Jayaram: ഇതാണോ നല്ല റോളെന്ന് പറഞ്ഞത്,നിങ്ങളും ചതിച്ചു, ജയറാമിനെ കോമാളിയാക്കി: കാർത്തിക് സുബ്ബരാജിനെതിരെ വിമർശനം
അടുത്തിടെ റിലീസായ ഗെയിം ചെയ്ഞ്ചര്‍ എന്ന ശങ്കര്‍ സിനിമയില്‍ ജയറാം ചെയ്ത കഥാപാത്രം വലിയ രീതിയിലാണ് കേരളത്തില്‍ വിമര്‍ശിക്കപ്പെട്ടത്. ഒരുകാലത്ത് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ബോക്‌സോഫീസില്‍ നായകനെന്ന നിലയില്‍ പൊരുതിയിട്ടുള്ള ജയറാം തന്റെ പേരിനൊത്ത വേഷങ്ങള്‍ ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. അല വൈകുണ്ടപുരം ലോ, ഭാഗ്മതി, ഹൈ നന്ന പോലുള്ള സിനിമകളില്‍ മികച്ച സ്വഭാവ നടനെന്ന നിലയില്‍ ജയറാം തിളങ്ങിയിരുന്നു. എന്നാല്‍ ഗെയിം ചെയ്ഞ്ചര്‍ പോലുള്ള സിനിമകളില്‍ തികച്ചും പരിഹാസ്യമായ വേഷമാണ് ജയറാം ചെയ്തത്.
കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ സിനിമയായ റെട്രോയില്‍ മികച്ച വേഷമാകും ജയറാമിനെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. റെട്രോയിലെ വേഷം മികച്ചതാണെന്ന് ജയറാമും പറഞ്ഞിരുന്നെങ്കിലും സിനിമ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് ജയറാമിനും കാര്‍ത്തിക് സുബ്ബരാജിനും ലഭിക്കുന്നത്. തമിഴില്‍ മുറൈ മാമന്‍, തെന്നാലി, പഞ്ചതന്ത്രം തുടങ്ങിയ സിനിമകളെല്ലാം ചെയ്ത ജയറാമിനെ കാര്‍ത്തിക് സുബ്ബരാജ് കോമാളിയാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തില്‍ നായകനായി മാത്രമെ അഭിനയിക്കു എന്ന വാശി ഉപേക്ഷിച്ചാല്‍ മലയാള സിനിമ വീണ്ടും ജയറാമിനെ സ്വീകരിക്കുമെന്നും ആരാധകര്‍ പറയുന്നു.