തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ അന്തരിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (10:19 IST)
തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ (രാമസാമി) അന്തരിച്ചു. 85 വയസ്സായിരുന്നു.ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം എല്ലാവരുടെയും ചുണ്ടില്‍ ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങളുണ്ട്. മമ്മൂട്ടിയുടെ മൗനം സമ്മതം എന്ന സിനിമയിലെ 'കല്ല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍നിലാ' എന്ന് തുടങ്ങുന്ന പാട്ട് മലയാളികളും ഏറ്റെടുത്തു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ ആയിരുന്നു അന്ത്യം.
 
നൂറില്‍ കൂടുതല്‍ തമിഴ് സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 1968 ല്‍ എം.ജി.ആറിന്റെ 'കുടിയിരുന്ത കോയില്‍' എന്ന സിനിമയ്ക്ക് പാട്ടുകളെഴുതിയാണ് അദ്ദേഹം സിനിമ ജീവിതം ആരംഭിച്ചത്. 'നാന്‍ യാര്‍ നീ യാര്‍' എന്ന ഗാനമായിരുന്നു ഈ സിനിമയ്ക്ക് വേണ്ടി എഴുതിയത്. 50 കൊല്ലത്തോളം സിനിമയില്‍ സജീവമായിരുന്നു. തമിഴ് സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്കും വേണ്ടി അദ്ദേഹം പാട്ടുകളെഴുതി. ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനികാന്ത്, വിജയ് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ പുലമൈ പിത്തന്‍ എഴുതിയ പാട്ടുകള്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍