Balabhaskar Accident: ലക്ഷ്മിയോളം നഷ്ട്ടം മറ്റാർക്കും ഇല്ല, എന്നിട്ടും അവരെ സമൂഹം വേട്ടയാടുന്നു!

നിഹാരിക കെ എസ്

ബുധന്‍, 11 ഡിസം‌ബര്‍ 2024 (09:00 IST)
വയലിനിസ്റ്റ് ബാലഭാസ്കറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഭാര്യ ലക്ഷ്മിക്ക് ഇതുവരെ മോചനം ഉണ്ടായിട്ടില്ല. 6 വർഷത്തോളമെടുത്തു ലക്ഷ്മിക്ക് മാധ്യമങ്ങളെ ഫേസ് ചെയ്യാൻ. ആറ് വർഷവും ലക്ഷ്മിക്ക് നേരെ ആരോപണവും സംശയമുനകളുമായിരുന്നു. ഇക്കാലയളവിൽ മുറതെറ്റിക്കാതെ ബാലഭാസ്കറിന്റെ അച്ഛനും അമ്മയും ബാലുവിന്റെ മരണത്തിൽ സംശയമുണ്ടെന്നും അത് കൊലപാതകമാണെന്നുമൊക്കെ ആരോപിച്ച് പല തവണ രംഗത്ത് വന്നു. 
 
ബാലുവിന്റെ മാതാപിതാക്കളുടെ ആരോപണങ്ങൾ പലപ്പോഴും വിരൽ ചൂണ്ടിയിരുന്നത് ലക്ഷ്മിയിലെക്കായിരുന്നു. അറിഞ്ഞോ അറിയാതെയോ ലക്ഷ്മിക്ക് പങ്കുണ്ടെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ലക്ഷ്മി മറയ്ക്കുന്നുണ്ടെന്നുമായിരുന്നു ഉയർന്ന ആരോപണം. ഒടുവിൽ ഇന്നലെ ലക്ഷ്മി മനസ് തുറന്നു. ബാലഭാസ്കറിന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും അത് തീർത്തും അപ്രതീക്ഷിതമായ ഒരു വാഹനാപകടം ആയിരുന്നുവെന്നും ലക്ഷ്മി വിവരിക്കുന്നു. 
 
അപകടം നടക്കുമ്പോൾ ബാലഭാസ്കർ പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്നുവെന്ന് പറഞ്ഞ ലക്ഷ്‌മി, താനും കുഞ്ഞും മുൻസീറ്റിൽ ആയിരുന്നെന്നും വെളിപ്പെടുത്തി. വണ്ടി ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്നാണ് ലക്ഷമിയുടെ മൊഴി. ഇക്കാര്യത്തിൽ അർജുൻ പലതവണ മൊഴി മാറ്റിയെങ്കിലും ലക്ഷ്മി തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുകയാണ്. മോഷൻ സിക്ക്നെസ്സ് ഉള്ളതുകൊണ്ടാണ് താൻ മുൻസീറ്റിൽ ഇരുന്നതെന്നും കണ്ണടച്ചായിരുന്നു കൂടുതൽ യാത്ര ചെയ്തിരുന്നതെന്നും ലക്ഷ്മി വ്യക്തമായി പറയുന്നുണ്ട്. 
 
എന്നിട്ടും ഇപ്പോഴും പലരും ലക്ഷ്മിയെ വിചാരണ ചെയ്യുകയാണ്. ഭർത്താവ് പിൻസീറ്റിലും ഭാര്യ ഡ്രൈവർക്കൊപ്പം മുൻസീറ്റിലും - അതിലൊരു പൊരുത്തക്കേടില്ലേ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. ഭർത്താവ് പിൻസീറ്റിൽ ഇരിക്കുമ്പോൾ ഭാര്യ എങ്ങനെയാണ് മുൻസീറ്റിൽ കണ്ണടച്ച് ഇരിക്കുക? അതും രാത്രിയിൽ? എന്നൊക്കെയാണ് സദാചാരവാദികളുടെ ചോദ്യം. ഇക്കൂട്ടർക്ക് മറ്റുള്ളവർ തന്നെ കുറിക്കുകൊള്ളുന്ന മറുപടി നൽകുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍