Kalamkaaval: സ്ത്രീ- പുരുഷ സംഗമത്താൽ പിറക്കാത്ത സ്ത്രീയാൽ മാത്രം വധിക്കപ്പെടുന്ന ദാരികനും, ദാരികനെ നിഗ്രഹിക്കുന്ന കാളിയും, കളം കാവൽ എന്ന പേരിൽ കാര്യമുണ്ട്!

അഭിറാം മനോഹർ

ഞായര്‍, 16 ഫെബ്രുവരി 2025 (10:07 IST)
KalamKaaval
മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മമ്മൂട്ടി കമ്പനി സിനിമയായ കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കകം വലിയ ചര്‍ച്ചയാണ് സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പറ്റിയും സിനിമയുടെ പേരിനെ പറ്റിയും ഉയര്‍ന്ന് വന്നത്. മമ്മൂട്ടി- വിനായകന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയില്‍ മമ്മൂട്ടി വില്ലന്‍ കഥാപാത്രമായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിനായകന്‍ പോലീസായി എത്തുമ്പോള്‍ മമ്മൂട്ടി സീരിയല്‍ കില്ലറായാണ് എത്തുന്നതെന്ന അഭ്യൂഹങ്ങളും സിനിമയെ പറ്റിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിനിമയുടെ പേര് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
 
 കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കളം കാവല്‍. തിരുവനന്തപുരം ജില്ലയിലാണ് പ്രധാനമായും ഇത് നടക്കുന്നത്.  ഈ ചടങ്ങ് പ്രധാനമായും ഒരു ദേവി ആചാരം ആണ്. പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ വെള്ളായണി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തില്‍ ആണ് കളങ്കാവല്‍ പ്രധാനം ആയി നടക്കുക. കളം കാവല്‍ എന്ന ഈ ആചാരാനുഷ്ടാനത്തില്‍ ദേവി ദാരികന്‍ എന്ന അസുരനെ അന്വേഷിച്ച് നാലുദിക്കിലേക്കും യാത്ര ചെയ്യുന്നു. വീടുകളില്‍ സന്ദര്‍ശിച്ച് പ്രത്യേക പൂജകള്‍ നടത്തുന്നു. അവരോട് വിശേഷങ്ങള്‍ ചോദിച്ചശേഷം ദാരികന്‍ എന്ന അസുരനെ തിരക്കുന്നു.  ഈ സമയത്ത് ഓരോ വീട്ടിലും ഏകദേശം ഇരുപത് മിനിറ്റോളം ദേവിയുടെ സാന്നിധ്യം അനുഭവപ്പെടുന്നു എന്ന് പറയപ്പെടുന്നു. ഭക്തര്‍ വീടുകള്‍ വൃത്തിയാക്കി, പെയിന്റ് ചെയ്ത്, അലങ്കാരങ്ങള്‍ ഒക്കെ ഒരുക്കി ദേവിയെ സ്വീകരിക്കുന്നു. 3 വര്‍ഷത്തിലൊരിക്കല്‍ വെള്ളായണി അമ്പലത്തില്‍ നടക്കുന്ന കാളിയൂട്ടിന്റെ ഭാഗമായാണ് ഈ ചടങ്ങുകള്‍ നടക്കുന്നത്. 2 ഭാവങ്ങളിലാണ് ഭദ്രകാളി ദേവി നിലകൊള്ളുന്നത്. കാളി ക്രോധവും സംസാരശക്തിയും പ്രതിനിധീകരിക്കുമ്പോള്‍ ദേവി സംരക്ഷണ്ത്തിന്റെയും കാരുണ്‍യ്യത്തിന്റെയും പ്രതീകമാണ്. തന്റെ കര്‍മമനുസരിച്ച് ദേവി കാളിയും ദേവിയും ആയി മാറുന്നു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കളം കാവലിനാകുമെന്നാണ് ഭക്തരുടെ വിശ്വാസം.
 
ഐതീഹ്യം
 
ദേവാസുരയുദ്ധത്തില്‍ അസുരന്മാര്‍ പരാജയപ്പെട്ടതില്‍ പ്രതികാരം ചെയ്യാനായി രാക്ഷസ സഹോദരിമാരായ ദാരുമതിയും ദാനവതിയും ബ്രഹ്മാവിനെ തപസ്സ് ചെയ്ത് ദാരുമതിക്ക് ദാരികനെന്നും ദാനവതിക്ക് ദാനവനെന്നും പേരായ അതിശക്തരായ മക്കളുണ്ടായി. സ്ത്രീപുരുഷ സംഗമത്തിലൂടെയല്ലാതെ പിറക്കുന്ന സ്ത്രീക്ക് മാത്രമെ ദാരികനെ കൊല്ലാനാകു എന്ന വരം ബ്രഹ്മാവില്‍ നിന്നും നേടിയതോടെ ദാരികന്‍ സകലലോകത്തിനും ഭീതി സൃഷ്ടിക്കുന്ന ഭീകരനായി മാറി. ഒരു തുള്ളി രക്തം ഭൂമിയില്‍ വീണാല്‍ അതില്‍ നിന്നും ആയിരം ദാരികന്മാര്‍ പിറക്കുമെന്ന വരവും ലഭിച്ചിരുന്നതിനാല്‍ തനിക്ക് മരണമില്ലെന്നായിരുന്നു ദാരികന്‍ കരുതിയത്. ഈ അനുഗ്രഹങ്ങളാല്‍ ശക്തനായി മാറിയ ദാരികന് സ്ത്രീകളോട് പുച്ചമായിരുന്നു. ദാരികന്റെ പ്രവര്‍ത്തികളില്‍ സഹിക്കെട്ട ദേവന്മാര്‍ പരമശിവനെ കണ്ട് സങ്കടം ബോധിപ്പിച്ചു. ശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി അവതരിച്ചെന്നുമാണ് വിശ്വാസം. ദാരികനെ  വധിച്ച് കാളി തന്റെ അവതാരോദ്ദേശം നിറവേറ്റുകയും ചെയ്തു. അതേസമയം ദക്ഷന്റെ യാഗാഗ്‌നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായ ശിവന്‍ തന്റെ ജട നിലത്തടിച്ചപ്പോള്‍ ജന്മമെടുത്തതാണ് ഭദ്രകാളിയെന്നും വിശ്വാസമുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍