Stunt master Raju's death: സ്റ്റണ്ട് മാസ്റ്റർ രാജുവിന്റെ മരണം: ആര്യയും വിജയ്‍യും വിളിച്ചു, മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, ധനസഹായം നൽകി സിമ്പു

നിഹാരിക കെ.എസ്

ചൊവ്വ, 22 ജൂലൈ 2025 (12:22 IST)
പാ രഞ്ജിത് സംവിധാനം ചെയ്ത് ആര്യ നായകനാകുന്ന വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജ് മരണപ്പെട്ടിരുന്നു. സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇത് തമിഴകത്ത് ഏറെ ചർച്ചയായി. സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെ സംബന്ധിച്ച ചർച്ചയ്ക്ക് മോഹൻരാജിന്റെ മരണം ഒരു കാരണമായി. ഇതിന് പിന്നാലെ ബോളിവുഡിൽ അക്ഷയ് കുമാർ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കിയത് വലിയ വാർത്തയായിരുന്നു. 
 
ഇപ്പോഴിതാ മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. സ്റ്റണ്ട് മാസ്റ്റർ സിൽവയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ആര്യ, വിജയ്, സിമ്പു, സൂര്യ തുടങ്ങിയവർ സംഭവം നടന്നപ്പോൾ തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെന്ന് സിൽവ പറയുന്നു.
 
'മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. എസ്ടിആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ട്,' സിൽവ പറഞ്ഞു.
 
പാ രഞ്ജിത്ത്-ആര്യ സിനിമയിലെ കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. എസ്‌യുവി അതിവേഗത്തിൽ ഓടിച്ചുവന്ന് റാമ്പിൽ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തിൽ പെടുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍