മമ്മൂട്ടി മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രം, അതുകൊണ്ടുതന്നെ അത് വെല്ലുവിളിയായിരുന്നു!

വെള്ളി, 19 ജനുവരി 2018 (17:21 IST)
അപൂര്‍വ്വമായി മാത്രമേ മമ്മൂട്ടി ഡബിള്‍ റോളുകള്‍ ചെയ്യാറുള്ളൂ. ആ പ്രൊജക്ടിന് തന്‍റെ ഇരട്ടവേഷം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് അദ്ദേഹം അതിന് തയ്യാറാവുക. എങ്കിലും മമ്മൂട്ടിയുടെ ഡബിള്‍ റോളുകള്‍ ബോക്സോഫീസില്‍ പലപ്പോഴും കോടിക്കിലുക്കം കേള്‍പ്പിച്ചിട്ടുണ്ട്.
 
അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ‘അണ്ണന്‍‌തമ്പി’ എന്ന സിനിമയുടെ പ്രത്യേകത മമ്മൂട്ടിയുടെ ഇരട്ടവേഷങ്ങളായിരുന്നു. ചട്ടമ്പിയായ ജ്യേഷ്ടനും നല്ലവനായ അനുജനുമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചു. 
 
രാജമാണിക്യം, ഛോട്ടാമുംബൈ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അന്‍‌വര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അണ്ണന്‍‌തമ്പി. തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലമായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ക്ക് എന്ത് വ്യത്യസ്തത നല്‍കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും തലപുകഞ്ഞാലോചിച്ചതിന്‍റെ ഫലമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച ഊമയായ കഥാപാത്രം.
 
മമ്മൂട്ടി തന്‍റെ കരിയറില്‍ ആദ്യമായായിരുന്നു ഊമയായ കഥാപാത്രത്തെ അവതരിപ്പിച്ചത്. അച്ചു എന്ന ആ കഥാപാത്രം ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തു. റായ് ലക്‍ഷ്മിയും ഗോപികയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.
 
2008 ഏപ്രില്‍ 17ന് വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ അണ്ണന്‍ തമ്പിക്ക് 3.8 കോടി രൂപയായിരുന്നു ബജറ്റ്. തകര്‍പ്പന്‍ ഹിറ്റായി മാറിയ സിനിമ 20 കോടിയോളം കളക്ഷന്‍ വാരിക്കൂട്ടി. സുരാജിന്‍റെയും സലിം‌കുമാറിന്‍റെയും തകര്‍പ്പന്‍ കോമഡികള്‍ സിനിമയുടെ വന്‍ വിജയത്തിന് സഹായകമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍