വിവാഹശേഷം അഭിനയ രംഗത്ത് നിന്നും പൂർണമായും വിട്ടുനിൽക്കുകയാണ് നടി അസിൻ. കരിയറിലെ പീക്ക് സമയത്തായിരുന്നു അസിന്റെ വിവാഹം. 2016 ലായിരുന്നു അസിനും രാഹുൽ ശർമ്മയും തമ്മിലുള്ള വിവാഹം. അസിനെ വിവാഹം ചെയ്യുന്ന സമയത്ത് മെെക്രോമാക്സിന്റെ അമരക്കാരനാണ് രാഹുൽ ശർമ്മ. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബെെൽ ബ്രാൻഡുകളിലൊന്ന്. എന്നാൽ പിന്നീട് ഈ കമ്പനി തകർന്നു. ഇതേക്കുറിച്ച് പുതിയ പോഡ്കാസ്റ്റിൽ രാഹുൽ സംസാരിക്കുന്നുണ്ട്.
ചെെനീസ് കമ്പനികളുടെ കടന്ന് വരവാണ് മെെക്രോമാക്സിനെ ബാധിച്ചതെന്ന് രാഹുൽ ശർമ്മ പറയുന്നു. പാൻഡമെക്കിന്റെ സമയത്താണ് കമ്പനിയുടെ മരണമണി മുഴക്കിയത്. മഹാമാരിക്ക് മുമ്പ് വിപണി വിഹിതത്തിന്റെ 50 ശതമാനം കെെവശമുണ്ടായിരുന്ന ഇന്ത്യൻ ബ്രാൻഡുകൾ പിന്നീട് പൂർണമായും നശിച്ചു. ചെെനീസ് കമ്പനികളുമായുള്ള മത്സരം കമ്പനിയെയും വിപണിയെയും ബാധിച്ചു. ഇതിന് പിന്നാലെ മഹാമാരിക്കാലം വന്നത് കമ്പനിയെ പൂർണമായും പരാജയപ്പെടുത്തിയെന്ന് രാഹുൽ ശർമ്മ പറയുന്നു.
2020 ൽ മത്സരം മതിയാക്കി. മാനുഫാക്ചറിങ്ങിലേക്ക് തിരിഞ്ഞു. മറ്റ് ബ്രാൻഡുകൾക്ക് വേണ്ടി മാനുഫാക്ചറിംഗ് ചെയ്യാൻ തുടങ്ങിയതോടെ മുമ്പത്തേക്കാളും വരുമാനം ഒരുപാട് കൂടുതലാണ്. അത് പലർക്കും അറിയില്ലായിരുന്നു. എന്നാൽ മുമ്പത്തേക്കാൾ ഇന്ന് നന്നായി പോകുന്നു. കമ്പനി തകർന്നപ്പോഴും ടെക്നോളജി മേഖലയിൽ തന്നെ നിലനിൽക്കുകയെന്നതായിരുന്നു തന്റെ അടിസ്ഥാനപരമായ തീരുമാനമെന്നും രാഹുൽ ശർമ്മ വ്യക്തമാക്കി.
തെന്നിന്ത്യയിലെ താര റാണിയായിരിക്കെയാണ് അസിൻ ബോളിവുഡിലേക്ക് കടന്നത്. ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെയായിരുന്നു തുടക്കം. ആമിർ ഖാൻ നായകനായ സിനിമ വൻ വിജയം നേടി. പിന്നീട് സൽമാൻ ഖാന്റെ റെഡി എന്ന സിനിമയിലും അഭിനയിച്ചു. എന്നാൽ പിന്നീട് വലിയ ഹിറ്റുകൾ ബോളിവുഡിൽ നിന്നും അസിന് ലഭിച്ചില്ല. തെന്നിന്ത്യൻ സിനിമാ ലോകത്ത് അക്കാലത്ത് അസിനായിരുന്നു ഏറ്റവും കൂടുതൽ താരമൂല്യം. 2015 ലാണ് അസിൻ അവസാനം സിനിമ ചെയ്തത്.