ചോര ഒലിക്കുന്ന മുഖമായി മാമുക്കോയ,'ജോക്കര്‍' സിനിമ ഷൂട്ടിങ്ങിനിടെ സംഭവിച്ചത്, സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറയുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 27 ഏപ്രില്‍ 2023 (14:56 IST)
ജോക്കര്‍ സിനിമയുടെ ചിത്രീകരണം നടക്കാതെ മാമുക്കോയയുടെ മൂക്കിന് പരിക്കേല്‍ക്കുകയും രക്തം വരുകയും ചെയ്തു. അദ്ദേഹത്തെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആയിരുന്നു. അതുകഴിഞ്ഞ് നടന്നതിനെക്കുറിച്ചും മാമുക്കോയയുടെ നല്ല മനസ്സിനെക്കുറിച്ചും പറയുകയാണ് വിനോദ്.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്
 
ജോക്കര്‍ സിനിമ യുടെ ലൊക്കേഷന്‍, രാത്രി യാണ് ഷൂട്ടിംഗ്. സര്‍ക്കസ് കൂടാരം ആക്രമിക്കാന്‍ വന്ന ഗുണ്ടകളെ സിംഹക്കൂടുകള്‍ തുറന്നു വിട്ടു പ്രതിരോധിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്നു. സിംഹങ്ങളെ കയറില്‍ കെട്ടി പുറത്തിറക്കി ഷൂട്ട് ചെയുന്നു. മയക്കുവെടി വെക്കുന്ന ഡോക്ടര്‍ മാര്‍ വരെ ലൊക്കേഷനില്‍ ഉണ്ട്. ഇതിനിടക്കാണ് മാമുക്കോയയുമായി ഒരു സ്റ്റണ്ട് സമയത്തു വില്ലന്റെ ഇടി ഇക്കയുടെ മൂക്കിന് തന്നെ കിട്ടുന്നു. 
 
ചോര ഒലിക്കുന്ന മുഖമായി ഇക്കാ. ഉടനേ ഞാനാണ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നത്. അവിടെ ചെന്നു ഡോക്ടറെ കണ്ടപ്പോള്‍ സ്റ്റിച്ച് വേണമെന്ന് പറഞ്ഞു. അതിനു വേണ്ട ഒരുക്കങ്ങള്‍ നടക്കുമ്പോള്‍, അടുത്തുള്ള ഫ്രിഡ്ജില്‍ നിന്നു കുറച്ചു ഐസ് എടുത്തു മൂക്കില്‍ വച്ചു ബ്ലഡ് നിര്‍ത്താനുള്ള തിടുക്കത്തിലാണ് ഇക്കാ. അപ്പോഴും അദ്ദേഹം വേദന കടിച്ചമര്‍ത്തുന്നത് എനിക്ക് കാണാമായിരുന്നു. ഷൂട്ടിംഗ് ഞാന്‍ കാരണം മുടങ്ങും എന്ന് പറഞ്ഞു, ആരുടേയും സമ്മത്തിന് കാത്തു നില്‍ക്കാതെ ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങി. വരുന്ന വഴിക്ക് ഷൂട്ടിംഗ് മുടങ്ങിയാലുള്ള ബുദ്ധിമുട്ടുകള്‍ എന്നെ പറഞ്ഞു മനസ്സിലാക്കാനുള്ള തിരക്കിലായിരുന്നു അദ്ദേഹം. വീണ്ടും വഴി യിലെ ഒരു വീട്ടില്‍ നിന്നും ഐസ് വാങ്ങി ലൊക്കേഷനില്‍ എത്തി. തിരിച്ചു ചെന്ന ഇക്കായെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായെങ്കിലും, പിന്നീട് ഷൂട്ട് നടക്കുമ്പോള്‍ എനിക്ക് വളരെ അധികം വേദന തോന്നി. അവിടെ ലോഹിസാറിനോട് ഇക്കാ പറഞ്ഞത്... ഐസ് വെച്ചാല്‍ മാറുന്ന അസുഖമേ നിങ്ങള്‍ക്കുള്ളു എന്ന് ഡോക്ടര്‍ പറഞ്ഞത്രേ, എന്നെ ഒന്നും പറയാന്‍ ഇക്കാ സമ്മതിച്ചില്ല. വേദനയോടെ ഷൂട്ട് തീര്‍ത്തു.. മറ്റൊരു ഹോസ്പിറ്റലില്‍ പോയി മൂക്കില്‍ പ്ലാസ്റ്ററുമായി വന്ന ഇക്കാ യുടെ ആ മുഖം ഇന്നും മനസ്സിലുണ്ട്. ജോലിയോടും, പ്രൊഡ്യൂസറുടെ ഒരു രൂപ പോലും നഷ്ടപെടാതിരിക്കാനും, വേദന അറിയിക്കാതെ അഭിനയിച്ച ഇക്കാക്ക് പ്രണാമം 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍