"സിനിമകൾ ഇനിയും ചെയ്യാനുണ്ട്", ഏതെല്ലാമാണ് സുരേഷ് ഗോപിയ്ക്ക് ഇത്രയും പ്രതീക്ഷയുള്ള ആ 4 സിനിമകൾ

അഭിറാം മനോഹർ
തിങ്കള്‍, 10 ജൂണ്‍ 2024 (18:57 IST)
ലോകസഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ഏക ബിജെപി പ്രതിനിധി എന്ന നിലയിൽ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായിരുന്ന സ്ഥാനാർത്ഥിയായിരുന്നു സിനിമാതാരം കൂടിയായ സുരേഷ് ഗോപി. കേരളത്തിൽ വമ്പൻ മാർജിനിൽ വിജയിച്ചിട്ടും പൂർണ്ണസമയം ജനപ്രതിധിയാകാതെ കരാറൊപ്പിട്ട സിനിമകൾ തീർക്കാനുള്ള ശ്രമത്തിലാണ് സുരേഷ് ഗോപി. ഈ വാർത്ത പുറത്തുവന്നതോട് കൂടി ഏതെല്ലം സിനിമകളിലാണ് ഇനി സുരേഷ് ഗോപി അഭിനയിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേക്ഷകർ.
 
ഗോകുലും ഗോപാലൻ ഒരുക്കുന്ന 70 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയും ചിന്താമണി കൊലക്കേസ് എന്ന ഷാജി കൈലാസ് സിനിമയുടെ രണ്ടാം ഭാഗവും ഷാജി കൈലാസ് തന്നെ ഒരുക്കുന്ന മറ്റൊരു ചിത്രവുമാണ് സുരേഷ് ഗോപി ഇനി ചെയ്യാനിരിക്കുന്നത്. ഇത് കൂടാതെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരു വമ്പൻ സിനിമയിലും സുരേഷ് ഗോപി അഭിനയിക്കും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി സിനിമയിൽ മമ്മൂട്ടി,ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തമിഴിലെ വിക്രം സിനിമയുടേതിന് സമാനമായി യൂണിവേഴ്സ് നിർമിച്ച് കൊണ്ടുള്ള സിനിമയാകും ഇതെന്നും സൂചനയുണ്ട്.
 
 അതേസമയം ഗോകുലം ഗോപാലനുമായി ചേർന്ന് ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ പത്മനാഭസ്വാമിക്ക് ആദരമായി ഒരുക്കുന്ന സിനിമയാണ്. ഗോകുലം നിർമിക്കുന്ന കത്തനാർ എന്ന ബിഗ് ബജറ്റ് പിരിയോഡിക് സിനിമയ്ക്ക് ശേഷമാകും ഈ സിനിമ ആരംഭിക്കുക. ഇതിന് പുറമെ തൻ്റെ സൂപ്പർ ഹിറ്റ് സിനിമയായ ചിന്താമണി കൊലക്കേസിൻ്റെ രണ്ടാം ഭാഗമായ എൽ കെ എന്ന സിനിമയിലും സുരേഷ് ഗോപി അഭിനയിക്കും. ഷാജി കൈലാസിൻ്റെ മറ്റൊരു പ്രൊജക്ടിലും സുരേഷ് ഗോപി ഭാഗമാകും. ഗോകുലം ഗോപാലൻ്റെ മറ്റൊരു സിനിമയിലും സുരേഷ് ഗോപി അഭിനയിക്കുമെന്ന് സൂചനകളുണ്ടെന്നും ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 
 
 സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം, പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്‌കെ എന്നിവയാണ് സുരേഷ് ഗോപിയുടെ ചിത്രീകരണം പൂർത്തിയാക്കിയ 2 സിനിമകൾ. നേരത്തെ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുമെന്ന് സുരേഷ് ഗോപി തീരുമാനിച്ചിരുന്നെങ്കിലും സിനിമയ്ക്കായി മന്ത്രിസ്ഥാനം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ലെന്ന അടുപ്പക്കാരുടെ ഉപദേശത്തെ തുടർന്നാണ് താരം സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article