'ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു'; 6 വർഷത്തിന് ശേഷം ലക്ഷ്മിയുടെ അഭിമുഖം

നിഹാരിക കെ എസ്

ബുധന്‍, 11 ഡിസം‌ബര്‍ 2024 (09:35 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ വീണ്ടും അന്വേഷണം വേണമെന്നും അത് കൊലപാതകമാണെന്നും ആരോപിച്ച് മാതാപിതാക്കൾ രംഗത്ത് വന്നു. പരോക്ഷമായും അല്ലാതെയും അവർ ലക്ഷ്മിക്കെതിരെ പലതവണ വിമർശനമുന്നയിച്ചു. ലക്ഷ്മി വിളിക്കാറില്ലെന്നും ഫോൺ വിളിച്ചാൽ എടുക്കില്ലെന്നുമായിരുന്നു ഇവരുടെ ആരോപണം.

ബാലഭാസ്കറിന്റെ കൂടെ കൂടിയിരുന്നവരൊക്കെ അദ്ദേഹത്തെ ഒരു പണച്ചാക്ക് ആയിട്ട് മാത്രമായിരുന്നു കണ്ടിരുന്നതെന്നായിരുന്നു മാതാപിതാക്കളുടെ വിമർശനം. ഇതിനിടെ, അപകടത്തിനിടയാക്കിയ സമയം വാഹനം ഓടിച്ച ഡ്രൈവർ അർജുൻ കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി. 
 
ഈ സംഭവവികാസങ്ങൾക്കിടെയാണ് ലക്ഷ്മി ആദ്യമായി അഭിമുഖം നൽകുന്നത്. ബാലുവും മകളും ഇല്ലെന്നുള്ള റിയാലിറ്റിയിലേക്കെത്താൻ വർഷങ്ങളെടുത്തുവെന്ന് ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു. ബാലുവിനെ കുറിച്ചുള്ള ഓർമകളും അപകടം നടന്ന ദിവസമുണ്ടായ സംഭവങ്ങളും ലക്ഷ്മി ഓർത്തെടുത്തു. യാത്ര അപ്രതീക്ഷിതമായിരുന്നില്ലെന്നും നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. കൂടാതെ, ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ പോരാൻ തന്നെയായിരുന്നു തീരുമാനിച്ചതെന്നും അവിടെ സ്റ്റേ ചെയ്യാൻ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. 
 
സംഭവങ്ങളിൽ വ്യക്തത വരുത്തിയെങ്കിലും വിവാദമായ ചില ആരോപണങ്ങളിൽ ലക്ഷ്മി വ്യക്തത വരുത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.  താങ്ങായും തണലായും 20 വർഷത്തോളം കൂടെയുണ്ടായിരുന്ന ഭർത്താവിനെയും 15 വർഷത്തിലധികം കാത്തിരുന്ന് കിട്ടിയ മകളെയും നഷ്ടപ്പെട്ട ലക്ഷ്മിക്ക് ഇനി ആരെയും സംരക്ഷിക്കേണ്ടതില്ലെന്നും ഒന്നിനും അവരെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും ചിലർ പറയുന്നുണ്ട്.

എന്നാൽ, അപ്പോഴും സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ലക്ഷ്മിയോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്. ഇതുവരെ വ്യക്തത വരാത്ത ഈ ചോദ്യങ്ങളിൽ ലക്ഷ്മിയോ ലക്ഷ്മിയോടടുത്ത വൃത്തങ്ങളോ ക്യത്യമായ മറുപടി എന്നെങ്കിലും നൽകുമോ എന്നാണ് ഇവരുടെ ചോദ്യം.

ബാല ഭാസ്കറിന്റെ മരണത്തിൽ മാതാപിതാക്കൾ ആരോപിച്ചതും മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചോദ്യങ്ങളിൽ പലതും 'വിവാദ വിഷയങ്ങളിൽ ലക്ഷ്മി എന്തുകൊണ്ട് കൃത്യമായ മറുപടി നൽകിയില്ല' എന്നാണ്. 

തങ്ങൾ പ്രണയിച്ച് വിവാഹിതരായവരാണെന്നും തങ്ങളുടെ ബന്ധം ബാലുവിന്റെ മാതാപിതാക്കൾ അംഗീകരിച്ചിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ഒരു തവണ മാത്രമാണ് തങ്ങൾ ബാലുവിന്റെ വീട്ടിൽ പോയിരുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി. ഇതോടെ, പ്രണയിച്ചു വിവാഹം കഴിച്ചു എന്ന കാരണം കൊണ്ട് ഇത്രകാലം ഒരു പെൺകുട്ടിയെ സ്വീകരിച്ചില്ല എന്ന് കേൾക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
 
'സുഖമില്ലാത്ത മോൾ ഉണ്ടെന്ന് കരുതി മോനെയും ഭാര്യയെയും വീട്ടിൽ കയറ്റുന്നതിൽ എന്താ കുഴപ്പം.. പാവം അന്ന് സപ്പോർട്ടിനു ബാലു എങ്കിലും ഉണ്ടായിരുന്നു. ഇന്ന് ആരുമില്ലാതെ എല്ലാവരും ഈ പാവത്തിനെ കുറ്റം പറയുന്നു. ലക്ഷ്മി ഫേക്ക് ആണെന്ന് പറയുന്നവർ എന്തുകൊണ്ടാണ് മനസിലാക്കാത്തത്. കാത്തിരുന്നു കിട്ടിയ പിഞ്ചു കുഞ്ഞിനെ അപകടപ്പെടുത്തി കൊണ്ട് ആരെങ്കിലും പണം നേടാൻ നോക്കുമോ? ഒടുക്കം ഭർത്താവും മോളും മരിച്ചിട്ട് ആരോരുമില്ലാതെ ഇങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുമോ? മുന്നിൽ ഒരു ലൈഫ് ഇല്ലാതെ എന്തിനാണ് പണം. ജീവിച്ചിരിക്കുമ്പോൾ മോന്റെയും ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ ജീവിക്കാൻ ആഗ്രഹിക്കാതെ ഇപ്പൊ അന്വേഷിക്കാൻ പോയിട്ട് എന്ത് കാര്യം.. ലക്ഷ്മിയെ കുറ്റപ്പെടുത്തുന്നവർ ഒന്നോർത്തു നോക്കിയെ..നമുക്ക് ഇങ്ങനെ ഒരവസ്ഥ വന്നാൽ നമ്മൾ താങ്ങുമോ?
 
സ്വന്തം ഭർത്താവിനെയും, വർഷങ്ങൾ കാത്തിരുന്നു ജന്മം കൊടുത്ത പൊന്നുകുഞ്ഞിനേയും നഷ്ടപ്പെട്ട്ശരീരത്തിൽ ഒരായിരം മുറിവുകളും, വേദനകളുമായി ഇന്നും  ആശുപത്രിയിൽ കയറി ഇറങ്ങുന്ന ഈ സ്ത്രീയെ കുറ്റം പറയുന്ന ആളുകൾക്ക് ദൈവം ഉത്തരം കൊടുക്കട്ടെ... ലക്ഷ്മി ഒരുപാട് ദൂരത്തു നിന്നും താങ്കളെ മനസിലെ പ്രാർത്ഥനയിൽ എന്നും ഓർത്തുകൊണ്ട്....എല്ലാവിധ പിന്തുണയും, ആശംസകളും നേരട്ടെ.... ബാലുവിന്റെയും, കുഞ്ഞിന്റെയും ഓർമ്മകൾ എന്നും പ്രിയപ്പെട്ട ലക്ഷ്മിക്ക് ഉന്മേഷം തരട്ടെ', പോസിറ്റിവ് ആയ കമന്റുകൾ സോഷ്യൽ മീഡിയയിൽ എങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍