മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ഉര്‍വശി സീരിയസ് വേഷങ്ങള്‍ക്കൊപ്പം കോമഡി വേഷങ്ങളും കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യമായ മെയ് വഴക്കമുള്ള നടിയാണ്. അടുത്തിടെ തമിഴിലും മലയാളത്തിലുമായി ഉര്‍വശി ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോരമയുടെ നേരെ ചൊവ്വെ പരിപാടിക്കിടയില്‍ ഒരു സമയത്ത് തനിക്ക് ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിയിരുന്നുവെന്നും എന്നാല്‍ അതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചത് കമല്‍ഹാസനാണെന്നും ഉര്‍വശി വ്യക്തമാക്കിയിരുന്നു.
കമല്‍ഹാസനെ പോലെ ചുരുക്കം ചിലര്‍ ഉര്‍വശി എപ്പോഴും വിജയിക്കണമെന്ന് ആഗ്രഹിച്ചവരാണെന്ന് ഉര്‍വശി പറയുന്നു. ഉര്‍വശി ജയിക്കണം. നിങ്ങളുടെ ഉള്ളിലെ കലാകാരിയെ തളര്‍ത്തുന്നത് പോലെ ഉര്‍വശിയിലെ വ്യക്തി പ്രവര്‍ത്തിക്കരുത്, പെരുമാറരുതെന്ന് കമല്‍ഹാസന്‍ പറയാറുണ്ടായിരുന്നു. ആത്മഹത്യ ചിന്തയുണ്ടായിരുന്ന ഒരു സമയം ജീവിതത്തിലുണ്ടായിരുന്നു. ആരും നമ്മളെ മനസിലാക്കുന്നില്ലല്ലോ എന്ന തോന്നല്‍ ഉണ്ടായ സമയമായിരുന്നു അത്.
ആ സമയത്ത് കമല്‍ഹാസനെയാണ് ഞാന്‍ വിളിച്ചത്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു എന്നെല്ലാം പറഞ്ഞപ്പോള്‍ കമല്‍ഹാസന്‍ ഒട്ടും ഗൗരവം കൊടുത്തില്ല. അങ്ങനെയൊക്കെ ചെയ്യാം. ധൈര്യമുള്ള ആര്‍ക്കും മരിക്കാം. ഭീരുക്കള്‍ക്ക് പറ്റില്ല. എല്ലാം തിരിച്ചാണ് കമല്‍ഹാസന്‍ പറഞ്ഞത്. നമ്മളെ സ്‌നേഹിക്കുന്നവരെ വിട്ടിട്ട് നിങ്ങളൊക്കെ കിടന്ന് കരഞ്ഞോ എന്നും പറഞ്ഞ് പോകാന്‍ നല്ല ധൈര്യം വേണം. അതൊക്കെ ചെയ്യാം, എളുപ്പമാണ്. എന്തെല്ലാം മാര്‍ഗമുണ്ട്. അതില്‍ ഏതെങ്കിലും ചെയ്യാം.
പക്ഷേ നിങ്ങള്‍ക്ക് ഈ സിനിമയോടും പ്രേക്ഷകരോടും ഒരു കടപ്പാടുണ്ട്. അവരോട് അതിനുള്ള വ്യക്തമായ മറുപടി പറഞ്ഞ് നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളു. ഉര്‍വശി അത് ഒന്നോ രണ്ടോ ദിവസത്തെ സംസാരം, അല്ലെങ്കില്‍ ഒരാഴ്ച. അതുകഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകും. എന്തായാലും ഒരു ദിവസം പോയെ പറ്റു, അങ്ങനെയാണെങ്കില്‍ ഉര്‍വശി വിശ്വസിക്കുന്ന ദൈവത്തിനോട് ചോദിക്കു. അങ്ങനെയായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.