കട്ടപ്പനയിലെ ഋത്വിക് റോഷൻ ബ്ലോക് ബസ്റ്ററായി മാറിയിരിക്കുന്നു. 14 ദിവസം കൊണ്ട് 16 കോടി രൂപയാണ് നാദിർഷ സംവിധാനം ചെയ്ത ഈ കോമഡി എൻറർടെയ്‌നറിൻറെ ആഗോള കളക്ഷൻ. ക്രിസ്മസ് വരെ ഈ സിനിമയ്ക്ക് പുതിയ എതിരാളികൾ ഇല്ലാത്തതിനാൽ ചിത്രം കേരളത്തിൽ നിന്നുമാത്രം ഇനിയും 15 കോടിയിലധികം കളക്ഷൻ നേടുമെന്ന് ഉറപ്പാണ്. വളരെ ലോ ബജറ്റിൽ നിർമ്മിച്ച ഈ സിനിമ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ്.
ദിലീപാണ് കട്ടപ്പനയിലെ ഋത്വിക് റോഷന് പണം മുടക്കിയിരിക്കുന്നത്. ചിത്രത്തിൻറെ മൊത്തം കളക്ഷൻ 40 മുതൽ 45 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന പുതുമുഖ നായകനെ അവതരിപ്പിച്ച് അത്രയും വലിയ വിജയം സ്വന്തമാക്കിയതോടെ നാദിർഷ സംവിധായകരുടെ ഇടയിലെ താരമായിരിക്കുകയാണ്. നാദിർഷയുടെ ആദ്യ സിനിമ അമർ അക്ബർ അന്തോണി 45 കോടിക്ക് മേൽ കളക്ഷൻ നേടിയ മെഗാഹിറ്റാണ്.
നാദിർഷയുടെ അടുത്ത സിനിമയിൽ മമ്മൂട്ടി നായകനാകുമെന്ന് ആദ്യം വാർത്ത വന്നിരുന്നെങ്കിലും താൻ ഇപ്പോൾ അടുത്ത പടത്തേക്കുറിച്ച് ആലോചിച്ചുതുടങ്ങുന്നതേ ഉള്ളെന്നാണ് നാദിർഷ പ്രതികരിച്ചത്. എന്നാൽ നാദിർഷയ്ക്ക് ഡേറ്റ് നൽകാൻ മമ്മൂട്ടിക്ക് താൽപ്പര്യമാണെന്നാണ് അറിയുന്നത്.
തോപ്പിൽ ജോപ്പനെ വെല്ലുന്ന ബോക്സോഫീസ് പ്രകടനം കാഴ്ചവച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സംവിധായകന് ഡേറ്റ് നൽകിയില്ലെങ്കിൽ മറ്റാർക്ക് നൽകുമെന്നാണ് മമ്മൂട്ടി ആരാധകർ പോലും ചോദിക്കുന്നത്.