മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി മോഹന്‍ലാല്‍ എത്തുന്നു. ‘ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ മോഹൻലാൽ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് സംവിധായകൻ വി എം ശ്രീകുമാർ മേനോൻ പറയുന്നു.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ’ഒടിയന്‍’ മാറുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ഇത്. കൗതുകമുണര്‍ത്തുന്ന ഒരു പ്രോജക്ട് ആണത്, ഒപ്പം വെല്ലുവിളിയുമുണ്ടെന്ന് ശ്രീകുമാർ പറയുന്നു. ക്ലബ്ബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. കേരളത്തിലല്ല, തമിഴ്‌നാട്ടില്‍. അവർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രമെന്ന് സംവിധായകൻ പറയുന്നു.
പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഒരു പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്.
ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ‘ഒടിയ’ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജാണ് എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളൊരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്.