ്പില്‍ ചില റഫറന്‍സുകള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ദൃശ്യം എന്ന സിനിമയുടെ കളക്ഷന്‍, പ്രേമത്തിന്‍റെ കളക്ഷന്‍, അതോടൊപ്പം നമ്മള്‍ ചില കണക്കുകൂട്ടലുകളും നടത്തും. എത്രത്തോളം ജനങ്ങളാണ് ഈ ചിത്രങ്ങള്‍, അല്ലെങ്കില്‍ വലിയ വാണിജ്യവിജയങ്ങളായ സിനിമകള്‍ കണ്ടിരിക്കുന്നത്? 70 മുതല്‍ 80 ശതമാനം വരുന്ന പ്രേക്ഷകപങ്കാളിത്തം ഈ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നിരിക്കാം. അപ്പോള്‍ നമ്മള്‍ ആലോചിക്കുന്നു - എന്തുകൊണ്ട് 100 ശതമാനത്തിനുവേണ്ടി ഒരു സിനിമ ചെയ്തുകൂടാ?” - വൈശാഖ് ഈ പുസ്തകത്തില്‍ പറയുന്നു.
എന്തുകൊണ്ട് ഈ സിനിമ ഇത്രയും വലിയ വിജയമായി എന്നാണ് ‘പുലിമുരുകന്‍ - ബോക്സോഫീസിലൊരു ഗര്‍ജ്ജനം’ എന്ന പുസ്തകത്തിലൂടെ ടി അരുണ്‍കുമാര്‍ അന്വേഷിക്കുന്നത്. ഇത്രയധികം ആളുകള്‍ തിയേറ്ററെത്തി ഈ സിനിമ കാണാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും? എന്തുകൊണ്ടാണ് എല്ലാ സിനിമകള്‍ക്കും ഇത് കഴിയാതെ പോകുന്നത്? മലയാളിപ്രേക്ഷകന്‍റെ ഏതൊക്കെ മനഃശാസ്ത്ര സവിശേഷതകളെയാണ് ചിത്രം സംതൃപ്തമാക്കിയത്? ഈ വിജയം മലയാള വാണിജ്യസിനിമയ്ക്ക് നല്‍കുന്ന പാഠങ്ങള്‍ എന്തൊക്കെയാണ്?
“വ്യവസായത്തില്‍ വിജയം എന്നത് നേടുന്ന പണത്തിന് നേര്‍ അനുപാതത്തില്‍ വിശകലനം ചെയ്യപ്പെടുന്ന കാര്യമാണ്. എത്ര കൂടുതല്‍ പണം നേടുന്നോ അത്രയും വലിയ വിജയം. ഇവിടെ സിനിമയാണ് ഉത്പന്നം എന്നതിനാല്‍, എത്രയധികം ആളുകള്‍, എത്രയധികം തവണ ഈ സിനിമ കണ്ടു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പണത്തിന്‍റെ ഒഴുക്ക് നിര്‍ണയിക്കപ്പെടുന്നത്. അപ്പോള്‍ പുലിമുരുകനെ സംബന്ധിച്ചിടത്തോളം ആളുകള്‍ ഈ സിനിമ ആവേശത്തോടെ കണ്ടു എന്നത് വ്യക്തമാണല്ലോ. എന്താണ് പ്രേക്ഷകരെ അതിന് പ്രേരിപ്പിച്ച ഘടകം എന്ന ചോദ്യം സ്വയം ചോദിച്ച നിമിഷത്തിലാണ് ശരിക്കും ഈ പുസ്തകം പിറക്കുന്നത്” - ഈ പുസ്തകത്തിന്‍റെ ജനനത്തെയും ആവശ്യകതയെയും പറ്റി അരുണ്‍കുമാര്‍ ആമുഖത്തില്‍ പറയുന്നു.
മൂന്ന് ഭാഗങ്ങളായാണ് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഭാഗത്തില്‍ ഈ സിനിമയുടെ വാണിജ്യവിജയത്തിന്‍റെ വിവിധ വശങ്ങളുടെ വിശകലനം. ‘പ്രവചിക്കപ്പെടാത്ത ഒരു വേട്ടയുടെ പുരാവൃത്തം’ എന്നാണ് ആദ്യഭാഗത്തിന് പേര്. രണ്ടാം ഭാഗത്തില്‍ വൈശാഖുമായുള്ള ദീര്‍ഘ സംഭാഷണമാണ്. ഈ ഭാഗത്തിന് ‘ഏകാന്തതയുടെ അഭ്രദ്വീപ്’ എന്ന് പേരിട്ടിരിക്കുന്നു. മൂന്നാം ഭാഗം ‘ഘോഷയാത്ര’. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുമായുള്ള അഭിമുഖങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ ഒരു വലിയ സിനിമയുടെ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായതിന്‍റെ അനുഭവങ്ങളും ആവേശവും അനുഭവിച്ച വേദനകളും സ്ട്രെയിനും ടെന്‍ഷനുമെല്ലാം മറയില്ലാതെ പങ്കുവയ്ക്കുകയാണ്.
“എത്രവലിയ സൂപ്പര്‍താരമായാലും ജീവന് ഭീഷണിയാകുന്ന രംഗങ്ങള്‍ വരുമ്പോള്‍ ഭൂരിഭാഗം പേരും ഡ്യൂപ്പിനെ ഉപയോഗിക്കാറാണ് പതിവ്. ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. ഡ്യൂപ്പിന്‍റെ ജോലിയത്രയും ചെയ്ത സൂപ്പര്‍താരം കൂടിയാണ് മോഹന്‍ലാല്‍. 80-85 ശതമാനവും ഒറിജിനല്‍ ടൈഗര്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് ഉള്ളത്” - പുലിമുരുകനിലൂടെ ആക്ഷന്‍ കോറിയോഗ്രാഫിക്ക് ദേശീയ പുരസ്കാരം നേടിയ പീറ്റര്‍ ഹെയ്ന്‍ ഈ പുസ്തകത്തിലെ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
മലയാളത്തിലെ ഏറ്റവും വലിയ കൊമേഴ്സ്യല്‍ ഹിറ്റിന്‍റെ പിന്നണിക്കഥകളറിയാനും പഠനവിധേയമാക്കാനും ശ്രമിക്കുന്നവര്‍ക്ക് വലിയ നിധി തന്നെയാണ് ‘പുലിമുരുകന്‍ - ബോക്സോഫീസിലൊരു ഗര്‍ജ്ജനം’.