'ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോള്‍ പുറത്തുണ്ടെന്ന് സിസ്റ്റര്‍മാര്‍ പറഞ്ഞു'; ലക്ഷ്മി

രേണുക വേണു

ബുധന്‍, 11 ഡിസം‌ബര്‍ 2024 (08:14 IST)
Balabhaskar and Lakshmi

വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത് കേരളത്തെ ഏറെ നടുക്കിയ ഒരു വാര്‍ത്തയായിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി വലിയ അപകടത്തെ അതിജീവിച്ച് വളരെ പതുക്കെയാണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വാഹനാപകടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. ബാലഭാസ്‌കറിന്റെ മകള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെനാള്‍ വിദഗ്ധ ചികിത്സയിലായിരുന്നു. തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ലക്ഷ്മി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
തലച്ചോറിനാണു കാര്യമായി പരുക്കേറ്റതെന്നും ദേഹമാസകലം മുറിവുകളും ഒടിവും ഉണ്ടായിരുന്നെന്നും ലക്ഷ്മി പറയുന്നു. കാലിനു ഇപ്പോഴും പ്രശ്‌നമുള്ളതിനാല്‍ ചികിത്സ തുടരുകയാണെന്നും മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു. 
 
' ആശുപത്രിയില്‍ ബോധം തെളിഞ്ഞപ്പോള്‍ കൈകളൊക്കെ ബെഡില്‍ കെട്ടിയിട്ടിരിക്കുകയാണ്. ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോള്‍ എല്ലാവരും പുറത്തുണ്ടെന്നാണ് സിസ്റ്റര്‍മാര്‍ പറഞ്ഞത്. ഏറെനാള്‍ ബാലുവുമായി സംസാരിക്കുന്നത് ഒരു യാഥാര്‍ഥ്യമായി വിശ്വസിച്ചിരുന്നു. പിന്നീടാണ് ബാലുവും മോളും പോയ കാര്യം പറഞ്ഞത്. ഞാനതു വിശ്വസിക്കാതെ കൗണ്‍സിലിങ്ങിനു എത്തിയ സൈക്കോളജിസ്റ്റിനോടു ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു,' ലക്ഷ്മി പറഞ്ഞു. 
 
' പിന്നീട് യാഥാര്‍ഥ്യം മനസ്സിലാക്കിയപ്പോള്‍ വിവാദങ്ങളുടെയും കേസിന്റെയുമെല്ലാം നടുവിലായി. ഇനിയൊരിക്കലും വയലിന്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ബാലുവെന്നാണ് അറിഞ്ഞത്. അങ്ങനെയൊരു അവസ്ഥയെ ഭയപ്പെട്ടിരുന്ന ബാലു അങ്ങനെ ജീവിക്കേണ്ടി വരാത്തതില്‍ സന്തോഷിക്കുന്നുണ്ടാകും. പക്ഷേ ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കിലെന്നേ എന്റെ സ്വാര്‍ഥത ആഗ്രഹിച്ചിട്ടുള്ളൂ,' ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍