കമൽഹാസൻ ആ റോൾ ചെയ്തപ്പോൾ അത് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ അത്ഭുതമായിരുന്നു. ഉയരക്കുറവുള്ള കഥാപാത്രമായി കമൽ അഭിനയിച്ചത് അപൂർവ്വ സഹോദരങ്ങൾ എന്ന ചിത്രത്തിലാണ്. പിന്നീട് ദശാവതാരത്തിലും സമാനമായ കഥാപാത്രത്തെ കമൽ അവതരിപ്പിച്ചു. മലയളത്തിൽ പൃഥ്വിരാജും ജഗതിയുമൊക്കെ ഉയരക്കുറവുള്ള വേഷങ്ങളിൽ എത്തിയത് അത്ഭുതദ്വീപ് എന്ന സിനിമയിലായിരുന്നു.
ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടി നാലടി ഉയരമുള്ള കഥാപാത്രമായി വരുന്നു. ബെന്നി പി നായരമ്പലത്തിൻറെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് നാദിർഷയാണ്. പൂർണമായും ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ ചിത്രം വരുന്നത്.
മൃഗയ, സൂര്യമാനസം, പൊന്തൻമാട തുടങ്ങിയ സിനിമകളിൽ ശാരീരിക പ്രത്യേകതകളുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, സൗണ്ട് തോമ തുടങ്ങിയ സിനിമകളിൽ ബെന്നിയും ഇത്തരം കഥാപാത്രങ്ങൾ എഴുതിയിട്ടുണ്ട്.
എന്തായാലും പൂർണമായും ഒരു കോമഡി എൻറർടെയ്നറായാണ് മമ്മൂട്ടി - നാദിർഷ പ്രൊജക്ട് ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥ ഏകദേശം പൂർത്തിയായി.