പുതിയ ആളുകളില്‍ നിന്ന് തനിക്കൊരുപാടുകാര്യങ്ങള്‍ പടിക്കാനുണ്ടെന്നു പറഞ്ഞ് ഇപ്പോള്‍ ഒത്തിരി പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്നൊരു നടനാണ് മമ്മൂട്ടി. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ പല മുതിര്‍ന്ന സംവിധായകരോടും 'നോ' എന്ന് മുഖത്ത് നോക്കി പറയാനും ധൈര്യം കാണിച്ച വ്യക്തിയാണ് മമ്മൂട്ടി. അക്കാരണങ്ങലെല്ലാം കൊണ്ടാണ് പില്‍ക്കാലത്ത് മമ്മൂട്ടി ഒരു അഹങ്കാരിയായ വ്യക്തിയാണെന്ന് ചിലര്‍ പറഞ്ഞ് പരത്തിയത്.
ഒരിക്കല്‍ മമ്മൂട്ടി ഒരു സംവിധായകന്റെ മുഖത്ത് നോക്കി പറഞ്ഞു, തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന താങ്കളുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറല്ലയെന്ന്. എന്നാല്‍ മമ്മൂട്ടിയുടെ ആ ഒരു മറുപടി കേട്ട് ക്ഷുഭിതനായ സംവിധായകന്‍ പറഞ്ഞൂത്രെ, 'നീ കണ്ടോടാ, ഈ സിനിമ ഞാന്‍ മറ്റവനെ വച്ച് ചെയ്യും. അതോടെ നിന്റെ അവസാനമായിരിയ്ക്കും. ഈ സിനിമ റിലീസ് ചെയ്താല്‍ പിന്നെ നീ ഒരിക്കുലും അവന് മുകളില്‍ വരില്ല'. ഏതായിരുന്നു ആ നടനെന്നും ആരായിരുന്നു ആ സംവിധായകന്‍ എന്നും അതുപോലെ സിനിമയെന്നും അറിയാം...
തമ്പി കണ്ണന്താനമായിരുന്നു ആ സംവിധായകന്‍. മറ്റവന്‍ എന്ന് വിശേഷിപ്പിച്ച നടനാകട്ടെ മോഹന്‍ലാലും. ലാലിനെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രമായിരുന്നു തിരക്കഥയെല്ലാം ഇഷ്ടപ്പെട്ടിട്ടും, സംവിധായകനില്‍ വിശ്വാസമില്ലാത്തതിനാല്‍ മാത്രം മമ്മൂട്ടി ഉപേക്ഷിച്ച ചിത്രം. തമ്പി പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തു. ആ സംഭവത്തെ കുറിച്ച് തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫാണ് ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ വെളിപ്പെടുത്തിയത്.