ആരും വിളിക്കാതെയായി, പുറത്തിറങ്ങാറില്ല, ജീവിതം നിശബ്ദമായെന്ന് മോഹൻസിത്താര

അഭിറാം മനോഹർ

വ്യാഴം, 11 ജൂലൈ 2024 (21:54 IST)
Mohan sithara
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പല ഗാനങ്ങളും സമ്മാനിച്ച സംഗീത സംവിധായകനാണെങ്കിലും കഴിഞ്ഞ 10 വര്‍ഷക്കാലത്തിന് മുകളിലായി മോഹന്‍സിത്താര സംഗീതം ചെയ്തുകൊണ്ട് ഒരു സിനിമയും പുറത്തുവന്നിട്ടില്ല. റിയാലിറ്റി ഷോകളില്‍ പോലും മോഹന്‍സിത്താരയുടെ സാന്നിധ്യം ഇല്ലാതെയായതോടെ മലയാളികള്‍ തങ്ങളുടെ മറവിയിലേക്ക് അയാളെ പറഞ്ഞയച്ചിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തനിക്ക് ചുറ്റും എപ്പോഴും ആള്‍ക്കൂട്ടമുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്കൊരു മോശം സമയം ഉണ്ടായപ്പോള്‍ ആരും കൂടെയുണ്ടായില്ലെന്നും മോഹന്‍സിത്താര ഒരു അഭിമുഖത്തിനിടെ പറഞ്ഞത് അടുത്തിടെയാണ്.
 
 ഇപ്പോഴിതാ നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് മോഹന്‍സിത്താര. അതിനെ പറ്റി പറയുമ്പോള്‍ തൊണ്ടയിടറി മാത്രമാണ് മോഹന്‍സിത്താരയ്ക്ക് പറയാനാകുന്നത്. 2013ല്‍ പുറത്തീറങ്ങിയ അയാള്‍ എന്ന സിനിമയിലാണ് മോഹന്‍സിത്താര അവസാനമായി സംഗീതം ചെയ്തത്. പിന്നെ ചില വര്‍ക്കുകള്‍ ചെയ്‌തെങ്കിലും പഴയ പ്രതാപം കൈമോശം വന്നതോടെ ആരും വിളിക്കാതെയായി. പതിയെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതും നിര്‍ത്തി. ജീവിതം തന്നെ നിശബ്ദമായി. ആര്‍ക്കും വേണ്ടാതായി എന്ന തോന്നല്‍ വന്നപ്പോള്‍ അസുഖബാധിതനായെന്നും മോഹന്‍സിത്താര പറയുന്നു.
 
 തിരിച്ചുവരവില്‍ എഴുത്തോല എന്ന സിനിമയുടെ സംഗീതമാണ് മോഹന്‍സിത്താര ചെയ്യുന്നത്. കൈതപ്രമാണ് വരികള്‍ എഴുതുന്നത്. സുരേഷ് ഉണ്ണികൃഷ്ണനാണ് സിനിമയുടെ സംവിധായകന്‍. സംഗീത സംവിധാന രംഗത്തേക്ക് മോഹന്‍സിത്താര തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മകനും ഗായകനുമായ അവിന്‍ മോഹനും മോഹന്‍ സിത്താരയ്ക്ക് ഒപ്പമുണ്ട്. 2013ല്‍ പുറത്തിറങ്ങിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയില്‍ സൂപ്പര്‍ ഹിറ്റായ വെയില്‍ചില്ല പൂക്കും നാളില്‍ എന്ന ഗാനത്തിന് സംഗീതം നല്‍കി ജ്യോത്സനയ്‌ക്കൊപ്പം പാടിയത് അവിനാണ്. കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം എന്നീ സിനിമകള്‍ക്ക് വേണ്ടിയും അവിന്‍ സംഗീതം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍