ഏഴാം വയസ്സില്‍ അച്ഛന്റെ ആത്മഹത്യ, ജീവന്‍ പോലും നഷ്ടമാകുമായിരുന്ന അപകടം, ഇപ്പോള്‍ മകളുടെ ആത്മഹത്യ ഹൃദയം തകര്‍ന്ന് വിജയ് ആന്റണി
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. ഇന്ന് രാവിലെയാണ് മകള്‍ മീരയെ ചെന്നൈ ആള്‍വാര്‍പേട്ടിലെ വീട്ടില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയ് ആന്റണിയായിരുന്നു പുലര്‍ച്ചെ മൂന്ന് മണിയോടെ മകളെ ഫാനില്‍ തൂങ്ങിമരിച്ച്ച നിലയില്‍ കണ്ടെത്തിയത്. പൊതുവേദികളിലെല്ലാം തന്നെ ആത്മഹത്യ പ്രവണതയുള്ളവര്‍ക്ക് സ്ഥിരമായി സന്ദേശം നല്‍കുന്ന വ്യക്തിയാണ് വിജയ് അന്റണി.
ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ ആത്മഹത്യ ചെയ്തതായിരുന്നു അതിന് കാരണം. അഭിമുഖങ്ങളിലും പൊതുവേദികളിലുമെല്ലാം തന്നെ ആത്മഹത്യയെ പറ്റി വിജയ് ആന്റണി മനസ്സ് തുറന്ന് സംസാരിക്കുക പതിവാണ്. അച്ഛന്റെ ആത്മഹത്യയെ പറ്റി ഒരു പൊതുവേദിയില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. എന്തെല്ലാം ജീവിതത്തില്‍ നേരിടേണ്ടീ വന്നാലും ആത്മഹത്യ മാത്രം ചെയ്യരുത്. ആത്മഹത്യ ചെയ്തവരുടെ കുഞ്ഞുങ്ങളുടെ അവസ്ഥയിലാണ് എനിക്ക് ഏറ്റവും വിഷമം തോന്നാറുള്ളത്. എനിക്ക് 7 വയസ്സ് മാത്രമുള്ളപ്പോഴാണ് എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തത്. നിങ്ങളെ സംബന്ധിച്ച് അത് വലിയ കാര്യമാവില്ല. പക്ഷേ അച്ഛന്‍ മരണപ്പെട്ട് 7 വയസ്സുള്ള എന്നെയും 5 വയസ്സുള്ള പെങ്ങളെയും വളര്‍ത്താന്‍ അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ജീവിതത്തിലെ പല പ്രതിസന്ധികളുടെ ആഴത്തെ പറ്റി എനിക്കറിയാം.പക്ഷേ ആത്മഹത്യയെ പറ്റി ഒരിക്കലും ചിന്തിക്കരുത്.
അടുത്തിടെ പിച്ചൈക്കാരന്‍ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പറ്റിയ അപകടത്തില്‍ മരണത്തിന് മുന്നില്‍ കണ്ട സ്ഥലത്ത് നിന്നും രക്ഷപ്പെട്ടാണ് വിജയ് ആന്റണി വീണ്ടും സിനിമയില്‍ സജീവമായത്. സിനിമയില്‍ തിരക്കേറി വരുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തിനെ നുറുക്കികൊണ്ട് മകളുടെ മരണവാര്‍ത്തയും എത്തിയിരിക്കുന്നത്. മകള്‍ മീര കഴിഞ്ഞ കുറച്ച് കാലമായി മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മീരയെ കൂടാതെ ലാറ എന്നൊരു മകള്‍ കൂടി വിജയ് ആന്റണിയ്ക്കുണ്ട്.