സത്യ മുതൽ രക്തചരിത്രം വരെ ചെയ്തയാളാണ്, തള്ളികളയരുത്, സിനിമാപാപങ്ങൾ കഴുകികളയുന്ന സിനിമയുടെ പണിപ്പുരയിലാണെന്ന് രാം ഗോപാൽ വർമ

അഭിറാം മനോഹർ

വ്യാഴം, 23 ജനുവരി 2025 (19:43 IST)
തന്റെ പുതിയ സിനിമയിലൂടെ കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി താന്‍ ചെയ്ത എല്ലാ സിനിമാപാപങ്ങളും കഴുകികളയാന്‍ പോവുകയാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. പുതിയ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് സമൂഹമാധ്യമമായ എക്‌സിലാണ് രാം ഗോപാല്‍ വര്‍മ തന്റെ അഭിപ്രായം പറഞ്ഞത്. തന്റെ പുതിയ ചിത്രം ഗംഭീരമായ സിനിമാ അനുഭവമാകുമെന്നും രാം ഗോപാല്‍ വര്‍മ അഭിപ്രായപ്പെട്ടു.
 
ഛായാഗ്രാഹകനില്‍ നിന്നും സംവിധായകനിലേക്ക് മാറിയ രാം ഗോപാല്‍ വര്‍മ സിനിമകള്‍ ഇന്ത്യയില്‍ ഗ്യാങ്ങ്സ്റ്റര്‍ ചിത്രങ്ങള്‍ക്ക് ജനപ്രീതി കൂട്ടുവാന്‍ കാരണമായ സിനിമകളാണ്. ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ, ഹൊറര്‍ സിനിമകള്‍ ചെയ്തു ഞെട്ടിച്ച രാം ഗോപാല്‍ വര്‍മ ഇന്ത്യന്‍ സിനിമയിലെ പ്രധാനചിത്രങ്ങളായി എണ്ണപ്പെടുന്ന സത്യ, രംഗീല,കമ്പനി,സര്‍ക്കാര്‍ മുതല്‍ രക്തചരിത്ര വരെ ഒരുക്കിയ സംവിധായകനാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബി ഗ്രേഡ് ചിത്രങ്ങളാണ് രാം ഗോപാല്‍ വര്‍മ ഒരുക്കുന്നത്.
 
 പുതിയ സിനിമയായ സിന്‍ഡിക്കേറ്റില്‍ ഇന്ത്യയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്ന ഒരു ഭീകരസംഘടനയുടെ ഉദയമാകും പറയുകയെന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു. മാഫിയാ ഗ്യാങ്ങുകളുടെ തെരുവ് യുദ്ധങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയായിരുന്നുവെങ്കില്‍ ഇന്നത്തെ യഥാര്‍ഥമായ അപകടം വിവിധ ആളുകളെ ഉള്‍ക്കൊള്ളുന്ന ശക്തമായ സിന്‍ഡിക്കേറ്റിന്റെ രൂപീകരണമാണ്. രാഷ്ട്രീയക്കാര്‍, നിയമപാലകര്‍, അതിസമ്പന്നര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഇതില്‍ പെടുന്നു.
 
 ഇന്ന് രാജ്യത്ത് നടക്കുന്ന തീവ്രമായ ധ്രുവീകരണം എങ്ങനെ ഇത്തരത്തിലൊരു സംഘം ഉയര്‍ന്നു വരാന്‍ പാകമാകുന്നതെന്ന് പറയുന്ന സിനിമയാകും സിന്‍ഡിക്കേറ്റ്. കുറച്ച് വര്‍ഷങ്ങളായി താന്‍ ചെയ്ത സിനിമാപാപങ്ങളെല്ലാം സിന്‍ഡിക്കേറ്റ് കഴുകികളയുമെന്നും രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍