ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. ശിവപ്രീതിക്കും പാപപരിഹാര മാർഗത്തിനും ഭക്തജനങ്ങൾ വ്രതമനുഷ്‌ഠിക്കുകയാണ് ശിവരാത്രിയിൽ. ഗുരുശാപം, സ്ത്രീശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പാപങ്ങൾ കഴുകിക്കളയുന്ന മഹാഗംഗ തന്നെയാണ് ശിവരാത്രി വ്രതമെന്നും വിശ്വസിച്ച് പോരുന്നു.
പിതൃപൂജ: പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേദിവസം രാവിലെ കുളിച്ച് ശിവക്ഷേത്ര ദർശനം നടത്തണം. വീടിന്റെ മുറ്റം ചാണകം മെഴുകി വൃത്തിയായ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവെക്കണം. അതിനു മുന്നിൽ ഒരു നാക്കില വെക്കുക. പൂവ്, നെല്ല്, ചന്ദനം എന്നിവ ഒരുമിച്ച് കൈയിൽ തൊഴുതുപിടിച്ച് ' ഓം പിതൃഭ്യോ നമഃ' എന്ന് എട്ടു പ്രാവശ്യം ജപിച്ച് ഇലയിൽ സമർപ്പിക്കുക. ഇത് ഏഴ് തവണ ആവർത്തിക്കണം. പിന്നെ നിലവിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത ശേഷം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തിൽ കളയുക. കർമങ്ങൾ എല്ലാം കഴഞ്ഞതിനു ശേഷം മാത്രമെ പാനീയങ്ങൾ പാടുള്ളു.