‘പ്രേമം’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. പ്രേമത്തിന് സമാനമായ വിജയം എന്ന് പറയാന്‍ അധികമൊന്നും ഇല്ല. ആ സിനിമ തരംഗമായതുപോലെ കേരളത്തിലെ കാമ്പസുകളില്‍ ഒരു സിനിമയും ആവേശമായിട്ടില്ല. ആ സിനിമ ഹിറ്റായതുപോലെ ചെന്നൈയില്‍ ഒരു മലയാള ചിത്രവും ഹിറ്റായിട്ടില്ല.
പ്രേമത്തിന് ടീസറോ ട്രെയിലറോ ഒന്നും ഉണ്ടായിരുന്നില്ല. ആ സിനിമ റിലീസായി തരംഗം സൃഷ്ടിച്ച ശേഷം ‘മലരേ...’ എന്ന ഗാനത്തിന്റെ യൂട്യൂബ് റിലീസിനായി കാത്തിരുന്നതുപോലെ സമീപകാലത്ത് ഒരു സിനിമാപ്പാട്ടിനായും മലയാളിയുവത്വം കാത്തിരുന്നിട്ടില്ല. അങ്ങനെ ഒത്തിരി ‘ഇല്ലായ്മ’കളുടെ സൌന്ദര്യമായിരുന്നു നിവിന്‍ പോളി നായകനായ, അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമത്തിന് ഉണ്ടായിരുന്നത്.
ഇപ്പോഴിതാ പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിനൊരുങ്ങിയിരിക്കുന്നു. മലയാളം പ്രേമം പോലെയല്ല, ടീസറും ട്രെയിലറും പാട്ടുമൊക്കെ ഇറക്കി ആഘോഷമാക്കുകയാണ് തെലുങ്ക് ടീം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമാക്കിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും പുറത്തുവന്നിരിക്കുന്നു.
പ്രേമത്തിന്റെ ട്രെയിലറില്‍ നമ്മുടെ മഡോണ സെബാസ്റ്റിയനും അനുപമ പരമേശ്വരനുമുണ്ട്. മലരായി ശ്രുതിഹാസന് വരുന്നു. ജോര്‍ജ്ജിന്റെ വേഷത്തില്‍ നാഗചൈതന്യ. സംവിധാനം ചന്തു മൊണ്ടേറ്റി.