എനിക്ക് പെട്ടെന്ന് മൂഡ് സ്വിങ് വരും, അപ്പോഴെല്ലാം ഒപ്പം നിന്നത് അവളാണ്; ലിഡിയയെ കുറിച്ച് ടൊവിനോ

Webdunia
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (11:01 IST)
ജീവിതപങ്കാളി ലിഡിയയെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ഇരുവരുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നു. ഇടത്തരം കുടുംബത്തില്‍ ജനിച്ച താന്‍ സിനിമയിലെത്തിയത് ഏറെ പരിശ്രമിച്ച ശേഷമാണെന്നും തനിക്ക് സിനിമയോടുള്ള ഇഷ്ടം മനസിലാക്കി ലിഡിയ എപ്പോഴും ഒപ്പം നിന്നിട്ടുണ്ടെന്നും പഴയൊരു അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞിട്ടുണ്ട്. 
 
തനിക്ക് പെട്ടെന്ന് മൂഡ് സ്വിങ് വരുമെന്നും അപ്പോഴെല്ലാം ലിഡിയയാണ് ഒപ്പം നിന്നതെന്നും ടൊവിനോ പറഞ്ഞു. എന്ന് നിന്റെ മൊയ്തീനില്‍ അഭിനയിക്കുന്നതിനു മുന്‍പ് വരെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആ സമയത്ത് ലിഡിയ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അപ്പോഴെല്ലാം താന്‍ ഏറെ വേദനിച്ചിട്ടുണ്ടെന്നും പിന്നീട് എന്ന് നിന്റെ മൊയ്തീന് ശേഷമാണ് തനിക്ക് കൂടുതല്‍ സിനിമകള്‍ ലഭിക്കാന്‍ തുടങ്ങിയതെന്നും ടൊവിനോ പറഞ്ഞു. 
 
ടൊവിനോ-ലിഡിയ പ്രണയം പൂവിട്ടത് ഇങ്ങനെ 

പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ടൊവിനോയും ലിഡിയയും പ്രണയിച്ചു തുടങ്ങുന്നത്. പിന്നീട് ആ പ്രണയം വിവാഹത്തിലേക്ക് എത്തി. തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും എന്നും ഒപ്പമുണ്ടായിരുന്ന ആളാണ് ലിഡിയയെന്ന് ടൊവിനോ പല വേദികളിലും പറഞ്ഞിട്ടുണ്ട്. 
 
പ്ലസ് വണ്ണിന് വെവ്വേറെ ഡിവിഷനുകളിലായിരുന്നു ടൊവിനോയും ലിഡിയയും പഠിച്ചിരുന്നത്. മലയാളം ക്ലാസ് ഇരുവര്‍ക്കും ഒരുമിച്ചായിരുന്നു. മലയാളം ക്ലാസിന്റെ സമയത്ത് ലിഡിയ ടൊവിനോയുടെ ക്ലാസിലേക്ക് വരും. ഒരിക്കല്‍ മലയാളം ടീച്ചര്‍ വിദ്യാര്‍ഥികളോട് മലയാളം അക്ഷരമാല എഴുതാന്‍ പറഞ്ഞു. മലയാളത്തില്‍ നല്ല മാര്‍ക്കുള്ളവര്‍ക്ക് പോലും എഴുതാന്‍ കിട്ടുന്നില്ല. തനിക്കും മലയാളം അക്ഷരമാല തെറ്റാതെ എഴുതാന്‍ സാധിച്ചില്ലെന്ന് ടൊവിനോ പറയുന്നു. ആ സമയത്ത് എതിര്‍വശത്തുള്ള ബഞ്ചില്‍ ഒരു പെണ്‍കുട്ടി മലയാളം അക്ഷരമാല എഴുതി കഴിഞ്ഞ് കൈയും കെട്ടി ഇരിക്കുന്നത് കണ്ടത്. ലിഡിയയായിരുന്നു അത്. കോപ്പിയടിക്കാന്‍ ഉത്തര പേപ്പര്‍ നല്‍കുമോ എന്ന് ടൊവിനോ ലിഡിയയോട് ചോദിച്ചു. ടൊവിനോയ്ക്ക് ലിഡിയ തന്റെ ഉത്തര പേപ്പര്‍ നല്‍കി. അന്ന് മുതല്‍ ആരംഭിച്ച സൗഹൃദമാണ് പിന്നീട് പ്രണയമായതെന്നും വിവാഹത്തില്‍ എത്തിച്ചേര്‍ന്നതെന്നും ടൊവിനോ പങ്കുവച്ചു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article