മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. സ്റ്റാർ ആയി തിളങ്ങി തുടങ്ങിയ സമയത്തെ മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് സിനിമാപ്രവർത്തകർക്കെല്ലാം അറിയാവുന്നതാണ്. കാലം കടന്നുപോകുന്തോറും മമ്മൂട്ടിയുടെ ദേഷ്യപ്പെടുന്ന ആ സ്വഭാവത്തിലും സ്വാഭാവികമായ മാറ്റങ്ങൾ വന്നു. ഇന്ന് മമ്മൂട്ടി ഒരു ദേഷ്യക്കാരൻ ആണെന്ന് ആരും പറയില്ല. അടുത്തറിയുമ്പോഴാണ് മമ്മൂട്ടി പാവമാണെന്ന് മനസിലാവുക എന്നാണ് ഇന്ന് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നവർ പറയുന്നത്.
യഥാർഥത്തിൽ, ദേഷ്യം വരുമ്പോൾ തമാശ പറയുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടിയെന്ന് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കൈരളി ടിവിയുടെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസൻ ഈ തുറന്നുപറച്ചിൽ നടത്തിയത്. ഒരു ആരാധകന്റെ ചോദ്യം മമ്മൂട്ടിയെ ദേഷ്യം പിടിപ്പിച്ചതും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രീനിവാസൻ ഓർമിപ്പിക്കുന്നത്. ശ്രീനിവാസന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
ഒരിക്കൽ ഒരു ആരാധകൻ പുള്ളിയോട് ചോദിച്ചു, 'മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ സിനിമകളിൽ അഭിനയിച്ച് ഇങ്ങനെ ലക്ഷങ്ങൾ വാങ്ങിക്കൊണ്ടിരിക്കുകയല്ലോ. ഈ പണമൊക്കെ എന്താണ് ചെയ്യുന്നത്?' ആ ചോദ്യം സ്വാഭാവികമായി ആർക്കും ഇഷ്ടപ്പെടില്ല. മമ്മൂട്ടിയെപ്പോലുള്ള ഒരാൾക്ക് ഒട്ടും ഇഷ്ടപ്പെടില്ല. അപ്പോൾ മമ്മൂട്ടി നൽകിയ ഉത്തരമാണ് ഏറെ ശ്രദ്ധേയമായത്.
'ഈ കിട്ടുന്ന പണമൊക്കെ ഇങ്ങനെ അടുക്കി വെക്കും. ഓരോ മാസവും കഴിയുന്തോറും ഇത് വലിയ ഒരു തുകയാകുമല്ലോ. അങ്ങനെ പഴയ കടലാസിന്റെ വിലയ്ക്ക് വാങ്ങാൻ വരുന്നവർക്ക് തൂക്കി വിൽക്കും. എന്നിട്ട് അതിൽനിന്ന് കിട്ടുന്ന കാശുകൊണ്ട് ഞാൻ ഭക്ഷണമൊക്കെ കഴിച്ച് പോകും', എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത്തരത്തിൽ ദേഷ്യം വന്നാൽ വലിയ തമാശ പറയുന്ന വ്യക്തിയാണ് അദ്ദേഹം.