12 വർഷമായി ഒരു ബ്ലോക്ക്ബസ്റ്റർ കിട്ടിയിട്ട്, കൈവിട്ട താരസിംഹാസനം നേടിയെടുക്കാൻ സൂര്യയ്ക്കാകുമോ?

നിഹാരിക കെ.എസ്

ശനി, 17 മെയ് 2025 (17:25 IST)
നടൻ സൂര്യയ്ക്ക് ഒരു ബോക്സ് ഓഫിസ് ഹിറ്റ് കിട്ടിയിട്ട് ഏകദേശം 12 വര്ഷങ്ങളാകുന്നു. തുടക്കകാലത്ത് ഏറെ പരിഹാസങ്ങൾ താണ്ടിയാണ് സൂര്യ ഇന്നത്തെ നിലയിലെത്തിയത്. ബോഡി ഷെയിമിങ്ങും, അഭിനയശൈലിയുടെയും, നൃത്തത്തിലുള്ള പരിചയക്കുറവിന്റെയും പേരിലുള്ള പരിഹാസങ്ങളും, തുടക്കകാലത്ത് അയാൾ നേരിട്ടു. എന്നാൽ നന്ദ, കാക്ക കാക്ക എന്നീ ചിത്രങ്ങളിലൂടെ തന്നിലെ നടനെ അടയാളപ്പെടുത്താൻ സൂര്യയ്ക്ക് സാധിച്ചു. ഗജനിയിലൂടെ താരപദവി ഉയർന്നു. സിംഗം എന്ന ചിത്രം സൂര്യയെ ഒരു സ്റ്റാർ ആക്കി.  
 
എന്നാൽ പിന്നീട് തമിഴ് സിനിമാലോകവും, ആരാധകരും കണ്ടത് ഒരിക്കൽ കമൽ ഹാസന്റെ പിൻഗാമി എന്നറിയപ്പെട്ട സൂര്യയുടെ വലിയ പതനമാണ്. തുടർച്ചയായി ചെയ്യുന്ന ചിത്രങ്ങളെല്ലാം പരാജയമായി മാറി. വിജയ്, അജിത് തുടങ്ങിയ താരങ്ങളുടെ കണ്ടുമടുത്ത ശൈലിയിലേക്ക് സൂര്യയും കൂപ്പുകുത്തി. ആ യാത്രയിൽ എപ്പോഴോ സൂര്യയ്ക്ക് തന്റെ താരസിംഹാസനം നഷ്ടമായി. 
 
സൂര്യയുടെ സിനിമ തിരഞ്ഞെടുപ്പിൽ അതൃപ്തനായ ഒരു നിരൂപകൻ, കമൽ ഹാസന് പകരക്കാരൻ ആവാൻ കഴിവുണ്ടായിട്ടും, ഇയാൾ എന്തിനാണ് രജനികാന്ത് ആവാൻ ശ്രമിക്കുന്നത്? എന്ന് ഒരു ടെലിവിഷൻ പരിപാടിയിൽ ചോദിച്ചിരുന്നു. അത് തന്നെയാണ് സൂര്യയുടെ കരിയറിൽ യഥാർത്ഥത്തിൽ സംഭവിച്ചതും. 2010 മുതൽ നടനാകാൻ ശ്രമിക്കാതെ താരമാകാൻ ശ്രമിച്ചതാണ് സൂര്യയ്ക്ക് സംഭവിച്ച മണ്ടത്തരം. തുടർച്ചയായ പരാജയങ്ങൾക്കിടെ, 2020ൽ ഒ.ടി.ടി. റിലീസ് ആയി എത്തിയ സുധ കൊങ്കരയുടെ സൂററൈ പോട്രു എന്ന ചിത്രത്തിലൂടെ തന്നിലെ നടൻ കൈമോശം വന്നിട്ടില്ല എന്ന് സൂര്യ തെളിയിച്ചു. ജയ് ഭീം അത് അടിവരയിടുകയും ചെയ്തു. 
 
ഇന്ന് സോഷ്യൽ മീഡിയയിൽ സൂര്യ ആരാധകരും, സിനിമ പ്രേമികളും ഒരുപോലെ ചർച്ച ചെയ്യുന്ന ഒന്നാണ്, നടന് തന്റെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരോടുള്ള അകൽച്ച. പാൻ ഇന്ത്യൻ സിനിമ ട്രെൻഡിനെ പിന്തുടർന്ന് സൂര്യ അഭിനയിച്ച കങ്കുവ, റെട്രോ എന്നിവ എല്ലാം പരാജയ ചിത്രങ്ങളായി മാറി. ഇനിയൊരു തിരിച്ചുവരവ്, ഒരു ബോക്സോഫീസ് ഹിറ്റ് സൂര്യയ്ക്ക് സാധ്യമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍