Vishnuprasad: ജീവിക്കണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും: സീമ ജി നായർ

അഭിറാം മനോഹർ

വെള്ളി, 2 മെയ് 2025 (12:14 IST)
Vishnuprasad Death
അന്തരിച്ച ടെലിവിഷന്‍,സീരിയല്‍ നടന്‍ വിഷ്ണുപ്രസാദിനെ അനുസ്മരിച്ച് നടി സീമ ജി നായര്‍. സ്വകാര്യ ചാനലില്‍ തന്റെ സഹോദരനായി അഭിനയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു വിഷ്ണുവുമായി ഉണ്ടായിരുന്നതെന്നും കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പോയി സുഖവിവരം അന്വേഷിച്ചിരുന്നതായും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ സീമ ജി നായര്‍ പറയുന്നു.
 
സീമ ജി നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
 
വിഷ്ണു പ്രസാദ് വിടപറഞ്ഞു.എത്രയോ വര്‍ഷത്തെ ബന്ധം.എന്റെ അപ്പൂ 6 മാസം ആയപ്പോള്‍ തുടങ്ങിയ ബന്ധം.ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയല്‍ ഗോകുലത്തില്‍ എന്റെ ബ്രദര്‍ ആയി അഭിനയിക്കാന്‍ വരുമ്പോള്‍ തുടങ്ങിയ ബന്ധം.അപ്പുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ആ സെറ്റില്‍ വെച്ചായിരുന്നു.എല്ലാവര്‍ക്കും തിരക്കേറിയപ്പോള്‍ കാണല്‍ കുറവായി.കഴിഞ്ഞ ആഴ്ച്ച ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോയി അവനെ കണ്ടു .ഞാന്‍ കുറെ കോമഡിയൊക്കെ പറഞ്ഞു.ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോള്‍ നല്ല ചിരി ആയിരുന്നു.

പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു ..കൂടെ ആശ്വാസം ആയി തന്നെ നില്‍ക്കാനാണ് പോയതും.കരള്‍ പകുത്തു നല്കാന്‍ തയ്യാറായ മകളെയും കണ്ടു.വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോള്‍ അവന്‍ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല ..ജീവിക്കണമെന്ന ആഗ്രഹം അവനും ,ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.പക്ഷെ,ഇപ്പോള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ കവിതയെ (ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാന്‍ ..അപ്പുറത്തു കരച്ചില്‍ ആയിരുന്നു മറുപടി ..പെങ്ങള്‍ വരാന്‍ വേണ്ടി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റന്നാള്‍ ആയിരിക്കും അടക്കം. എനിക്കാണെങ്കില്‍ ഇന്നും ,നാളെയും വര്‍ക്കും. അവസാനം ആയി ഒരു നോക്ക് കാണാന്‍ കഴിയാതെ പോകുന്നു ..വിഷ്ണു വിട 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍