Thallumaala Review: യൂത്തിന്റെ പള്‍സ് അറിഞ്ഞ് പെരാരിയും ഖാലിദും, കസറി ടൊവിനോ; തിയറ്ററുകളില്‍ ആഘോഷത്തിമിര്‍പ്പ്

ശനി, 13 ഓഗസ്റ്റ് 2022 (11:20 IST)
Thallumaala Review: 'യൂത്തിനെ ലക്ഷ്യംവെച്ച് മാത്രം തയ്യാറാക്കിയ ഒരു സിനിമ' തല്ലുമാലയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പടം മൊത്തം തല്ലാണ്. വന്നവരും പോയവരും കലിപ്പ് തീരുവോളം തല്ലി. ഒടുവില്‍ തിയറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് പോലും അങ്ങോട്ടും ഇങ്ങോട്ടും തല്ലാന്‍ തോന്നി ! അതിശയോക്തി പറഞ്ഞതല്ല, സംഗതി സത്യമാണ്. എല്ലാ അര്‍ത്ഥത്തിലും വേറൊരു 'വൈബ്' ആണ് ഈ സിനിമ. അതുകൊണ്ട് തന്നെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ചിത്രം രസിപ്പിക്കുന്നില്ല. 
 
ഒരു ഓളത്തിനിരുന്ന് കാണാനുള്ള എല്ലാ വകയും ഈ ചിത്രത്തിലുണ്ട്. മുഹ്‌സിന്‍ പെരാരിയുടെ കഥയും ഖാലിദ് റഹ്മാന്റെ സംവിധാനവും ലക്ഷ്യംവെച്ചിരിക്കുന്നത് യൂത്ത് ഓഡിയന്‍സിനെ മാത്രമാണ്. തിയറ്ററിനുള്ളില്‍ പിള്ളേര് ആഘോഷിക്കട്ടെ എന്ന് മാത്രമാണ് തല്ലുമാലയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ മനസ്സില്‍ വിചാരിച്ചിരിക്കുന്നത്. 
 
പ്രത്യേകിച്ച് കഥയൊന്നും ഇല്ലാത്ത സിനിമ. എന്തിനാണ് ഇവരൊക്കെ തല്ലുന്നത് എന്ന് ചോദിച്ചാല്‍ അതിന് പോലും നമുക്ക് കൃത്യമായ ഉത്തരം കിട്ടണമെന്നില്ല. പക്ഷേ സിനിമയില്‍ ആസ്വദിക്കാനുള്ളത് ആ തല്ലാണ്. ആ തല്ലുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പൈസ വസൂല്‍ ! നോണ്‍ ലീനിയറായാണ് ചിത്രം മുന്നോട്ടു പോകുന്നത്. ടൊവിനോ തോമസിന്റെ അഴിഞ്ഞാട്ടമാണ് പടത്തില്‍ മുഴുവന്‍ കാണുന്നത്. പലയിടത്തും ടൊവിനോയേക്കാള്‍ സ്‌കോര്‍ ചെയ്ത് കയ്യടി വാരിക്കൂട്ടുന്നുണ്ട് ലുക്ക്മാന്‍. 
 
എല്ലാം മറന്ന് തിയറ്ററിലിരുന്ന് ആഘോഷിക്കാന്‍ നിങ്ങള്‍ക്കൊരു സിനിമ വേണമെങ്കില്‍ ധൈര്യമായി തല്ലുമാലയ്ക്ക് ടിക്കറ്റെടുക്കാം. കളര്‍ഫുള്‍ ആയ ഫ്രെയ്മുകള്‍ നിങ്ങളിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തും. ആട്ടവും പാട്ടും വെടിക്കെട്ടും എല്ലാം കഴിഞ്ഞ് ഒരു ഉത്സവപ്പറമ്പില്‍ നിന്ന് ഇറങ്ങിപ്പോന്ന പ്രതീതിയായിരിക്കും സിനിമ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക. 
 
റേറ്റിങ്: 3/5 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍