1986ൽ രാജാവിന്റെ മകന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാലിന് 26 വയസ്സ്, സ്ഫടികം ചെയ്യുമ്പോള്‍ 35! ഇന്നത്തെ യൂത്തന്മാര്‍ക്ക് ഇതെല്ലാം വെറും സ്വപ്നം മാത്രം

വെള്ളി, 25 ഓഗസ്റ്റ് 2023 (21:11 IST)
മലയാളസിനിമയില്‍ മമ്മൂട്ടി,മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങളുടെ തീപ്പൊരി മാസ് ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ മാസ്സ് കാണിക്കാന്‍ പ്രാപ്തിയുള്ള താരങ്ങള്‍ അധികം ഉണ്ടായിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍ മാസ്സ് നായകനെന്ന ലേബലില്‍ വന്ന കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തതോടെയാണ് സീനിയര്‍ താരങ്ങളുടെ മാസ് കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കാനുള്ള ഒന്നും ചെയ്യാന്‍ പുതിയ താരങ്ങള്‍ക്കാകുന്നില്ലെന്ന വിമര്‍ശനം വീണ്ടും ശക്തമായത്.
 
നാല്‍പ്പത് വയസ്സിനോട് അടുത്ത പ്രായമുള്ള ദുല്‍ഖര്‍ സല്‍മാന് ഇപ്പോഴും കരുത്തരായ മാസ്സ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പരാജയപ്പെടുമ്പോള്‍ വെറും 26 വയസ്സിലാണ് മോഹന്‍ലാല്‍ രാജാവിന്റെ മകനിലൂടെ സൂപ്പര്‍ താരമായതെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. യുവതാരങ്ങളില്‍ പൃഥ്വിരാജ് മാത്രമാണ് മാസ്സ് കൈകാര്യം ചെയ്യുന്നതില്‍ അല്പമെങ്കിലും മികവ് പുലര്‍ത്തുന്നതെന്ന് ആരാധകര്‍ പറയുന്നു.
 
ഡയലോഗ് ഡെലിവറി കൊണ്ടും, ഒറ്റ നോട്ടം കൊണ്ടും മാസ്സ് കാണിക്കാന്‍ നിലവിലെ യൂത്ത് താരങ്ങള്‍ക്ക് ആര്‍ക്കും സാധിക്കുന്നില്ലെന്നും അന്യഭാഷ മാസ്സ് ചിത്രങ്ങള്‍ കേരളത്തില്‍ നിന്നും കോടികള്‍ വാരുമ്പോള്‍ നോക്കുകുത്തിയാകേണ്ട ഗതികേടാണ് മലയാള സിനിമയ്‌ക്കെന്നും ആരാധകര്‍ പറയുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി എന്നീ താരങ്ങള്‍ക്ക് ശേഷം മാസ് സിനിമകൊണ്ട് പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ പുതുമുഖ താരങ്ങള്‍ക്കാകുമോ എന്നതിന് കാലം തന്നെയാണ് മറുപടി നല്‍കേണ്ടത്. ഏതാനും ചിത്രങ്ങള്‍ കൊണ്ട് യുവതാരങ്ങള്‍ സൂപ്പര്‍ താരങ്ങളേക്കാള്‍ സ്വീകാര്യതയുണ്ടെന്ന് പറയുന്നവര്‍ സൂപ്പര്‍ താരങ്ങളായ സീനിയര്‍ താരങ്ങള്‍ യുവതാരങ്ങളുടെ പ്രായമുള്ളപ്പോള്‍ ചെയ്ത് വെച്ച മാസ് സിനിമകളെ പറ്റി അന്വേഷിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നു. 26 വയസ്സില്‍ മോഹന്‍ലാല്‍ രാജാവിന്റെ മകനും 35 വയസ്സില്‍ സ്ഫടികവും 37 വയസ്സില്‍ ആറാം തമ്പുരാനും ചെയ്ത താരമാണ്. അതേ പ്രായത്തില്‍ നിലവിലെ യുവതാരങ്ങളില്‍ പ്രധാനിയായ ദുല്‍ഖര്‍ സല്‍മാന് കൊത്തയിലെ രാജു പോലും കൊക്കിലൊതുങ്ങാത്ത വേഷമാണെന്നും ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍