തമിഴ് സിനിമാപ്രേക്ഷകര്‍ക്ക് 90കള്‍ മുതല്‍ തങ്ങളുടെ പ്രശാന്ത് നീലും രാജമൗലിയുമെല്ലാം ശങ്കര്‍ ഷണ്‍മുഖം എന്ന ഒരൊറ്റ പേര് മാത്രമായിരുന്നു. തമിഴ് സിനിമയ്ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമയ്ക്ക് തന്നെ ബ്രഹ്മാണ്ഡ സിനിമകള്‍ എന്നാല്‍ എന്താണെന്ന് കാണിച്ചുതന്നത് ശങ്കര്‍ എന്ന ടെക്‌നീഷ്യന്‍ തന്നെയായിരുന്നു. ആദ്യ സിനിമയായ ജെന്റില്‍ മാന്റെ തകര്‍പ്പന്‍ വിജയത്തോട് കൂടി തന്നെ തമിഴകത്തെ ഏറ്റവും വിലപ്പെട്ട സംവിധായകനായി മാറിയ ശങ്കര്‍ ഏതാണ്ട് 2 പതിറ്റാണ്ടോളം ആ സിംഹാസനത്തില്‍ തന്നെയായിരുന്നു.
1993ലായിരുന്നു ജെന്റില്‍മാന്‍ എന്ന സിനിമയിലൂടെ ശങ്കര്‍ സ്വതന്ത്ര്യ സംവിധായകനായത്. 1994ല്‍ കാതലന്‍, 1996ല്‍ ഇന്ത്യന്‍ എന്നീ സിനിമകളിലൂടെ ഇന്ത്യയാകെ ചര്‍ച്ചയാകാന്‍ ശങ്കറിനായി. 1998ല്‍ ജീന്‍സ്, 1999ല്‍ അര്‍ജുന്‍ നായകനായ മുതല്‍വന്‍ എന്നീ സിനിമകളിലൂടെ ഹിറ്റ് സംവിധായകന്‍, ബ്രഹ്മാണ്ഡ സംവിധായകന്‍ എന്നീ ലേബലുകളിലേക്ക് ശങ്കര്‍ മാറി. 2003ല്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന സിനിമ പരാജയമായി മാറിയെങ്കിലും ഈ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 2007ല്‍ വിക്രമിനെ നായകനാക്കി ഇറക്കിയ അന്യന്‍ എന്ന സിനിമ ദക്ഷിണേന്ത്യയാകെ തരംഗമായി മാറി. ഇതിന് പിന്നാലെ രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ശിവാജിയും വലിയ വിജയമായി. 2010ല്‍ രജനീകാന്തിനെ നായകനാക്കിയ എന്തിരന്‍ അന്ന് വരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്തെറിഞ്ഞ സിനിമയായിരുന്നു. എന്നാല്‍ ഈ സിനിമയുടെ വിജയത്തിന് ശേഷം സംവിധായകനെന്ന നിലയില്‍ ശങ്കറിന്റെ ഗ്രാഫ് താഴുന്നതിനാണ് ലോകം സാക്ഷിയായത്.
Shankar, Director
2012ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം നന്‍പന്‍ വിജയമായെങ്കിലും ഇത് ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയുടെ റീമേയ്ക്കായിരുന്നു. 2015ല്‍ വമ്പന്‍ ഹൈപ്പിലെത്തിയ ഐയ്ക്ക് സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ വിജയമായെങ്കിലും 2018ല്‍ പുറത്തുവന്ന എന്തിരന്‍ 2 കെട്ടുറപ്പില്ലാത്ത തിരക്കഥയുടെയും മറ്റും പേരില്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. 2010 വരെ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പേരായിരുന്ന ശങ്കറിന്റെ വീഴ്ച്ചയ്ക്ക് പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം.
Shankar, Sujatha
1993ല്‍ തന്റെ ആദ്യ സിനിമയായ ജെന്റില്‍ മാന്‍ മുതല്‍ എന്തിരന്‍ വരെ ശങ്കര്‍ സിനിമകളുടെ നട്ടെല്ലായി നിന്നത് എഴുത്തുകാരനായ സുജാത രംഗരാജന്‍ എന്ന സുജാതയുടെ കെട്ടുറപ്പുള്ള തിരക്കഥയും സംഭാഷണങ്ങളുമായിരുന്നു. 2008ല്‍ സുജാത അന്തരിച്ചിരുന്നെങ്കിലും എന്തിരന്‍ സിനിമയ്ക്ക് പിന്നില്‍ സുജാതയും ഭാഗമായിരുന്നു. സുജാതയുടെ ചെറുകഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു എന്തിരന്‍ ഉണ്ടായത് തന്നെ. 2008ല്‍ സുജാത മരണപ്പെട്ടതോടെ ശങ്കര്‍ സിനിമകളുടെ തിരക്കഥയുടെയും സംഭാഷണങ്ങളുടെയും കരുത്ത് തന്നെ നഷ്ടമായി. ഇത് വ്യക്തമാക്കുന്നതാണ് തുടര്‍ന്ന് വന്ന ശങ്കര്‍ സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍.
അധികകാലവും വിജിലാന്റെ എന്ന തീമില്‍ മാത്രം സിനിമകള്‍ ചെയ്തിട്ടും ശങ്കര്‍ സിനിമകള്‍ക്ക് വിജയമാവാന്‍ സാധിച്ചത് വൈകാരികമായും പ്രേക്ഷകനോട് കണക്ട് ചെയ്യാന്‍ ഈ സിനിമകള്‍ക്ക് സാധിച്ചു എന്നതിനാലാണ്. അന്യനിലും എന്തിരനിലുമെല്ലാം ഈ എലമെന്റ് വ്യക്തമായിരുന്നു. ഈ കെട്ടുറപ്പാണ് സുജാതയുടെ മരണത്തോടെ ശങ്കര്‍ സിനിമകള്‍ക്ക് നഷ്ടമായത്. വിജയമായിരുന്നെങ്കിലും എന്തിരന്‍ 2വിന്റെ എഴുത്ത് വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെട്ടത്. സമാനമായ പ്രതികരണമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടുള്ള ഇന്ത്യന്‍ 2 സിനിമയ്ക്കും ലഭിക്കുന്നത്.