നിങ്ങളുടെ മക്കള്‍ 'തൊപ്പി'യുടെ യുട്യൂബ് വീഡിയോ കാണുന്നുണ്ടോ? മാതാപിതാക്കള്‍ ശ്രദ്ധിക്കുക

ചൊവ്വ, 20 ജൂണ്‍ 2023 (09:18 IST)
ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ യുട്യൂബറാണ് 'തൊപ്പി'. നിഹാദ് എന്നാണ് തൊപ്പിയുടെ യഥാര്‍ഥ പേര്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബഴേസ് തൊപ്പിയുടെ യുട്യൂബ് ചാനലിനുണ്ട്. 'mrz thoppi' എന്നാണ് കണ്ണൂര്‍ സ്വദേശിയായ നിഹാദിന്റെ യുട്യൂബ് ചാനലിന്റെ പേര്. ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. 
 
സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്‌സിക് ആയുമാണ് തൊപ്പി തന്റെ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തൊപ്പിയുടെ വീഡിയോ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം മോശമാകുന്നതിലേക്ക് പോലും ഇത് നയിക്കുന്നു. തുടര്‍ച്ചയായി മോശം വാക്കുകള്‍ ഉപയോഗിക്കുക, പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, ടോക്‌സിക് മനോഭാവം എന്നിവയെല്ലാം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് തൊപ്പിയുടെ വീഡിയോ. തൊപ്പിയുടെ വീഡിയോ കണ്ട് നിരവധി കുട്ടികളാണ് വഴി തെറ്റുന്നതെന്ന് അധ്യാപകര്‍ അടക്കം പറയുന്നു. 
 
സോഷ്യല്‍ മീഡിയയില്‍ ഒരു അധ്യാപകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്‌കൂള്‍ തുറന്നത് മുതല്‍ 3-7 ക്ലാസുകളിലെ ആണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ വലിയ വ്യത്യാസം കാണുന്നുണ്ടെന്നും അന്വേഷിച്ചപ്പോള്‍ അത് തൊപ്പിയുടെ വീഡിയോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണെന്നും മനസിലായെന്ന് അധ്യാപകന്‍ പറയുന്നു. ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളോട് വളരെ മോശമായാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടി പോലും സംസാരിക്കുന്നതെന്നാണ് ഈ അധ്യാപകന്‍ പറയുന്നത്. 
 
90 ശതമാനം ആണ്‍കുട്ടികളുടെയും സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണ് തൊപ്പി എന്നയാള്‍ യുട്യൂബ് വീഡിയോയില്‍ സ്ഥിരം പങ്കുവെയ്ക്കുന്നത്. സ്ത്രീകളെ ലൈംഗിക വസ്തു മാത്രമായി അവതരിപ്പിക്കുന്നു. തൊപ്പിയുടെ ഇത്തരം വീഡിയോ കണ്ടതിനു ശേഷമാണ് ആണ്‍കുട്ടികളുടെ സ്വഭാവം മാറി തുടങ്ങിയതെന്നാണ് അധ്യാപകന്റെ വാക്കുകള്‍. മറ്റ് സ്‌കൂളിലെ അധ്യാപകരും ഇതേ അഭിപ്രായം പറയുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അധ്യാപകന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍